ദുബൈ വാഹനാപകടം: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ

ദുബൈ| ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ.

അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികൾ ഉൾപ്പെടെ പരുക്കേറ്റ ഒൻപത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.അപകടത്തിൽപ്പെട്ട മുഴുവൻ രാജ്യക്കാരുടെയും കുടുംബങ്ങളിലേക്ക് ഈ സഹായം എത്തിക്കും. ഒരുപാട് പ്രതീക്ഷകളോടെയും ഉത്തരവാദിത്തങ്ങളോടെയുമാണ് ഇവർ പ്രവാസലോകത്ത് എത്തിയത്. സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ മരണത്തിന്റെ നഷ്ടം നികത്താനാവില്ലെങ്കിലും ഈ പ്രയാസകരമായ ഘട്ടത്തിൽ അവരുടെ കുടുംബങ്ങൾക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി.

ദുബൈ  ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസ് സാങ്കേതിക തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ഏഴ് പേരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ പൗരനുമാണ്. മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാനയിൽ നിന്നുമുള്ളവരുമാണ്. പരുക്കേറ്റ ഒൻപത് പേരിൽ എട്ട് പേർ ഇന്ത്യക്കാരാണ്. ഇതിൽ രണ്ട് മലയാളികളും ഉൾപ്പെടും. ഒരാൾ നേപ്പാൾ സ്വദേശിയാണ്. പരുക്കേറ്റവരിൽ അഞ്ച് പേർ ഇതിനകം ആശുപത്രി വിട്ടു. മൂന്ന് ഇന്ത്യക്കാർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മുൻപും ദുരന്തമുഖത്ത് അടിയന്തര സഹായങ്ങളുമായി ഡോ. ഷംഷീർ മുന്നോട്ടുവന്നിട്ടുണ്ട്. മുൻപ് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്ത മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 6 കോടി രൂപയുടെ സഹായം അദ്ദേഹം കൈമാറിയിരുന്നു.

Content Highlights:
Dr Shamsheer Vayalil announced a rehabilitation package of 2.6 crore rupees for the victims of the Dubai Emirates Road accident. The package includes financial aid for the families of the seven deceased and emergency medical funds for nine injured workers. The initiative is coordinated with the Indian Consulate in Dubai to support families from India Sri Lanka and Nepal.

 



source https://www.sirajlive.com/dr-shamsheer-vayalil-announces-rehabilitation-package-for-dubai-emirates-road-accident-victims.html

Post a Comment

أحدث أقدم