രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് ആരംഭം കുറിക്കും. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന് തുടക്കം കുറിക്കും. കുത്തിവയ്പ് എടുത്ത ശേഷം നേരിയ പനിയോ , ശരീര വേദനയോ ഉണ്ടായാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 30 ന് ആദ്യ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് 11 മാസവും 15 ദിവസവും പിന്നിടുമ്പോഴാണ് രാജ്യത്ത് പ്രതിരോധ വാക്‌സീന്‍ ജനങ്ങളിലേക്ക് എത്തുന്നത്.
രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ഇന്ന് വാക്‌സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്‌സിനേഷന്‍ സമയം. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാവു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ കൊടുക്കരുത്. ഒരേ വാക്‌സീന്‍ തന്നെ രണ്ട് തവണയും നല്‍കണം.

രോഗം ഭേദമായി എട്ടാഴ്ചകള്‍ക്ക് ശേഷം മാത്രമേ കൊവിഡ് ബാധിതര്‍ വാക്‌സീന്‍ സ്വീകരിക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. നേരിയ പനി, ശരീരമാസകലം വേദന തുടങ്ങി സാധാരണ വാക്‌സിനേഷനുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ലക്ഷണങ്ങള്‍ ഈ വാക്‌സിനേഷനിലും പ്രകടമാകാമെന്നും അത് കൊവിഡ് ലക്ഷണമായി തെറ്റിദ്ധരിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.



source http://www.sirajlive.com/2021/01/16/464843.html

Post a Comment

Previous Post Next Post