പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

തിരുവനന്തപുരം|നിയമസഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. മോദി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്ത് നടത്തുന്ന റോഡ്ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.

മോദി ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകീട്ട് മൂന്നിന് ചങ്ങനാശേരി കോളജ് ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം തിരുവല്ലയില്‍ എത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകീട്ട് റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എം സി റോഡില്‍ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നരം 6വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജും പരിസരപ്രദേശങ്ങളും ഇന്ന് 12 മണിയോടുകൂടി പോലീസ് നിയന്ത്രണത്തില്‍ ആകും.

 

 



source https://www.sirajlive.com/pm-returns-to-kerala-today-huge-roadshow-in-the-capital.html

Post a Comment

Previous Post Next Post