“ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങളായി ഞാന്‍ ഈ സഭയില്‍ (രാജ്യസഭ) അംഗമാണ്, ലോക്‌സഭയിലും അംഗമായിരുന്നിട്ടുണ്ട്. ദളിതനായതിനാല്‍ എന്നെ സംരക്ഷിക്കണമെന്ന് ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല, എന്നെ സംരക്ഷിക്കണമെന്ന് ഞാന്‍ ആരോടും യാചിക്കുന്നുമില്ല. പോരാടാനുള്ള ശക്തി എനിക്കുണ്ട്. എന്നാല്‍ ദളിതനായ ഞാന്‍ ഹല്‍ദ്വാനിയില്‍ പങ്കെടുത്ത വേദി ഒരു വിഭാഗം ശുദ്ധീകരിച്ചതിലൂടെ, ഞാന്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ്.’ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞ വാക്കുകളാണിത്. ഈ സംഭവം പെട്ടെന്നുണ്ടായ വികാരത്തിന്റെ പ്രതിഫലനമല്ല. നൂറ്റാണ്ടുകളായി രാജ്യത്ത് നിലനില്‍ക്കുന്ന ജാതി വിവേചനത്തിന്റെ തുടര്‍ച്ചയാണ്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. സര്‍വ മേഖലകളിലും പുരോഗതി നേടാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭ്രഷ്ട് ആവര്‍ത്തിക്കപ്പെടുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച് ദളിത് സമുദായത്തില്‍ നിന്നൊരാള്‍ ഉന്നത സ്ഥാനത്തെത്തിയാലും അകറ്റി നിര്‍ത്തേണ്ടവരാണ് അവരെന്ന ചിന്തക്ക് വലിയ മാറ്റം വന്നിട്ടില്ല. ബി ജെ പി സര്‍ക്കാറുകള്‍ അത്തരം മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ വിഷയം ഉന്നയിച്ചപ്പോള്‍ കേന്ദ്ര മന്ത്രി ജെ പി നദ്ദ ഖേദം പ്രകടിപ്പിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. ഖാര്‍ഗെ വിഷയം രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷമാണ്. കേന്ദ്ര സര്‍ക്കാറും ബി ജെ പി നേതൃത്വവും അതുവരെയും സംഭവം അറിഞ്ഞതായി നടിച്ചില്ല. ഇതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയും പടങ്ങളും വന്നിരുന്നു. ഉത്തരാഖണ്ഡ് ഭരിക്കുന്നത് ബി ജെ പി യാണ്. സംസ്ഥാന സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കണമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ആവശ്യപ്പെടേണ്ടിവന്നു. രാജ്യസഭയില്‍ സഭാ നേതാവ് കൂടിയായ കേന്ദ്ര മന്ത്രി നദ്ദ ഖേദം പ്രകടിപ്പിച്ചു വെങ്കിലും, രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന അംഗവുമായ കോണ്‍ഗ്രസ്സ് നേതാവ് അപമാനിക്കപ്പെട്ടതില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനത്തിലാണ്.
ഉത്തരാഖണ്ഡ് ഹല്‍ദ്വാനിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ്സ് റാലിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയത്. റാലി നടന്നതിന്റെ മൂന്നാം ദിവസം ശ്രീരാമസേന ധര്‍മോര്‍ഥ സേവാന്യാസിന്റെ ആഭിമുഖ്യത്തിലാണ് ദളിത് വംശജനായ ഖാര്‍ഗെ പ്രസംഗിച്ച വേദി സന്യാസിമാരുടെ നേതൃത്വത്തില്‍ പൂജയും മറ്റു കര്‍മങ്ങളും നടത്തി ശുദ്ധികലശം വരുത്തിയത്. ഒമ്പത് തവണ എം എല്‍ എയും രാജ്യസഭയിലും ലോക്‌സഭയിലുമായി അഞ്ച് തവണ എം പിയുമായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പോലുള്ളവര്‍ ഇപ്പോഴും ജാതിഭ്രഷ്ടിന്റെ തടവിലാണെന്നത് രാജ്യം മനുവാദികളുടെ പിടിയില്‍ നിന്ന് മുക്തമല്ല എന്ന് തെളിയിക്കുകയാണ്. നാല് പതിറ്റാണ്ട് മുമ്പ് വാരാണസിയില്‍ ഹിന്ദുത്വവാദികള്‍ ഇതുപോലൊരു ശുദ്ധികലശം നടത്തുകയുണ്ടായി. രാജ്യത്തെ ഉപപ്രധാനമന്ത്രിയും രാജ്യരക്ഷാ മന്ത്രിയുമായിരുന്ന ബാബു ജഗജീവന്‍ റാം അവിടെ ഒരു പ്രതിമ അനാഛാദനം നടത്തിയതിന്റെ പേരിലായിരുന്നു ശുദ്ധികലശം.
