ഈ പച്ചപ്പ് നിലനില്‍ക്കട്ടെ

ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി കേവലം സാമ്പത്തികമോ രാഷ്ട്രീയമോ ആയ തകര്‍ച്ചകളല്ല, നാം ശ്വസിക്കുന്ന വായുവിനെയും ചവിട്ടിനില്‍ക്കുന്ന മണ്ണിനെയും വിഴുങ്ങിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയാണ്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തിന്റെ നാശവുമെല്ലാം നമ്മെ തുറിച്ചു നോക്കുന്ന യാഥാര്‍ഥ്യമാണ്. മനുഷ്യന്റെ അനിയന്ത്രിതമായ അത്യാഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് ഇവയെല്ലാം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേവലമൊരു ശാസ്ത്രീയ വിശകലനത്തിലോ പ്രതീകാത്മക ദിനാചരണങ്ങളിലോ ഒതുങ്ങിക്കൂടാ എന്ന് പറയുന്നത് ഇക്കാരണത്താലാണ്. പലപ്പോഴും നമ്മുടെ പാരിസ്ഥിതിക ആലോചനകള്‍ക്ക് അതിനപ്പുറത്തേക്ക് വികാസം സംഭവിക്കുന്നില്ല എന്നൊരു ദുരവസ്ഥ ആഗോളതലത്തില്‍ തന്നെയുണ്ട്. സിദ്ധാന്തങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കും ആഹ്വാനങ്ങള്‍ക്കും അപലപനങ്ങള്‍ക്കും അപ്പുറത്ത്, മനുഷ്യന്റെ അസ്തിത്വത്തെയും പ്രപഞ്ച വീക്ഷണത്തെയും കുറിച്ചുള്ള ആഴമേറിയ ദാര്‍ശനികവും ആത്മീയവുമായ പുനര്‍വിചിന്തനമായി മാറേണ്ടതുണ്ട് ഈ ദിനാചാരണം.

ഇസ്ലാമിക നൈതികതയും തത്ത്വചിന്തയും ഈ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നത് തികച്ചും സൗമ്യവും എന്നാല്‍ അങ്ങേയറ്റം ക്രിയാത്മകവുമായ ഒരു ആത്മീയ പരിസരത്ത് നിന്നാണ്. പ്രകൃതിയെ മനുഷ്യന്റെ ആധിപത്യത്തിന് കീഴിലുള്ള വെറുമൊരു കമ്പോളച്ചരക്കായി കാണുന്ന ആധുനിക ഉപഭോഗ സംസ്‌കാരത്തിന് പകരമായി, പ്രകൃതിയെ പവിത്രവും ജൈവികവുമായ ഒരു സഹജീവി വ്യവസ്ഥയായി കാണുന്ന ഇസ്ലാമിക പാരിസ്ഥിതിക ദര്‍ശനം ഏറെ പ്രസക്തമാണ്. ഇസ്ലാമിക പാരിസ്ഥിതിക ദര്‍ശനത്തിന്റെ കാതല്‍ പ്രപഞ്ചം കൃത്യമായ ഒരു ക്രമത്തിലും സമതുലിതാവസ്ഥയിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ബോധ്യമാണ്. മനുഷ്യന്‍ തന്റെ സ്വാര്‍ഥതക്കായി ഈ സമതുലിതാവസ്ഥയില്‍ വിള്ളലുണ്ടാക്കുമ്പോള്‍, പ്രകൃതിയുടെ താളം തെറ്റുന്നു എന്നതിനോടൊപ്പം തന്റെ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്്ച വരുത്തുക കൂടിയാണ്. പ്രകൃതിയിലുണ്ടാകുന്ന ഏതൊരു ആഘാതവും പ്രപഞ്ചത്തിന്റെ ഈ ജൈവഗീതത്തിന് ഏല്‍ക്കുന്ന മുറിവാണ്.

സൂഫിവര്യന്മാരുടെയും തത്ത്വചിന്തകരുടെയും വായനയില്‍ പ്രകൃതി എന്നത് ജീവനില്ലാത്ത വസ്തുക്കളുടെ ഒരു കൂട്ടമല്ല. പച്ചപ്പിന്റെ ഓരോ തളിരിലയിലും ഒഴുകുന്ന പുഴകളിലും മലനിരകളുടെ ഗാംഭീര്യത്തിലും സ്രഷ്ടാവിന്റെ അസ്തിത്വത്തിന്റെ വലിയ അടയാളങ്ങള്‍ പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. പ്രകൃതിയോടുള്ള ഇസ്ലാമിന്റെ സമീപനം അതുകൊണ്ട് തന്നെ സവിശേഷവുമാണ്.

