ആര്‍ എസ് എസ് ബന്ധമുള്ളവരെ ഉള്‍പ്പെടുത്തി എന്‍ സി ഇ ആര്‍ ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി | ആര്‍ എസ് എസ് ബന്ധമുള്ളവരെ ഉള്‍പ്പെടുത്തി എന്‍ സി ഇ ആര്‍ ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. 20 അംഗ സമിതിയില്‍ നാലു പേര്‍ ആര്‍ എസ് എസ് ബന്ധമുള്ളവരാണെന്നത് വിവാദമായി.

11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സമിതിയിലാണ് ആര്‍എസ്എസ് ബന്ധമുള്ളവര്‍ അംഗങ്ങളായിട്ടുള്ളത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ രാഷ്ട്രമീമാംസ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് ചുമതലയുള്ള സമിതിയെയാണ് എന്‍ സി ഇ ആര്‍ ടി പുനഃസംഘടിപ്പിച്ചത്. സര്‍വകലാശാലാ അക്കാദമിക് വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍, എന്‍ സി ഇ ആര്‍ ടി ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി. ഇതില്‍ നാല് പേരെങ്കിലും ആര്‍ എസ് എസുമായോ ബി ജെ പിയുമായോ ബന്ധമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്.

മുന്‍ എ ബി വി പി ദേശീയ സെക്രട്ടറിയും ജെ എന്‍ യു പ്രൊഫസറുമായ വന്ദന മിശ്ര, എബി വി പിയില്‍ സംഘടനാ ചുമതലകള്‍ വഹിച്ചിട്ടുള്ള ബി ജെ പി രാഷ്ട്രീയ ഉപദേഷ്ടാവായി വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്‍ യദുനാഥ് ദേശ്പാണ്ഡെ, പൂനെ ആസ്ഥാനമായുള്ള ജ്ഞാന പ്രബോധിനിയിലെ പ്രശാന്ത് ദിവേക്കര്‍, റാംഭാവു മല്‍ഗി പ്രബോധിനിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പ് പ്രസിദ്ധീകരിച്ച ഒരു ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജെ എന്‍ യു വിദ്യാഭ്യാസ വിദഗ്ധന്‍ രവി രമേശ് ചന്ദ്ര ശുക്ല എന്നിവരുടെ നിയമനമാണ് വിവാദമായത്.

പുതിയ സംഘമാകും 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി), 2023 ലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍ സി എഫ്-എസ് ഇ) എന്നിവയ്ക്ക് അനുസൃതമായി സിലബസുകള്‍ അന്തിമമാക്കി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുക. പ്രൊഫസര്‍ സന്ദീപ് ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയോട് 2026 നവംബര്‍ 30-നകം പതിനൊന്നാം ക്ലാസ് പാഠപുസ്തകവും 2027 ജൂലൈ 30-നകം പന്ത്രണ്ടാം ക്ലാസ് പുസ്തകവും തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

2025 ജൂണ്‍ 5-ന് വിജ്ഞാപനം ചെയ്ത മുന്‍ പാഠപുസ്തക വികസന സമിതിക്ക് പകരമാണ് പുതിയ സമിതിയെ നിയോഗിച്ചിട്ടുള്ളത്. ജെ എന്‍ യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ഇഗ്നൗ, നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഡല്‍ഹി, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഉത്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങളും സ്‌കൂള്‍ അധ്യാപകരും എന്‍ സി ഇ ആര്‍ ടി അക്കാദമിക് വിദഗ്ധരും അടക്കം 20 അംഗങ്ങളാണ് പാനലിലുള്ളത്.

Content Highlights:
NCERT faces controversy after including four members with RSS-ABVP links in a 20-member committee for Class 11 and 12 political science textbooks. Led by Sandeep Shastri, the panel will align syllabus with NEP 2020 and NCF-SE. Deadlines are set for late 2026 and mid-2027 respectively.

 

 



source https://www.sirajlive.com/ncert-reconstitutes-textbook-committee-rss-affiliations-controversy.html

Post a Comment

أحدث أقدم