ഡോ. അംബേദ്കറും അയ്യങ്കാളിയും കെ ആര്‍ നാരായണനും സവര്‍ണ ജാതിക്കാരില്‍ നിന്ന് നേരിട്ട അപമാനത്തിന്റെ ചരിത്രം ഇന്ത്യക്കു മുമ്പിലുണ്ട്. അന്നത്തെ ഇന്ത്യയല്ല ഇന്നത്തേത് എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. ജാതി ഭ്രഷ്ടിനെതിരെ ശക്തമായ നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. മഹാത്മാ ഗാന്ധി, ഡോ. അംബേദ്കര്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയവര്‍ ജാതിവിവേചനത്തിനെതിരെ ശക്തമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇന്ത്യന്‍ ഭരണഘടനയുടെ 17ാം അനുഛേദം തൊട്ടുകൂടായ്മയും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ ഈ നിയമത്തെ വെല്ലുവിളിക്കുന്ന നടപടികള്‍ 2014ന് ശേഷം രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ദളിതരും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഗോത്രവര്‍ഗക്കാരും അവരുടെ സ്ഥാന വലിപ്പം പരിഗണിക്കാതെ അപമാനിക്കപ്പെടുകയാണ്.
രാഷ്ട്രപതിയായാലും ദളിതരാണെങ്കില്‍ അവര്‍ പടിക്ക് പുറത്തു തന്നെയെന്നാണ് സ്ഥിതി. രാഷ്ട്രപതി ദ്രൗപതി മുര്‍മു തന്റെ 65ാം ജന്മദിനത്തില്‍ ഡല്‍ഹി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കു ചെന്നപ്പോള്‍ അവര്‍ക്ക് ക്ഷേത്രത്തിലെ ശ്രീകോവിലിനു പുറത്ത് നിന്ന് പ്രാര്‍ഥിക്കേണ്ടി വന്നത് അന്ന് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ്. രാഷ്ട്രപതി ഭവന്‍ ട്വിറ്റര്‍ ചെയ്ത, രാഷ്ട്രപതി ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രാര്‍ഥിക്കുന്നതിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. രാഷ്ട്രപതി പട്ടിക വര്‍ഗത്തില്‍ പെട്ട ആളായത് കൊണ്ടാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാതിരുന്നതെന്ന് ചൂണ്ടിക്കാട്ടി ദി ദളിത് വോയ്‌സ്, ഭാരത് രാഷ്ട്ര സമിതി, മഹാവികാസ് അഘാഡി എന്നീ സംഘടനകള്‍ രംഗത്തുവന്നു. കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ ഇതേ ക്ഷേത്രത്തിനകത്ത് കയറി പ്രാര്‍ഥിക്കുന്നതിന്റെ ഫോട്ടോകളും ഈ സംഘടനകള്‍ പുറത്തുവിടുകയുണ്ടായി. 2018 ജൂണില്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഭാര്യ സവിത ഗോവിന്ദിനും പുരി ജഗന്നാഥ ക്ഷേത്രത്തില്‍ വെച്ച് സമാന അനുഭവമുണ്ടായി. ക്ഷേത്രത്തിനകത്തു കയറി ദര്‍ശനം നടത്താന്‍ രാഷ്ട്രപതിയെയും ഭാര്യയെയും അനുവദിക്കാതിരുന്ന സംഭവത്തില്‍ രാഷ്ട്രപതി ഭവന്‍ അന്ന് ക്ഷേത്ര അധികൃതരെ പ്രതിഷേധം അറിയിക്കുകയുണ്ടായി. പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും രാമക്ഷേത്രത്തിന്റെ സമര്‍പ്പണത്തില്‍ നിന്നും രാഷ്ട്രപതി മാറ്റിനിര്‍ത്തപ്പെട്ടു. കാരണം അവരുടെ ജാതി തന്നെ.
