സിദ്ദീഖ് കാപ്പന് ഉമ്മയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി | യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടങ്കലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഉമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനക്ക് അടക്കം വിധേയനാകാന്‍ സിദ്ദീഖ് കാപ്പന്‍ തയ്യാറാണെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയെ അറിയിച്ചു. പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി കോടതി അടുത്തയാഴ്ച പരിഗണിക്കും.

പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. 90 വയസ്സുള്ള ഉമ്മയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ കാപ്പനെ അനുവദിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ എതിര്‍ത്തില്ല.

നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, നുണ പരിശോധന തുടങ്ങി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ അഭിഭാഷകനായ വില്‍സ് മാത്യുവിനെ സിദ്ദിഖ് കാപ്പന്‍ ചുമതലപ്പെടുത്തിയിരുന്നു. യൂണിയന്റെ ഡല്‍ഹി ഘടകം പ്രസിഡന്റ് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.



source http://www.sirajlive.com/2021/01/22/465849.html

Post a Comment

Previous Post Next Post