ദുബൈ | യു എ ഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് -സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ തുടങ്ങാന്‍ പൂര്‍ണ സജ്ജമാണെന്ന് നടത്തിപ്പിന് കരാര്‍ ലഭിച്ച അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് അറിയിച്ചു. രാജ്യത്തെ 16 സ്ഥലങ്ങളിലായി ഒരുക്കിയ സേവന കേന്ദ്രങ്ങള്‍ കഴിഞ്ഞ 20 ദിവസമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് നിര്‍ദ്ദേശം വരുന്നതോടെ പ്രവാസികള്‍ക്ക് സേവനം ലഭിച്ചു തുടങ്ങും.
യു എ ഇ-സഊദി അറേബ്യ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അല്‍ ഗയാത്തിയില്‍ പോലും സേവന കേന്ദ്രം സജീകരിച്ചിട്ടുണ്ട്. 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വമ്പന്‍ ഓഫീസും സൗകര്യങ്ങളുമാണ് ബര്‍ദുബൈ മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ബര്‍ദുബൈ കേന്ദ്രത്തിന് പുറമെ ദുബൈയിലെ ഡി ഐ പി, ഷാര്‍ജയിലെ മജാസ്, റോള, കല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളും പ്രവര്‍ത്തന സജ്ജമാണ്. അബൂദബിയില്‍ അല്‍ഗയാത്തി കൂടാതെ റുവൈസ്, മദീനത്ത് സാഈദ്, മുസഫ, റീം ഐലന്റ് എന്നിവിടങ്ങളിലും സേവന കേന്ദ്രങ്ങള്‍ തയ്യാറായി കഴിഞ്ഞു. റാസല്‍ഖൈമ, ഫുജൈറ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളും കഴിഞ്ഞ 20 ദിവസങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.

പാസ്‌പോര്‍ട്ട് – സര്‍ട്ടിഫിക്കറ്റ് അസ്റ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കുള്ള കരാര്‍ അല്‍ ഹിന്ദിന് ലഭിച്ച ശേഷം നടക്കുന്ന നിയമ പോരാട്ടങ്ങള്‍ സംശയകരമാണെന്നും അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് വ്യക്തമാക്കി. ടെന്‍ഡര്‍ നടപടികളില്‍ നാല്‍പതോളം കമ്പനികളാണ് പങ്കെടുത്തത്. ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന മറ്റ് കമ്പനികള്‍ക്കൊന്നും പരാതിയില്ല. മാത്രമല്ല, ടെന്‍ഡറിന്റെ ഓരോ ഘട്ടത്തിലും ടെക്‌നിക്കല്‍ പരിശോധനകളും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ദുബൈയിലെ സാമ്പത്തിക മന്ത്രാലയം, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, എമിഗ്രേഷന്‍ വിഭാഗം എന്നിവിടങ്ങളിലും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇത്തരത്തിലുള്ള ഘട്ടങ്ങളിലൊന്നും പരാതിയുമായി എത്താത്തവര്‍ സേവനം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം കോടതിയെ സമീപിക്കുന്നത് സംശയകരമാണ്.
പാസ്‌പോര്‍ട്ട് – സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് അല്‍ ഹിന്ദ് ഈടാക്കുന്നത്. 19 ദിര്‍ഹം. മുമ്പ് 39 ദിര്‍ഹവും അതിന് മുകളിലും ഈടാക്കിയിരുന്ന സ്ഥാനത്താണ് ഇത്. പ്രവാസി ഇന്ത്യകാര്‍ക്ക് ഏറ്റവും മികച്ച സേവനം കുറഞ്ഞ നിരക്കില്‍ ഉറപ്പാക്കാനാണ് അല്‍ ഹിന്ദ് ഇത്തരമൊരു തീരുമാനമെടുത്തത്.
ഡോക്യുമെന്റേഷന്‍ മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ളതുകൊണ്ടുതന്നെ അനുകൂല വിധിയുണ്ടായാല്‍ സേവനങ്ങള്‍ അതിവേഗത്തില്‍ പ്രവാസികള്‍ക്ക് നല്‍കാനാകും. കൊവിഡ് കാലത്ത് പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്തും വിമാനയാത്രാ നിരക്ക് കുത്തനെ കൂടിയപ്പോള്‍ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കിയും പ്രവാസികള്‍ക്കൊപ്പം നിന്ന സ്ഥാപനമാണ് അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ്. ഈ പിന്തുണ ഇനിയുമുണ്ടാകും.
45 ലക്ഷത്തോളം ഇന്ത്യക്കാരുള്ള രാജ്യമാണ് യു എ ഇ. ഓരോ ദിവസവും ആയിരകണക്കിന് പേര്‍ക്ക് പാസ്‌പോര്‍ട്ട്- സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടപടികള്‍ വേണ്ടിവരും. അതുകൊണ്ടുതന്നെ, നിലവിലെ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കണമെന്നാണ് പ്രവാസികള്‍ക്കൊപ്പം അല്‍ ഹിന്ദിന്റെയും ആഗ്രഹമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Content Highlights:
Al Hind Tours and Travels announced full readiness to launch Indian passport and certificate attestation services across 16 centers in the UAE. The company highlighted that they offer the services at a significantly lower rate of 19 Dirhams to support the non-resident Indian community. Officials also expressed concerns over the suspicious timing of recent legal battles initiated just days before the scheduled launch.
source https://www.sirajlive.com/al-hind-ready-for-indian-passport-certificate-attestation-services-in-uae.html
Post a Comment