അലഹാബാദ് ഹൈക്കോടതിയില്‍ പുതുതായി നിയമിതനായ ജഡ്ജി ചുമതല ഏറ്റെടുത്തത് കോടതിയുടെ അകവും പുറവും “ഗംഗാ ജലം’ തളിച്ചു കഴുകിയതിനു ശേഷമായിരുന്നു. സ്ഥലം മാറിപ്പോയ ജഡ്ജി ഭര്‍ത്തവി പ്രസാദ് ദളിത് സമുദായക്കാരനായിരുന്നു. പുതുതായി നിയമിതനായ എ കെ ശ്രീവാസ്തവ എന്ന ജഡ്ജി ചുമതലയേല്‍ക്കും മുമ്പ് കോടതിയില്‍ ശുദ്ധികലശം നടത്തിയത് അതുകൊണ്ടായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന്, താനൊരു ആസ്ത്മാ രോഗിയാണ്, കോടതിയില്‍ ശുദ്ധികലശം നടത്തിയത് അതുകൊണ്ടാണ് എന്നായിരുന്നു എ കെ ശ്രീവാസ്തവ എന്ന ന്യായാധിപന്റെ വാദം. 2024 മേയ് മാസത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു പിയിലെ കനൗജിലെ ബാബാ ഗൗരി ശങ്കര്‍ മഹാദേവ് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ ശുദ്ധീകരണം നടത്തി. 2025 ഏപ്രിലില്‍, കോണ്‍ഗ്രസ്സ് നേതാവ് ടികാറാം ജൂലിക്കും രാജസ്ഥാനിലെ അല്‍വാറില്‍ രാമക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ സമാന അനുഭവം നേരിട്ടു. പിന്നാക്ക സമുദായക്കാരനായ കോണ്‍ഗ്രസ്സ് നേതാവ് സന്ദര്‍ശിച്ച ക്ഷേത്രം ബി ജെ പി നേതാവ് ഗ്യാന്‍ദേവ് അഹൂജയുടെ നേതൃത്വത്തില്‍ ഗംഗാജലം തളിച്ച് “ശുദ്ധീകരിച്ചു’. ആര്‍ എസ് എസിനെതിരെ പ്രസ്താവന നടത്തിയ കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരെ ജാതി അധിക്ഷേപമുന്നയിക്കുകയുണ്ടായി. കര്‍ണാടകയിലെ ബി ജെ പി. എം പി രമേശ് ജിഗജിനാഗി പറഞ്ഞത്, ദളിതനായ പ്രിയങ്ക് ഖാര്‍ഗെക്ക് ആര്‍ എസ് എസിനെ വിമര്‍ശിക്കാന്‍ എന്തവകാശമെന്നായിരുന്നു. സാധാരണക്കാരായ ദളിതര്‍ മീശ വളര്‍ത്തുന്നതും ചെരുപ്പ് ധരിക്കുന്നതും പൊതുപൈപ്പില്‍ നിന്ന് വെള്ളം കുടിക്കുന്നതും വരന്‍ വിവാഹ ദിവസം കുതിരപ്പുറത്ത് കയറുന്നതും കുറ്റകൃത്യമായി കാണുന്ന സവര്‍ണ വര്‍ഗവും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണ് ഉള്ളത്. കര്‍മം കൊണ്ട് ഉന്നതി പ്രാപിച്ചവരായാലും ജന്മം കൊണ്ട് ദളിതനായവരെ മനുഷ്യനായി കാണാന്‍ ഇന്ത്യക്കാരായ നാം ഇനിയും എത്ര നൂറ്റാണ്ട് കാത്തിരിക്കണം?
source https://www.sirajlive.com/the-heyday-of-caste-discrimination.html
Post a Comment