കോണ്‍ഗ്രസ്സ് നിലപാട് ടീം സ്പിരിറ്റിന് വിരുദ്ധം: ജെ എസ് എസ്

കൊച്ചി | നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച നടപടിയില്‍ പ്രതിഷേധവുമായി ജെ എസ് എസ്. ടീം യു ഡി എഫിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുള്ള നടപടിയല്ല കോണ്‍ഗ്രസിന്റെയും മുന്നണിയുടെയും നേതൃത്വത്തില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ജെ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ അഡ്വ. എ എന്‍ രാജന്‍ ബാബു പറഞ്ഞു.

ഉടുമ്പന്‍ചോല, വൈപ്പിന്‍, അമ്പലപ്പുഴ സീറ്റ് ആവശ്യപ്പെട്ട് യു ഡി എഫ്, കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ക്ക് പാര്‍ട്ടി കത്ത് നല്‍കിയിരുന്നതാണ്. കെ ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ 94 ല്‍ ജെ എസ് എസ് രൂപം കൊണ്ട നാള്‍ മുതല്‍ പാര്‍ട്ടി യു ഡി എഫിന്റെ അവിഭാജ്യഘടകമായിട്ടാണ് നിലകൊള്ളുന്നത്. 2001 ല്‍ അരൂരില്‍ അടക്കം ജെ എസ് എസ് അഞ്ച് സീറ്റില്‍ മത്സരിക്കുകയും നാലിടത്ത് വിജയിക്കുകയും ചെയ്തു. കെ ആര്‍ ഗൗരിയമ്മ അന്നത്തെ എ കെ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയാകുകയും ചെയ്തതാണ്.

പിന്നീട് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞപ്പോഴും യു ഡി എഫിനൊപ്പമാണ് ജെ എസ് എസ് നിലകൊണ്ടത്. ഇതെല്ലാം മറന്നുകൊണ്ടുള്ള നിലാപാടാണ് നിലവിലെ കോണ്‍ഗ്രസ്സ്, യു ഡി എഫ് നേതൃത്വം സ്വീകരിക്കുന്നതെന്നും തുടര്‍ നടപടികള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും രാജന്‍ ബാബു വ്യക്തമാക്കി.

 



source https://www.sirajlive.com/congress-39-s-stance-goes-against-team-spirit-jss.html

Post a Comment

Previous Post Next Post