യുദ്ധം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണി

ഇന്ത്യയെ പോലുള്ള വളര്‍ന്നുവരുന്ന സമ്പദ്്വ്യവസ്ഥക്ക് കനത്ത വെല്ലുവിളിയാണ് പശ്ചിമേഷ്യയിലെ പുതിയ സംഘര്‍ഷം. യുദ്ധം നീണ്ടാല്‍ രാജ്യത്തിന്റെ സമ്പദ്്വ്യവസ്ഥ താളം തെറ്റുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാൾ നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. പ്രധാന ഇന്ത്യന്‍ കയറ്റുമതി വിപണിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. ബസുമതി അരി, ഗോതമ്പ് ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ചായ, പഞ്ചസാര, മാംസം, മുട്ട, പഴവര്‍ഗങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയവക്ക് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ വലിയ വിപണിയുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങളുമായി പോയ പല കപ്പലുകളും കണ്ടയ്‌നറുകളും ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്തെ വിവിധ തുറമുഖങ്ങളില്‍ 60,000 ടണ്‍ ബസുമതി അരി കെട്ടിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ അരി കയറ്റുമതിയില്‍ 90 ശതമാനവും ബസുമതിയാണ്.

ബസുമതി അരി ഏറ്റവും കൂടുതല്‍ കയറ്റിയയക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പുള്ള രണ്ട് മാസത്തില്‍ ഇറാനിലെ വ്യാപാരികള്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ അരിക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ബസുമതിയുടെ വില പത്ത് രൂപയോളം കൂടാനിടയാക്കിയത് ഇറാനില്‍ നിന്നുള്ള വന്‍തോതിലുള്ള ഓര്‍ഡറാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അരിയുടെ കയറ്റുമതി പ്രതിസന്ധിയിലായി. തേയില, മുട്ട, ഉള്ളി തുടങ്ങിയ ഉത്പന്നങ്ങളും കെട്ടിക്കിടക്കുന്നു. യുദ്ധസാഹചര്യത്തില്‍ ചരക്കുനീക്കത്തിനുള്ള കപ്പല്‍ കൂലി ഉയര്‍ന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചെങ്കടല്‍ പാത ഒഴിവാക്കി കപ്പലുകള്‍ ആഫ്രിക്ക ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ യാത്രാ സമയം പത്ത് -പതിനഞ്ച് ദിവസം നീളുന്നതും ഇത് കപ്പല്‍ വാടകയില്‍ വരുത്തുന്ന വര്‍ധനവും മറ്റൊരു പ്രതിസന്ധിയാണ്.

വന്‍കിട കമ്പനികളേക്കാളുപരി പശ്ചിമേഷ്യന്‍ വിപണിയെ ആശ്രയിച്ചു കഴിയുന്ന രാജ്യത്തെ ഇടത്തരം വ്യവസായികളെയാണ് നിലവിലെ പ്രതിസന്ധി കൂടുതല്‍ തളര്‍ത്തുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കയറ്റുമതി മുടങ്ങുന്നതും മേഖലയിലെ ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജോലിയെയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. ഉത്പാദനച്ചെലവ് താങ്ങാനാകാതെ ഇടത്തരം വ്യവസായ യൂനിറ്റുകള്‍ അടച്ചു പൂട്ടേണ്ട സാഹചര്യവും വന്നേക്കാം. യുദ്ധ സാഹചര്യത്തില്‍ കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഏര്‍പ്പെടുത്തിയ “വാര്‍ റിസ്‌ക് സര്‍ചാര്‍ജ്’ കയറ്റുമതിക്കാരുടെ ലാഭവിഹിതത്തില്‍ ഇടിവ് സൃഷ്ടിക്കുകയും ചെയ്യുന്നു.

