ഒന്നര പതിറ്റാണ്ടായി സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അടിത്തറ തകര്‍ന്നിരിക്കുകയാണ് വംഗനാട്ടില്‍. 2021ലെ തിരഞ്ഞെടുപ്പില്‍ 213 സീറ്റുകള്‍ നേടിയ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ 80 സീറ്റുകളില്‍ ഒതുക്കി 207 സീറ്റുകള്‍ കൈയടക്കി സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറുകയാണ്. കേവല അധികാരമാറ്റം മാത്രമല്ല, തൃണമൂല്‍ യുഗത്തിന്റെ അന്ത്യം കൂടിയായാണ് തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയുടെ അടിത്തറയായിരുന്ന സ്ത്രീവോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയുമായി അകന്നതായി തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തൃണമൂലിന്റെ അടിസ്ഥാന വോട്ടുകള്‍ ഇനി തിരിച്ചു പിടിക്കുക പ്രയാസകരമായിരിക്കും.
കേരളത്തിലെയും തമിഴ്നാട്ടിലെയും പോലെ ഭരണവിരുദ്ധ വികാരമാണ് ബംഗാളിലും വിധിനിര്‍ണയത്തില്‍ മുഖ്യപങ്ക് വഹിച്ചത്. തുടര്‍ച്ചയായ ഭരണത്തിന്റെ ഫലമായി ടി എം സി സര്‍ക്കാറിന് അനുഭവപ്പെട്ട തളര്‍ച്ച, വികസനത്തിലെ അസമത്വങ്ങള്‍, തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കി. പ്രത്യേകിച്ച് യുവാക്കളുടെ തൊഴില്‍ പ്രതീക്ഷകള്‍ നിറവേറ്റാനാകാത്തത് ഭരണവിരുദ്ധ വികാരം ജ്വലിപ്പിച്ചു. ഇതോടൊപ്പം അധ്യാപക നിയമനം പോലുള്ള അഴിമതിയാരോപണങ്ങളും സര്‍ക്കാറിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. തൃണമൂലിലെ ആഭ്യന്തര പ്രശ്നങ്ങളും തിരിച്ചടിയായി. പ്രാദേശിക നേതാക്കള്‍ക്കിടയിലെ ഭിന്നത, ഗ്രൂപ്പ് രാഷ്ട്രീയം, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസംതൃപ്തി തുടങ്ങിയവ പാര്‍ട്ടിയുടെ സംഘടനാപരമായ കെട്ടുറപ്പിനെ ബാധിച്ചു. ഭരണത്തില്‍ അവിശ്വാസം ഉടലെടുക്കുമ്പോള്‍ ജനങ്ങള്‍ മാറ്റത്തിനാഗ്രഹിക്കുന്നത് സ്വാഭാവികമാണ്.
എസ് ഐ ആറും മുസ്ലിം വോട്ടുകളുടെ വികേന്ദ്രീകരണവും തൃണമൂലിനെ നന്നായി ബാധിച്ചിട്ടുണ്ട്. 2021ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ ഏറെക്കുറെ തൃണമൂല്‍ പക്ഷത്ത് കേന്ദ്രീകരിച്ചിരുന്നു. അതില്‍ നല്ലൊരു പങ്കും എസ് ഐ ആറിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിമാറ്റി. അവശേഷിച്ച മുസ്ലിം വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു പുറമെ ഇടതിനും കോണ്‍ഗ്രസ്സിനും ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിക്കുമിടയില്‍ വിഭജിക്കപ്പെടുകയും ചെയ്തു. ബി ജെ പിയുടെ പാത ഇത് സുഗമമാക്കി. മുര്‍ശിദാബാദ് പോലുള്ള മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മതേതര വോട്ടുകള്‍ ഒന്നിച്ചിരുന്നെങ്കില്‍ ബി ജെ പിക്ക് വിജയം പ്രയാസകരമായിരുന്നുവെന്നാണ് അവിടെ പല മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ലഭിച്ച ശുഷ്‌കിച്ച ഭൂരിപക്ഷം വ്യക്തമാക്കുന്നത്.