ആധുനിക പാരിസ്ഥിതിക തകര്‍ച്ചയുടെ പ്രധാന കാരണം മനുഷ്യകേന്ദ്രീകൃതമായ അഹന്തയാണ്. താനെന്ന ലോകത്തിനപ്പുറം മറ്റുള്ളവരെ കൂടി കാണാന്‍ ശ്രമിക്കുന്നവര്‍ക്കേ സംരക്ഷണത്തിന്റെ പൊരുള്‍ കാണാനാകൂ. മനുഷ്യന്‍ ഭൂമിയുടെ യജമാനനല്ല. ഓരോ കാലത്തെയും പ്രതിനിധ്യം നിര്‍വഹിച്ച് അടുത്ത തലമുറയിലേക്ക് കൈമാറേണ്ട സൂക്ഷിപ്പ് സ്വത്ത് മാത്രമാണ് ഓരോ വിഭവവും. ഒരു കാവലാളുടെ സവിശേഷമായ നിര്‍വഹണ ദൗത്യമാണ് അവന്‍ പൂര്‍ത്തീകരിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍, ഭൂമിയും അതിലെ സകല വിഭവങ്ങളും മനുഷ്യന് തന്നിഷ്ടം പോലെ നശിപ്പിക്കാന്‍ നല്‍കിയതല്ല. മറിച്ച് വരുംതലമുറകള്‍ക്ക് കൂടി വിശ്വസ്തതയോടെ കൈമാറാന്‍ ഏല്‍പ്പിച്ച വലിയൊരു ഉത്തരവാദിത്വമാണ്.

വിനിയോഗം എന്നതിനേക്കാള്‍ വിതരണം എന്ന തത്ത്വമാണ് മനുഷ്യന്‍ ജീവിതം കൊണ്ട് ഏറ്റെടുക്കേണ്ട ദൗത്യം. ഈ തത്ത്വമനുസരിച്ച്, പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം മനുഷ്യനുണ്ടെങ്കിലും, അത് നശിപ്പിക്കാനുള്ള അധികാരം അവനില്ല. അവന്‍ വിനീതനായ ഒരു കാവല്‍ക്കാരന്‍ മാത്രമാണ്. ‘തീര്‍ച്ചയായും ഈ ലോകം മനോഹരവും പച്ചപ്പുള്ളതുമാണ്. നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാന്‍ വേണ്ടി, അല്ലാഹു നിങ്ങളെ അതില്‍ കാവല്‍ക്കാരാക്കിയിരിക്കുന്നു’ എന്ന പ്രവാചകരുടെ പാഠം ഇതോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഇത് ബോധ്യമാകും. ഭൂമിയിലുള്ള പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ളതല്ല, മറിച്ച് പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം ചേര്‍ന്ന് സംരക്ഷിക്കാനുള്ളതാണെന്ന ഉന്നതമായ ഉത്തരവാദിത്വബോധം മനുഷ്യനില്‍ ഉണ്ടാകേണ്ടതുണ്ട്.

