അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ്; രാജി ഭീഷണിയുമായി അധ്യാപകര്‍ ഉള്‍പ്പടെ ഏഴ് ജീവനക്കാര്‍

കണ്ണൂര്‍ | അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ കോളേജ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ രാജി ഭീഷണിയുമായി ജീവനക്കാര്‍.

ഓര്‍ത്തോഡോന്റിക്‌സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരുമാണ് രാജി കത്ത് നല്‍കിയത്. അധ്യാപകര്‍ ഉള്‍പ്പടെ ഏഴ് ജീവനക്കാര്‍ കൂട്ടത്തോടെ രാജിക്കത്ത് നല്‍കിയതോടെ ഡിപ്പാര്‍ട്‌മെന്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍ ആയിരിക്കുകയാണ്. എന്നാല്‍ രാജിക്കത്ത് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ല.

കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാര്‍ക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമര്‍ശങ്ങള്‍ നടത്തിയെന്നും നിതിന്‍ വെളിപ്പെടുത്തിയിരുന്നു. നിതിന്‍ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാര്‍ഥികളും ഇത്തരം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു.തുറന്നുപറഞ്ഞാല്‍ നടപടി നേരിടുമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആശങ്ക.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകര്‍ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്.

ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടായ സാഹചര്യത്തിലാണ് ഇപ്പോള്‍ മറ്റ് അധ്യാപകര്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

 



source https://www.sirajlive.com/ancharakandi-dental-college-seven-employees-including-teachers-threaten-to-resign.html

Post a Comment

Previous Post Next Post