ഇറാന്‍ കൈമാറിയ സമാധാന നിര്‍ദേശങ്ങള്‍ ട്രംപ് പൂര്‍ണമായി തള്ളി

വാഷിംഗ്ടണ്‍ | കഴിഞ്ഞ 47 വര്‍ഷമായി ഇറാന്‍ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇനിയും അത് അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി ഇറാന്‍ കൈമാറിയ സമാധാന നിര്‍ദേശങ്ങള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പൂര്‍ണമായും തള്ളി.

ഉപരോധങ്ങള്‍ പിന്‍വലിച്ച് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ട് വെച്ചിരുന്നത്. തങ്ങള്‍ക്കെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ യുറേനിയം സമ്പുഷ്ടീകരണം നിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാമെന്നും 30 ദിവസത്തിനുള്ളില്‍ മരവിപ്പിച്ച ആസ്തികള്‍ കൈമാറി ആണവ ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും ഇറാന്‍ നിര്‍ദ്ദേശിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ പ്രതികരണം തീര്‍ത്തും അസ്വീകാര്യമെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാനെതിരെയുള്ള തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കുള്ള ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ മുന്നോട്ടു വച്ച ഉപാധികള്‍ ഒബാമ ഭരണകാലത്തെപ്പോലെ ഇറാനെ സഹായിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് ട്രംപ്.

ട്രംപിന്റെ കടുത്ത നിലപാടിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളര്‍ കടന്നിരിക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് മൂന്ന് ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്ക മുന്നോട്ട് വെച്ച 14 ഇന നിര്‍ദേശങ്ങള്‍ക്ക് ഇറാന്‍ നല്‍കിയ മറുപടി തള്ളപ്പെട്ടതോടെ മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു.



source https://www.sirajlive.com/trump-rejects-iran-39-s-peace-proposals.html

Post a Comment

أحدث أقدم