കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ട് നിയമസഭ പ്രമേയത്തിലൂടെ തള്ളി

തിരുവനന്തപുരം | വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമായ പല കാര്യങ്ങളും കിഫ്ബിക്കെതിരെ ആരോപിച്ചുള്ള സി എ ജി റിപ്പോര്‍ട്ട് നിയമസഭ പ്രമേയത്തിലൂടെ തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഭൂരിഭക്ഷത്തിന്റെ പിന്തുണയോടെ തള്ളുകയായിരുന്നു.

സര്‍ക്കാറിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് കിഫ്ബി തയ്യാറാക്കിയിരുക്കുന്നത്. കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താന്‍ സി എ ജി ശ്രമിച്ചു. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്യാണെന്നും സര്‍ക്കാറിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സി എ ജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയും തയ്യാറാക്കിയതാണെന്ന് പ്രമേയത്തില്‍ പറയുന്നു. അതിനാല്‍ തന്നെ ഇത് രാഷ്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

പ്രമേയത്തെ ശക്തമായെതിര്‍ത്ത് പ്രതിപക്ഷം രംഗതെത്തി. റിപ്പോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ സഭ്ക്ക് അധികാരമില്ലെന്നും റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചാല്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയ്ക്ക് വിടുകയാണ് പതിവെന്നും വി ഡി സതീശന്‍ പറഞ്ഞു. കോടതി വിധി നിരാകരിക്കുന്ന പ്രമേയം പാസാക്കാന്‍ കഴിയുമോ? പ്രമേയം പാസാക്കാന്‍ സഭക്ക് എന്ത് അധികാരമാണെന്നും കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍, കെ സി ജോസഫ്, സണ്ണി ജോസഫ് തുടങ്ങിയവര്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചു. മുഖ്യമന്ത്രിയെ കൂടാതെ ധനമന്ത്രി തോമസ് ഐസക്, എം സ്വരാജ്, ജയിംസ് മാത്യൂ, വീണ ജോര്‍ജ്, എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ പ്രമേയത്തെ അനുകൂലിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.

 



source http://www.sirajlive.com/2021/01/22/465846.html

Post a Comment

Previous Post Next Post