എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ തീവ്രശ്രമങ്ങളുമായി വി ഡി സതീശന്‍

കൊച്ചി | മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എ ഐ സി സി നിരീക്ഷകര്‍ ഇന്ന് കോണ്‍ഗ്രസ്സ് എം എല്‍ എമാരെ കണ്ട് അഭിപ്രായമറിയാനിരിക്കെ കൂടുതല്‍ പേരുടെ പിന്തുണ സമാഹരിക്കാനുള്ള തീവ്രശ്രമത്തില്‍ വി ഡി സതീശന്‍. ഇന്നലെ രാവിലെ മുതല്‍ ആലുവയിലെ വീട്ടിലിരുന്ന് എം എല്‍ എമാരുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു അദ്ദേഹം.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എറണാകുളം എം എല്‍ എ. ടി ജെ വിനോദും തൃക്കാക്കരയില്‍ നിന്ന് ജയിച്ച എ ഗ്രൂപ്പിലെ ദീപക് ജോയിയും ഇന്നലെ ആലുവയിലെ വീട്ടിലെത്തി സതീശനെ കണ്ടു. എറണാകുളം ജില്ലയില്‍ ഡി സി സി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസ് മാത്രമാണ് സതീശനെ പിന്തുണക്കാനുള്ളതെന്ന പ്രചാരണത്തിനിടെയാണ് ഇരുവരും സതീശന്റെ വീട്ടിലെത്തിയത്. നിരവധി എം എല്‍ എമാര്‍ ഫോണിലും ആശയവിനിമയം നടത്തി. 25ലേറെ എം എല്‍ എമാര്‍ സമ്പര്‍ക്കത്തിലാണെന്നും അവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുമെന്നുമാണ് സതീശനോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.

എ ഐ സി സി നിരീക്ഷകര്‍ പരസ്യമായി അഭിപ്രായം ചോദിച്ചാല്‍ വി ഡി സതീശനെ പിന്തുണക്കാന്‍ ഭൂരിപക്ഷം എം എല്‍ എമാര്‍ക്കും സാധിക്കാത്ത തരത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ കോണ്‍ഗ്രസ്സില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്. എന്നാല്‍ രഹസ്യമായി അഭിപ്രായം ചോദിച്ചാല്‍ ഭൂരിപക്ഷം എം എല്‍ എമാരും സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. യു ഡി എഫ് നേടിയ വിജയത്തില്‍ വി ഡി സതീശനുള്ള പങ്ക് സംബന്ധിച്ച് എം എല്‍ എമാര്‍ക്കാര്‍ക്കും രണ്ടഭിപ്രായമില്ലെങ്കിലും എല്ലാവരും ഓരോ ഗ്രൂപ്പ് ചേരികളില്‍ നില്‍ക്കുന്നതിനാല്‍ ഗ്രൂപ്പ് ലീഡര്‍മാരോട് കൂറുപുലര്‍ത്താന്‍ ബാധ്യസ്ഥരുമാണ്. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തങ്ങളുടെ വിശ്വസ്തര്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ ഉറപ്പിക്കാന്‍ കെ സി വേണുഗോപാലും വി ഡി സതീശനും തീവ്രശ്രമം നടത്തിയതിന്റെ ഫലമായി സീറ്റ് കിട്ടിയവരാണ് പലരും.

ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഏറ്റവുമധികം തിരിച്ചടിയേറ്റത് വി ഡി സതീശനായിരുന്നു. ഹൈക്കമാന്‍ഡുമായി അടുത്തുനില്‍ക്കുന്ന കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും തങ്ങളുടെ അജന്‍ഡ നടപ്പിലാക്കിയപ്പോള്‍ വി ഡി സതീശന്റെ പട്ടികയിലുണ്ടായിരുന്ന പലരുടെയും പേര് വെട്ടിപ്പോയി. സതീശന്റെ ഏറ്റവുമടുത്ത വിശ്വസ്തനായ മുഹമ്മദ് ഷിയാസിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയ കൊച്ചി സീറ്റാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം തനിക്ക് അനുകൂലമാക്കാന്‍ മറ്റു വഴികളുണ്ടെന്ന ബോധ്യം ഒന്നുകൊണ്ട് മാത്രമാണ് സീറ്റിന്റെ പേരില്‍ കലഹിക്കാതെ സതീശന്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയത്.

എന്നാല്‍ സതീശനെ തഴഞ്ഞാല്‍ അണികള്‍ തെരുവിലിറങ്ങുമെന്ന വ്യക്തമായ സന്ദേശം ഹൈക്കമാന്‍ഡിന് ലഭിച്ചിട്ടുണ്ട്. വി ഡി സതീശന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച ലഭിച്ച സ്വീകരണം ഇതിന്റെ ഉദാഹരണം മാത്രമായിരുന്നു. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ തെരുവിലിറങ്ങി സമരം നടത്തുമെന്ന് സ്വീകരണത്തിനെത്തിയവര്‍ തുറന്നടിച്ചത് അണികളുടെ വികാരം അണപൊട്ടുമെന്നതിന്റെ വ്യക്തമായ സൂചനയായി. ഇന്നലെ പറവൂരില്‍ നല്‍കിയ സ്വീകരണത്തിലും ഇതേ രംഗങ്ങളുടെ ആവര്‍ത്തനമുണ്ടായി. പ്രവര്‍ത്തകരുടെ ആഗ്രഹത്തിന് വിരുദ്ധമായി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വം തീരുമാനിച്ചാല്‍ ആറ് മാസത്തിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. പാര്‍ലിമെന്റ്അംഗത്വം രാജിവെക്കുമ്പോള്‍ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നതും മറ്റൊരു വെല്ലുവിളിയാണ്.

