കണ്ണൂർ | ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ഇടതുമുന്നണിയെ കണ്ണൂർ, തൃശൂർ ജില്ലകളിലെ സീറ്റ് നേട്ടമാകും തുണക്കുക. എന്നാൽ ഈ രണ്ട് ജില്ലകളിലും കാലിടറിയാൽ തുടർഭരണ സാധ്യതക്ക് അത് തടസ്സമാകുമെന്ന വിലയിരുത്തലിലാണ് ഇടതുകക്ഷികൾ. എല്ലാകാലത്തും ഇടതുമുന്നണിക്ക് നിയമസഭയിൽ ശക്തമായ പ്രാതിനിധ്യം നൽകിയ ജില്ലകളാണ് തൃശൂരും കണ്ണൂരും. തൃശൂരിൽ നിലവിലുള്ള 13 സീറ്റുകളിൽ 12 സീറ്റുകളാണ് എൽ ഡി എഫിനുള്ളത്. കണ്ണൂരിൽ 11ൽ ഒമ്പതിടത്താണ് എൽ ഡി എഫിന്റെ പ്രാതിനിധ്യം.
എന്നാൽ സി പി എമ്മിന് വ്യക്തമായ മേധാവിത്വമുള്ള മണ്ഡലങ്ങളിലുൾപ്പെടെ ഇക്കുറി കടുത്ത മത്സരം നടന്നതാണ് ജയസാധ്യത സംബന്ധിച്ച് ആശങ്കകൾക്കിടയാക്കുന്നത്. നിലവിൽ രണ്ട് ജില്ലകളിലുമുള്ള സിറ്റിംഗ് സീറ്റുകളിൽ ഇളക്കം തട്ടിയാൽ മൂന്നാമൂഴത്തിന് അത് വിഘാതമായേക്കാമെന്ന സൂചന മുതിർന്ന നേതാക്കളുൾപ്പെടെ പങ്കുവെക്കുന്നുണ്ട്. ചാഞ്ചാട്ടസാധ്യതയുള്ള മണ്ഡലങ്ങൾ ഏറെയുള്ള ജില്ല എന്ന നിലക്ക് തൃശൂരിലെ ഫലം അപ്രതീക്ഷിതമായി മാറാൻ സാധ്യതയേറെയാണെന്നാണ് വിലയിരുത്തൽ.
2000 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനും യു ഡി എഫിനും മേൽക്കൈയുണ്ടായിരുന്ന തൃശൂർ ജില്ലയിലെ പല മണ്ഡലങ്ങളും സമീപകാലത്തായാണ് ഇടതുപക്ഷത്തിന് ആധിപത്യം ലഭിക്കുന്ന രീതിയിലേക്ക് പരിണമിച്ചത്.
സി പി ഐക്ക് ഏറ്റവും കൂടുതൽ എം എൽ എമാരുള്ള ജില്ല കൂടിയാണ് തൃശൂർ. 2016ലും 2021ലും ഓരോ സീറ്റ് മാത്രമാണ് യു ഡി എഫിന് ലഭിച്ചത്. ചാലക്കുടി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും എൽ ഡി എഫ് കഴിഞ്ഞതവണ ജയിച്ചുകയറി. എന്നാൽ അത്ര വലിയനേട്ടം ഇത്തവണയുണ്ടാകില്ലെന്ന സൂചനകൾ ഇടതുകേന്ദ്രങ്ങളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, ഒല്ലൂർ, കയ്പമംഗലം, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ എന്നിങ്ങനെ ഏഴ് മണ്ഡലങ്ങളിൽ ഇത്തവണ എൽ ഡി എഫ് വിജയം നൂറുശതമാനം ഉറപ്പിക്കുന്നു. പക്ഷെ മണലൂർ, തൃശൂർ, നാട്ടിക, പുതുക്കാട്, ഗുരുവായൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണെന്നാണ് വിലയിരുത്തൽ. ഇതിൽ തൃശൂർ, മണലൂർ, നാട്ടിക മണ്ഡലങ്ങളാണ് നിർണായകം. അട്ടിമറി സാധ്യതയില്ലെങ്കിലും മന്ത്രി കെ രാജൻ മത്സരിച്ച ഒല്ലൂരും സംസ്ഥാനതലത്തിൽ ഉറ്റുനോക്കുന്ന മണ്ഡലമാണ്.
കണ്ണൂരിൽ ഇരിക്കൂറും പേരാവൂരും ഒഴികെ ഇടതുമുന്നണിക്ക് 60 ശതമാനത്തിനടുത്ത് വോട്ടുകൾ ലഭിക്കുന്ന കല്യാശേരിയും പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, ധർമടം, തലശ്ശേരി, മട്ടന്നൂർ മണ്ഡലങ്ങളും എൽ ഡി എഫ് ഉറപ്പിക്കുന്നുണ്ട്. എന്നാൽ അടിയൊഴുക്കുകളുണ്ടായാൽ അഴീക്കോട്, കണ്ണൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളുടെ നില എന്താകുമെന്ന ആശങ്ക സി പി എമ്മിനുണ്ട്.
വി എസ് സർക്കാറിന്റെ തുടർഭരണ സാധ്യതയില്ലാതാക്കി രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് അധികാരത്തിലെത്തിയ 2011ലെ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലവും കൂത്തുപറമ്പും കൈവിട്ടത് ഇടതു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച ഉറപ്പെന്ന് എൽ ഡി എഫ് ഇപ്പോഴും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഭരണമാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യു ഡി എഫ് നേതാക്കൾ പറയുന്നു. അതിശക്ത തരംഗമുണ്ടായെങ്കിൽ 90 സീറ്റ് കടക്കുമെന്നാണ് യു ഡി എഫ് വാദം.
source https://www.sirajlive.com/if-kannur-and-thrissur-become-strong-they-will-continue-to-rule.html
إرسال تعليق