മറുവശത്ത് വളരെ ആസൂത്രിതമായാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബൂത്തുതലങ്ങളിലെ സുശക്തമായ സംവിധാനവും കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യവും ശക്തമായ പ്രചാരണ തന്ത്രവും പാര്‍ട്ടിക്ക് കരുത്തായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേരിട്ടുള്ള ഇടപെടലുകളും റാലികളും പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കി. വികസന മുരടിപ്പും ക്രമസമാധാന തകര്‍ച്ചയും ചര്‍ച്ചയാക്കാനും ബി ജെ പിക്ക് സാധിച്ചു. സന്ദേശ്ഖലിയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമവും ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സംഭവവും ചൂണ്ടിക്കാട്ടി തൃണമൂല്‍ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു വരുത്തിത്തീര്‍ക്കാനും ബി ജെ പി കൊണ്ടുപിടിച്ച ശ്രമം നടത്തി. സംസ്ഥാനത്ത് വോട്ടര്‍മാരില്‍ പകുതിയിലേറെ സ്ത്രീകളാണ്. ബംഗാളിന്റെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണങ്ങളും ബി ജെ പിക്ക് അനുകൂലമായ കാറ്റ് വീശാന്‍ സഹായിച്ചു.
അതേസമയം ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണവും കൂടിയാണ് പാര്‍ട്ടിയുടെ വന്‍മുന്നേറ്റത്തിനു പിന്നില്‍. ജനാധിപത്യത്തില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നിരിക്കെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലക്ഷക്കണക്കിനു വോട്ടര്‍മാരെ കമ്മീഷന്‍ വെട്ടിമാറ്റിയത് ബി ജെ പിക്ക് ഗുണകരമായി. ‘ഒരു തവണ വോട്ട് ചെയ്തില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്ലെ’ന്ന നിലപാടിലൂടെ, വെട്ടിമാറ്റിയ വോട്ടര്‍മാരെ തിരഞ്ഞെടുപ്പിനു മുമ്പ് പട്ടികയില്‍ ചേര്‍ക്കാതിരിക്കാനുള്ള കമ്മീഷന്റെ ജനാധിപത്യവിരുദ്ധ നിലപാടിന് പച്ചക്കൊടി കാട്ടിയ സുപ്രീം കോടതിക്കുമുണ്ട് ബി ജെ പിയുടെ വിജയത്തില്‍ പങ്ക്. ഭരണഘടനാ സ്ഥാപനങ്ങളും നീതിന്യായ വ്യവസ്ഥയും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിലനിര്‍ത്തേണ്ട നിഷ്പക്ഷത ഇവിടെ പാലിക്കപ്പെട്ടില്ല.
ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലത്തിലെ ശ്രദ്ധേയമായ ഒരു വശം 2021ല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനും സി പി എമ്മിനും കൈവന്ന പുതുജീവനാണ്. നിലവില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസ്സ് രണ്ട് സീറ്റിലും സി പി എം ഒരു സീറ്റിലും വിജയിച്ചു. മുര്‍ശിദാബാദിലെ ഫറാക്കയിലും റാണിനഗറിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായ മൊതാബ് ശൈഖും സുല്‍ഫിക്കര്‍ അലിയുമാണ് വിജയിച്ചത്. ഡൊങ്കല്‍ മണ്ഡലത്തിലാണ് മുസ്തഫിസുര്‍റഹ്മാനിലൂടെ സി പി എം തിരിച്ചുവരവ് നടത്തിയത്. രാഷ്ട്രീയ നിരീക്ഷകര്‍ ഈ വിജയങ്ങളെ കാണുന്നത് ദീര്‍ഘകാലം ബംഗാള്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സും സി പി എമ്മും കനത്ത പതനത്തില്‍ നിന്ന് കരകയറുന്നതിന്റെ സൂചനകളായാണ്. തൃണമൂല്‍വിരുദ്ധ വോട്ടുകള്‍ ബി ജെ പിയിലേക്ക് മാത്രം പോകാതെ ഒരു ഭാഗം സി പി എമ്മിലും കോണ്‍ഗ്രസ്സിലും എത്തിയത് ഇരുപാര്‍ട്ടികള്‍ക്കും ആശ്വാസമായി. ഇരുപാര്‍ട്ടികളും യോജിച്ചായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നതെങ്കില്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകുമായിരുന്നു. മതേതര സഖ്യങ്ങളിലുണ്ടാകുന്ന ദൗര്‍ഭാഗ്യകരമായ വിള്ളലുകളാണ് പല തിരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ വിജയം സുഗമമാക്കുന്നത്.
source https://www.sirajlive.com/bengal-fruit-raising-questions.html
Post a Comment