ഇറാന്‍ തുറമുഖങ്ങള്‍ക്കുമേല്‍ യുഎസ് ഉപരോധം; ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

വാഷിങ്ടണ്‍|ഇറാന്‍ തുറമുഖങ്ങള്‍ക്കുമേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നിരിക്കുകയാണ്. ബെന്റ് ക്രൂഡ് വില ഏഴു ശതമാനം ഉയര്‍ന്ന് 102.29 ഡോളറായി.ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്കില്‍ അടിയന്തരമായി ഉപരോധം ഏര്‍പ്പെടുത്താന്‍ യു എസ് നാവികസേനയ്ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി.

ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്നും ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടയുന്നതിനൊപ്പം ഇറാനു ടോള്‍ നല്‍കി അന്താരാഷ്ട്ര സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും തടയാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി. ഇറാന്‍ കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നശിപ്പിക്കാന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇറാനിലേക്കോ പുറത്തേക്കോ ഉള്ള കപ്പല്‍ ഗതാഗതത്തിന് തിങ്കളാഴ്ച മുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സേനാ വിഭാഗമായ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇറാന്‍ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ല.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയെ പരിഹസിച്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ട്രംപിന്റെ ഭീഷണികള്‍ ചിരിക്കാന്‍ വകയുള്ളതാണെന്ന് നേവി കമാന്‍ഡര്‍ അഡ്മിറല്‍ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങള്‍ ഇറാന്‍ സേന നിരീക്ഷിച്ചുവരികയാണെന്നും ഷഹറാം ഇറാനി വ്യക്തമാക്കി.

 

 



source https://www.sirajlive.com/us-sanctions-on-iranian-ports-crude-oil-prices-soar.html

Post a Comment

Previous Post Next Post