ഭയപ്പെടുത്തുന്ന പാരിസ്ഥിതിക മുദ്രാവാക്യങ്ങള്‍ക്കപ്പുറം, അങ്ങേയറ്റം പ്രായോഗികവും സൗമ്യവുമായ ജീവിതചര്യകളിലൂടെയാണ് പ്രകൃതിസംരക്ഷണത്തെ നാം സമീപിക്കേണ്ടത്. ഉപഭോഗാസക്തിയെ നിയന്ത്രിക്കാതെ പ്രകൃതിയെ വീണ്ടെടുക്കാനാകില്ല. ആഗ്രഹങ്ങളെ ലളിതമാക്കാനും ആവശ്യങ്ങളെ മാത്രം പുണരാനുമാണ് ഒരാള്‍ പഠിക്കേണ്ടത്. ആത്മീയതയുടെ അന്തസ്സത്തയാണത്. ഒഴുകുന്ന വലിയൊരു നദിയുടെ തീരത്ത് നിന്നാണ് ഒരാള്‍ അംഗസ്നാനം (ആരാധനക്കായുള്ള ശുദ്ധി) വരുത്തുന്നതെങ്കില്‍ പോലും വെള്ളം അനാവശ്യമായി പാഴാക്കരുതെന്ന പ്രവാചക കല്‍പ്പന മിതത്വത്തിന്റെ ഏറ്റവും വലിയ പാഠമാണ്. ജലം എന്നത് ജീവന്റെ ആധാരമാണെന്നും അതില്‍ ഓരോ തുള്ളിയും പവിത്രമാണെന്നും ഓര്‍മപ്പെടുത്തലാണ് അതിന്റെ ആന്തരിക മൂല്യം. ‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും’ എന്ന പ്രവാചക വചനം മനുഷ്യരിലേക്ക് മാത്രം പരിമിതപ്പെട്ടതല്ല. മൃഗങ്ങള്‍, പക്ഷികള്‍, ചെടികള്‍ തുടങ്ങിയ സകല ചരാചരങ്ങളിലേക്കും നീളുന്ന സാര്‍വലൗകികമായ കാരുണ്യത്തിന്റെ പ്രഖ്യാപനമാണത്.

ഇസ്ലാമിന്റെ പാരിസ്ഥിതിക ദര്‍ശനം പൂര്‍ണമായും നിര്‍മാണാത്മകവും പ്രത്യാശാനിര്‍ഭരവുമാണ്. ലോകാവസാനത്തിന്റെ കഠിനമായ നിമിഷങ്ങളില്‍ പോലും നമ്മെ കര്‍മമോത്സുകരാക്കാന്‍ പ്രവാചക വചനങ്ങള്‍ക്കാകുന്നുണ്ട്. ‘നിങ്ങളിലൊരാളുടെ കൈയില്‍ ഒരു ഈന്തപ്പനത്തൈ ഇരിക്കെയാണ് അന്ത്യനാള്‍ സംഭവിക്കുന്നതെങ്കില്‍, അത് നടാന്‍ അവന് സാധിക്കുമെങ്കില്‍ അവന്‍ അത് നടട്ടെ’ എന്ന് പ്രോത്സാഹനം നല്‍കുന്ന നബി തങ്ങളെ നമ്മള്‍ കാണുന്നുണ്ട്. സര്‍വനാശത്തിന്റെ തൊട്ടുമുന്നിലും ഒരു തൈ നടുക എന്നത് അതിശയിപ്പിക്കുന്ന ഒരു താത്ത്വിക ചിന്തയാണ്. അത് നാളെയെക്കുറിച്ചുള്ള പ്രത്യാശയുടെയും കര്‍മങ്ങളുടെ നൈരന്തര്യത്തിന്റെയും അടയാളമാണ്. നാം നട്ടുപിടിപ്പിക്കുന്ന ഒരു മരത്തിന്റെ തണലില്‍ ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ വിശ്രമിക്കുകയോ അതില്‍ നിന്ന് ആഹരിക്കുകയോ ചെയ്താല്‍ അത് ആ വ്യക്തിക്ക് പരലോകത്ത് പുണ്യമായി (സ്വദഖ) ഭവിക്കുമെന്ന ദര്‍ശനം പരിസ്ഥിതി പ്രവര്‍ത്തനത്തെ ഒരു ആത്മീയ കര്‍മമാക്കി മാറ്റുന്നു.

