സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കാം; ജീവനക്കാര്‍ക്ക് സപ്ലൈക്കോയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കാമെന്ന് ജീവനക്കാര്‍ക്ക് സപ്ലൈക്കോ ജനറല്‍ മാനേജറുടെ മുന്നറിയിപ്പ്. ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ജനറല്‍ മാനേജര്‍ ആര്‍ രാഹുല്‍ ഇക്കാര്യം പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വിജയത്തിന് കാരണമായെന്ന് വിലയിരുത്തപ്പെട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് കത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതെന്നാണ് സൂചന.

ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, കൃത്യമായി പാക്ക് ചെയ്ത സമയബന്ധിതമായി റേഷന്‍ കടകളില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം. ഒന്നാം ഘട്ടത്തില്‍ കിറ്റില്‍ ഉള്‍പ്പെട്ട ശര്‍ക്കരക്കും പപ്പടത്തിനും ഗുണനിവാരമില്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. വീണ്ടും ഇത്തരം ആക്ഷേപങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പുണ്ടായാല്‍ സൗജന്യവിതരണത്തിന്റെ നിറം കെടുത്തുമെന്നതിനാലാണ് മുന്നറിയിപ്പ്.



source http://www.sirajlive.com/2021/01/23/465959.html

Post a Comment

أحدث أقدم