ഹുസൈൻ മടവൂർ ശ്രീനാരായണ ഗുരു സർവകലാശാലാ ഡിസിപ്ലിൻ കമ്മിറ്റി ചെയർമാനായതിനെതിരെ ഫാറൂഖ് കോളജ്

കോഴിക്കോട് | ശ്രീ നാരായണ ഗുരു ഓപൺ സർവകലാശാലയിൽ രൂപവത്കരിച്ച അഫ്‌സലുൽ ഉലമാ ഡിസിപ്ലിൻ കമ്മിറ്റി ചെയർമാനായി ഹുസൈൻ മടവൂർ നിയമിതനായതിനെതിരെ ആരോപണം. ഏഴ് വർഷം മുന്പ് സർവീസിൽ നിന്ന് വിരമിച്ച ഇദ്ദേഹം കമ്മിറ്റിയിൽ കയറിപ്പറ്റിയത് ഫാറൂഖ് റൗസത്തുൽ ഉലൂമിന്റെ പ്രതിനിധിയായാണെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്ന് കോളജ് അധികൃതർ പറഞ്ഞു.

ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോൾ, റൗസത്തുൽ ഉലൂം അറബിക് കോളജിന്റെ പേരിലാണ് ഹുസൈൻ മടവൂർ അക്കാദമിക് കമ്മിറ്റിയിൽ വന്നതെന്ന് അറിയാൻ കഴിഞ്ഞതായി പ്രിൻസിപ്പൽ ഡോ. അബ്ദുർറഹിമാൻ ചെറുകര അറിയിച്ചു. ഇതുമൂലം നാക് അക്രഡിറ്റേഷനും മറ്റും ലഭിക്കേണ്ട പോയിന്റുകൾ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജ് പ്രിൻസിപ്പലായിരുന്ന നിർദിഷ്ട ഓപൺ യൂനിവേഴ്‌സിറ്റി വി സി മുബാറക് പാഷ റൗസത്തുൽ ഉലൂം അറബിക് കോളജിനെ തഴഞ്ഞതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹുസൈൻ മടവൂരിനെ കൂടാതെ, ഡോ. വി അബ്ദുൽ അസീസ്, മുഹമ്മദ് അശ്‌റഫ് കളത്തിൽ, ഡോ. പി മുജീബ്, ഡോ. പി റംലത്ത്, ഡോ. പി സയ്യിദ് മുഹമ്മദ് ശാക്കിർ, ഡോ. എ ഐ അബ്ദുൽ മജീദ്, ഡോ. സി എം സാബിർ നവാസ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. പി മുഹമ്മദ് അസ്‌ലം, എൻ കെ അബ്ദുന്നാസിർ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.



source http://www.sirajlive.com/2021/01/24/466060.html

Post a Comment

Previous Post Next Post