ഭൂമി വാഗ്ദാനം ചെയ്ത് ഐ എ എസ് ഓഫീസര്‍ 95 ലക്ഷം രൂപ തട്ടിയെടുത്തു; പരാതിയുമായി ഭിന്നശേഷിക്കാരന്‍

ഭുവനേശ്വര്‍ | ഐ എ എസ് ഓഫീസര്‍ വ്യാജ ഭൂമി വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരനായ യുവാവിനെ വഞ്ചിച്ച് 95 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒഡീഷയിലാണ് സംഭവം. സംസ്ഥാനത്തെ ഭവന വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ആരാധനാ ദാസിനെതിരെയാണ് ആരോപണം. പരാതിക്കാരനെ കൊലപ്പെടുത്തുമെന്ന് ആരാധനാ ദാസ് ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. ഭൂമി, ഭവനം ഉള്‍പ്പെടെ വ്യത്യസ്ത വകുപ്പുകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരനായ കമല്‍ കുമാര്‍ ബോസിംഗയാണ് പരാതിക്കാരന്‍. കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റി (സി ഡി എ) മേഖലയില്‍ ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് ഭൂമി നല്‍കാതെയും പണം തിരികെ നല്‍കാതെയും വഞ്ചിക്കുകയായിരുന്നുവെന്നും കമലിന്റെ പരാതിയില്‍ പറയുന്നു.

കമല്‍ കുമാറിന്റെ ഭാര്യ ബീന ബോസിംഗയാണ് ബേങ്ക് ഓഫ് ഇന്ത്യ വഴി രണ്ട് തിയ്യതികളിലായി ആരാധനാ ദാസിന് പണം കൈമാറിയത്. സി ഡി എ ഫേസ് രണ്ട് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂമി വാഗ്ദാനവുമായി ബന്ധപ്പെട്ട് 95 ലക്ഷത്തിന്റെ ഇടപാട് നടന്നതായി പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ആരാധനാ ദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. സര്‍ക്കാര്‍ ജീവനക്കാര്‍/ഐ എസ് ഓഫീസറുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് അനുമതി തേടി സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊതുഭരണ വകുപ്പിനും പോലീസ് കമ്മിഷണറേറ്റ് കത്തയച്ചിട്ടുണ്ട്.

 



source https://www.sirajlive.com/ias-officer-duped-of-95-lakh-by-promising-land-differently-abled-person-files-complaint.html

Post a Comment

أحدث أقدم