ഈ പരിസ്ഥിതി ദിനത്തില്‍ ഔപചാരികമായ മരത്തൈ നടലുകളില്‍ നിന്നും പരിസര ശുചീകരണ പ്രചാരണ പരിപാടികളില്‍ നിന്നും ദാര്‍ശനികമായും പ്രായോഗികമായും മുന്നോട്ട് നടക്കാന്‍ നമുക്ക് കഴിയണം. നാം നടത്തേണ്ടത് നമ്മുടെ ഉള്ളിലേക്ക് തന്നെയുള്ള ബോധ്യങ്ങളുടെ ആത്മീയമായ ഒരു മടക്കമാണ്. നമ്മുടെ ആന്തരിക ലോകം വരണ്ടുപോകുമ്പോഴാണ് ബാഹ്യലോകത്തെ പ്രകൃതിയും വരണ്ടുപോകുന്നത്. ആത്മാവില്‍ കാരുണ്യത്തിന്റെയും മിതത്വത്തിന്റെയും പച്ചപ്പ് സൂക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഭൂമിയെ പച്ചപ്പോടെ നിലനിര്‍ത്താന്‍ സാധിക്കൂ. പ്രകൃതിയെ വിഴുങ്ങുന്ന അത്യാഗ്രഹത്തിന്റെ അധിനിവേശങ്ങള്‍ക്കെതിരെ സൗമ്യമായ പ്രതിരോധം തീര്‍ക്കാന്‍ നമുക്കാവണം. വഴികളില്‍ നിന്ന് തടസ്സങ്ങളും മാലിന്യങ്ങളും നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് പ്രവാചക അധ്യാപനം. പൊതുസ്ഥലങ്ങള്‍ മലിനമാക്കാതിരിക്കുകയും ഉറവിട മാലിന്യ സംസ്‌കരണം ശീലമാക്കുകയും ചെയ്യുന്നത് ഒരു ആരാധനയായി ഏറ്റെടുക്കുക. നമ്മുടെ ആരാധനാലയങ്ങളെയും മഹല്ല് സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വീടുകളെയും പ്രകൃതി സൗഹൃദമാക്കുക. പ്ലാസ്റ്റിക് വിമുക്തമായ ഒത്തുചേരലുകള്‍, സൗരോര്‍ജത്തിന്റെ ഉപയോഗം, തരിശുപറമ്പുകളിലെ ജൈവകൃഷി എന്നിവയിലൂടെ പ്രായോഗികമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാം. വീടുകളിലും സ്ഥാപനങ്ങളിലും ജലം പുനരുപയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നത് ഈ കാലത്തെ വലിയൊരു ആവശ്യമാണ്.

അത്യാഗ്രഹത്തെ ആവശ്യങ്ങള്‍ കൊണ്ട് നേരിടുക. ഉപഭോഗ സംസ്‌കാരത്തിന്റെ കെണികളില്‍ നിന്ന് മാറിനിന്ന്, ലളിതവും പ്രകൃതിസൗഹൃദവുമായ ഒരു ജീവിതശൈലി സ്വീകരിക്കുക എന്നതാണ് ഏറ്റവും വലിയ ദാര്‍ശനിക പ്രതിരോധം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും പ്രകൃതി വിഭവങ്ങളെ ആദരവോടെ സമീപിക്കാനും പഠിക്കുക.

ഓരോ വിഭവവും അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന ബോധം അനാവശ്യ ധൂര്‍ത്ത് ഇല്ലാതാക്കും. അപ്പോള്‍, നമുക്ക് വലിച്ചെറിയാനുള്ള വിഭവങ്ങള്‍ കുറവായിരിക്കും. അല്ലാഹുവെക്കുറിച്ചുള്ള ബോധം മനുഷ്യനെ പ്രകൃതിയോട് നീതി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. താന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും പ്രകൃതിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്ന ബോധ്യം മികച്ച പാരിസ്ഥിതിക ശീലങ്ങളിലേക്ക് നമ്മളെ നയിക്കും.

മണ്ണും വിണ്ണും വരുംതലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യത്തില്‍, പ്രപഞ്ചത്തിന്റെ ജൈവഗീതത്തോട് ചേര്‍ന്നുനിന്നുകൊണ്ട് നമുക്ക് ജീവിക്കാം. നമ്മുടെ കാല്‍പ്പാടുകള്‍ ഈ ഭൂമിയില്‍ മുറിവുകളുണ്ടാക്കാതിരിക്കട്ടെ, പകരം അവ തണല്‍മരങ്ങളുടെ വിത്തുകളാവട്ടെ. സ്രഷ്ടാവ് ഏല്‍പ്പിച്ച ഉത്തരവാദിത്വം (അമാനത്ത്) ഭംഗിയായി കാത്തുസൂക്ഷിക്കുന്ന യഥാര്‍ഥ കാവലാളുകളായി മാറാന്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.

 



source https://www.sirajlive.com/may-this-greenery-remain.html

Post a Comment

أحدث أقدم