ക്രൂഡ് ഓയില്‍, പാചകവാതകം, പ്രകൃതിവാതകം തുടങ്ങിയവയുടെ ഇറക്കുമതി തടസ്സപ്പെടുന്നതാണ് ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഇന്ത്യക്കാവശ്യമായ ഇന്ധനത്തില്‍ ഗണ്യഭാഗത്തിന്റെയും ഇറക്കുമതി പശ്ചിമേഷ്യയില്‍ നിന്നായതിനാല്‍ ആ മേഖലയില്‍ അനുഭവപ്പെടുന്ന ചെറിയ ചലനം പോലും സമ്പദ്്വ്യവസ്ഥയില്‍ പ്രതിഫലിക്കും. യുദ്ധപശ്ചാത്തലത്തില്‍ പാചക വാതകത്തിന്റെ വില ശനിയാഴ്ച മുതല്‍ കുത്തനെ കൂട്ടുകയും വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍. ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിന്‍ഡറിന് 60 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന് 115 രൂപയുമാണ് വര്‍ധന. വാണിജ്യ സിലിന്‍ഡറുകളുടെ വിലവര്‍ധന ഹോട്ടലുകള്‍, റെസ്‌റ്റൊറന്റുകള്‍ തുടങ്ങിയവക്ക് തിരിച്ചടിയാകും. ഗാര്‍ഹിക പാചകവില വര്‍ധന കുടുംബ ബജറ്റ് താളം തെറ്റിക്കുകയും ചെയ്യും.

സിറാമിക്‌സ്, ഗ്ലാസ്സ് നിര്‍മാണം, വളം നിര്‍മാണം തുടങ്ങി രാജ്യത്ത് പല വ്യവസായങ്ങള്‍ക്കും ഇന്ധനമായി ഉപയോഗിക്കുന്നത് പ്രകൃതിവാതകമാണ്. വാതക ക്ഷാമവും വിലവര്‍ധനവും ഈ വ്യവസായങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുകയും ആഗോളവിപണിയില്‍ അവയുടെ മത്സരക്ഷമത കുറയ്ക്കുകയും ചെയ്യും. ഖത്വറില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പ്രകൃതി വാതകം വാങ്ങുന്നത്. യുദ്ധപശ്ചാത്തലത്തില്‍ ഖത്വറിലെ പ്രകൃതി വാതകത്തിന്റെ ഉത്പാദനവും വിതരണവും സ്തംഭിച്ച മട്ടാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില ഉയരുമ്പോള്‍ സര്‍ക്കാറിന് സബ്‌സിഡി നിരക്ക് ഉയര്‍ത്തേണ്ടി വന്നാല്‍ പൊതുഖജനാവിനെയും ഇത് ബാധിക്കും. സാധാരണക്കാരന്റെ അടുക്കള മുതല്‍ പൊതുഖജനാവിനെ വരെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ് ഇന്ധന മേഖലയിലെ പ്രതിസന്ധി. ഇന്ധനവില ഉയരുമ്പോള്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും രൂപയുടെ വിലയിടിവ് നേരിടുകയും ചെയ്യും. രൂപ ദുര്‍ബലമാകുന്നത് മറ്റു ഇറക്കുമതി ഉത്പന്നങ്ങളുടെ ചെലവ് വര്‍ധിപ്പിക്കും.

ആഗോള സമ്പദ്്വ്യവസ്ഥ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏതെങ്കിലും ഭാഗത്ത് ഉടലെടുക്കുന്ന സംഘര്‍ഷം ലോകത്തെ എല്ലാ ഭാഗങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചേക്കാം. വിപണിയുടെ വൈവിധ്യവത്കരണമാണ് ഇത്തരം പ്രതിസന്ധികള്‍ അതിജീവിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗം. പശ്ചിമേഷ്യയെ അമിതമായി ആശ്രയിക്കുന്നതിനു പകരം ആഫ്രിക്ക, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളുമായി അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെട്ട് പുതിയ വിപണികള്‍ കണ്ടെത്തേണ്ടതുണ്ട്. കയറ്റുമതി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതും പ്രധാനമാണ്. തുറമുഖങ്ങള്‍, സംഭരണ സംവിധാനം, ഗതാഗത സംവിധാനം തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമാകുമ്പോള്‍ പുതിയ വിപണികളിലേക്കുള്ള മാറ്റം എളുപ്പമാകും.

അന്താരാഷ്ട്ര യുദ്ധത്തിന്റെ പ്രത്യക്ഷ ആഘാതത്തെ കുറിച്ച് ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം ദീര്‍ഘകാല സാമ്പത്തിക തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് യുദ്ധ പ്രതിസന്ധി ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.



source https://www.sirajlive.com/war-threatens-india-39-s-economy.html

Post a Comment

Previous Post Next Post