ഇത്തരം വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തിനായി വേണുഗോപാല്‍ കടുത്ത നിലപാട് സ്വീകരിക്കില്ലെന്നാണ് സതീശന്‍ പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

ദീപാ ദാസ് മുന്‍ഷിയില്‍ അവിശ്വാസം; എം എല്‍ എമാരെ തനിച്ചു കാണണം
കൊച്ചി | എ ഐ സി സി നിരീക്ഷകര്‍ എം എല്‍ എമാരെ ഒറ്റക്കൊറ്റക്ക് കണ്ട് അഭിപ്രായമറിയണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ച് വി ഡി സതീശന്‍. എ ഐ സി സി നിരീക്ഷകര്‍ എം എല്‍ എമാരെ കാണുമ്പോള്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉള്‍പ്പെടെ ഉണ്ടാകരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെ സി വേണുഗോപാലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യം നിലപാട് സ്വതന്ത്രമായി അറിയിക്കുന്നതില്‍ നിന്നും എം എല്‍ എമാരെ പിന്തിരിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒറ്റക്കൊറ്റക്ക് നിരീക്ഷകര്‍ എം എല്‍ എമാരെ കണ്ടാല്‍ ഭൂരിപക്ഷം പേരും തന്റെ പേര് തന്നെ പറയുമെന്ന ആത്മവിശ്വാസമാണ് സതീശനുള്ളത്. ഇക്കാര്യത്തില്‍ എ ഐ സി സി എടുക്കുന്ന നിലപാട് നിര്‍ണായകമാകും.

നിയമസഭാകക്ഷി യോഗത്തില്‍ എം എല്‍ എമാരെ ഒരുമിച്ച് കണ്ട് അഭിപ്രായം തേടാനാണ് തീരുമാനിക്കുന്നതെങ്കില്‍ കൂടുതല്‍ പേരും കൈപൊക്കുക വേണുഗോപാലിനും ചെന്നിത്തലക്കും വേണ്ടിയായിരിക്കുമെന്നുറപ്പാണ്.

ഹൈക്കമാന്‍ഡ് നീക്കം കൃത്യതയോടെ
ന്യൂഡല്‍ഹി | കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കൃത്യതയോടെയുള്ള നീക്കവുമായി കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തിനായി വി ഡി സതീശന് പുറമെ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും രംഗത്തെത്തിയതോടെയാണ് കൃത്യമായ നീക്കങ്ങള്‍ നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെത്തിയ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഇന്നലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍, എം എല്‍ എമാരുടെ മനസ്സ് കൃത്യമായി അറിയണമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ തങ്ങളുടെ വാദങ്ങള്‍ ഉന്നയിച്ചെങ്കിലും വിഷയത്തില്‍ ഹൈക്കമാന്‍ഡിന് തീരുമാനം എടുക്കാമെന്ന് ചെന്നിത്തലയും കെ സി വേണുഗോപാലും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ തന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല ഖാര്‍ഗെയെ ഒറ്റക്ക് കണ്ട് അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞതവണ പാര്‍ട്ടി പറഞ്ഞതുകൊണ്ട് മാറിനിന്നതാണെന്നും ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, എം എല്‍ എമാരുടെ ഭൂരിപക്ഷ പിന്തുണ ചൂണ്ടിക്കാണിച്ചാണ് കെ സി വേണുഗോപാല്‍ അവകാശവാദം ഉന്നയിക്കുന്നത്. കെ സി വേണുഗോപാലിനായി ചില എം പിമാരും ഹൈക്കമാന്‍ഡിന് മുന്നില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്്. ഡല്‍ഹിയിലെത്തിയില്ലെങ്കിലും ഹൈക്കമാന്‍ഡിന് മുന്നില്‍ മറ്റു വഴികളിലൂടെയുള്ള സമ്മര്‍ദതന്ത്രം തുടരുകയാണ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് വിജയം തന്റെ പ്രവര്‍ത്തനമികവിന്റെ ബലത്തിലാണെന്നാണ് വി ഡി സതീശന്‍ അവകാശപ്പെടുന്നത്. സോണിയാഗാന്ധിക്ക് ഇ-മെയില്‍ അയച്ചും മറ്റുമാണ് വി ഡി സതീശന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുള്ളത്. തന്റെ അവകാശവാദങ്ങള്‍ ഹൈക്കമാന്‍ഡിനെ സതീശന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.ഇതോടെയാണ് എം എല്‍ എമാരുടെ മനസ്സ് നേരിട്ടറിയണമെന്ന് രാഹുല്‍ ഗാന്ധി നിരീക്ഷകര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിരീക്ഷകരായി നിയമിച്ച മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ എന്നിവര്‍ ഇന്നലെ സംസ്ഥാനത്തെത്തി. ഇന്ന് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഓരോ എം എല്‍ എയുമായി നേരിട്ട് സംസാരിക്കാനാണ് നിരീക്ഷകരുടെ തീരുമാനം.

 

 

 



source https://www.sirajlive.com/vd-satheesan-is-making-strenuous-efforts-to-secure-the-support-of-mlas.html

Post a Comment

أحدث أقدم