
അതിനിടെ എം ഡി ബിജു പ്രഭാകറിന്റെ ഈ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്ന 2012-15 കാലഘട്ടത്തിലെ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. കെ ടി ഡി എഫ് സിക്ക് തിരിച്ചടക്കാന്‍ നല്‍കിയ തുകയില്‍ 311.98 കോടി രൂപയുടെ വെട്ടിപ്പ് നടത്തി, അത്രയും തുക കുറച്ചാണ് തിരിച്ചടച്ചത്. കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് വായ്പാ തിരിച്ചടവിനായി മാറ്റിവെച്ച 100 കോടിയോളം രൂപയെക്കുറിച്ചും യാതൊരു വിവരവുമില്ല. ബേങ്ക് ട്രഷറി ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചില്ല തുടങ്ങിയവയാണ് മാധ്യമങ്ങള്‍ ചോര്‍ത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. അക്കൗണ്ട് ഓഫീസറുള്‍പ്പെടെയുള്ള ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ചിലരാണ് കണക്ക് രേഖപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചക്ക് ഉത്തരവാദികളെന്നും കണ്ടെത്തുകയുണ്ടായി. ഇതേക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്നും ഇതിനായി പ്രത്യേക സംഘം രൂപവത്കരിക്കണമെന്നും ഒരു മാസത്തിനകം രേഖകള്‍ കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ കര്‍ശന നിര്‍ദേശവുമുണ്ട്. തദടിസ്ഥാനത്തില്‍ ചില അച്ചടക്ക നടപടികളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് കോര്‍പറേഷന്‍ മേധാവികള്‍.
എം ഡിയുടെ വെളിപ്പെടുത്തലിനെതിരെ സ്ഥാപനത്തിലെ ചില തൊഴിലാളി യൂനിയനുകളും നേതാക്കളും രംഗത്തു വന്നിരിക്കുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ പ്രശ്‌നങ്ങള്‍ക്കും നഷ്ടത്തിലേക്കുള്ള കൂപ്പുകുത്തലിനും കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും തൊഴിലാളികള്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണെന്നുമാണ് ഇതിനോടുള്ള ഒരു യൂനിയന്‍ നേതാവിന്റെ പ്രതികരണം. എം ഡി മാധ്യമങ്ങളെ വിളിച്ച് ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അതേസമയം, കെ എസ് ആര്‍ ടി സി തൊഴിലാളികളെ മൊത്തം ആക്ഷേപിക്കുകയോ എല്ലാവരും അലസരും വെട്ടിപ്പുകാരുമാണെന്ന് ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല എം ഡി. 95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അഞ്ച് ശതമാനം മാത്രമാണ് പ്രശ്‌നക്കാരെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ സന്തുഷ്ടരായി ഇരുന്നാല്‍ മാത്രമേ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ എന്നിരിക്കെ അവരെ ഒന്നടങ്കം ആക്ഷേപിച്ചാല്‍ വിപരീത ഫലമേ ഉളവാക്കൂവെന്ന് തനിക്കു നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
യൂനിയനുകളുടെ സഹകരണവും പിന്തുണയുമുണ്ടെങ്കിലേ കോര്‍പറേഷനെ നഷ്ടത്തില്‍ നിന്ന് കരകയറ്റി ലാഭകരമാക്കാന്‍ സാധിക്കുകയുള്ളൂ. തൊഴിലാളികളില്‍ ചിലരുടെ ആത്മാര്‍ഥതയില്ലായ്മയും ക്രമക്കേടുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെതിരെ വാളോങ്ങുകയും അഴിമതിക്കാരെയും വെട്ടിപ്പുകാരെയും രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത തൊഴിലാളി യൂനിയനുകള്‍ അവസാനിപ്പിക്കണം. നേരത്തേ ടോമിന്‍ തച്ചങ്കരി മാനേജിംഗ് ഡയറക്ടറായിരുന്നപ്പോള്‍, സ്ഥാപനത്തെ ലാഭത്തിലെത്തിക്കുന്നതിന് ഡ്രൈവര്‍ കം കണ്ടക്ടര്‍ പോലുള്ള ചില നല്ല മാറ്റങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ്. അന്ന് ഒരു യൂനിയന്റെ പിന്തുണയോടെ വെട്ടിപ്പ് ലോബി തച്ചങ്കരിയെ എം ഡി സ്ഥാനത്ത് നിന്ന് തുരത്തിയാണ് ആ നീക്കങ്ങളെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ചില സ്റ്റേഷനുകളില്‍ നിന്ന് ഡ്രൈവര്‍ കം കണ്ടക്ടര്‍ ജോലിക്കെത്തിയ ജീവനക്കാരെ ഇറക്കിവിട്ട് സ്റ്റേഷനുകളുടെ ഭരണം തന്നെ യൂനിയനുകള്‍ കൈയടക്കുകയുമുണ്ടായി. സ്ഥാപനത്തെ സാമ്പത്തികമായി കരകയറ്റുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ ശക്തമായി നടപ്പാക്കിക്കൊണ്ടിരിക്കെയാണ് രാജമാണിക്യത്തെ എം ഡി സ്ഥാനത്ത് നിന്നു മാറ്റിയത്. ഇതിനും ചരടു വലിച്ചിരുന്നത് യൂനിയനുകളായിരുന്നു. എ ഹേമചന്ദ്രന്‍ എം ഡി സ്ഥാനത്തു നിന്ന് പടിയിറങ്ങിയതും യൂനിയനുകളുടെ നിസ്സഹകരണത്തെ തുടര്‍ന്നായിരുന്നു.
സ്ഥാപനത്തെ രക്ഷിക്കാനുള്ള പദ്ധതികളോട് ഒരു യൂനിയനും താത്പര്യം കാണിക്കുന്നില്ല. കെ എസ് ആര്‍ ടി സി തകര്‍ന്നാലും നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സമ്മതിക്കില്ലെന്നതാണ് അവരുടെ നിലപാട്. സംഘശക്തി കൊണ്ട് അത്തരം ശ്രമങ്ങളെ ചെറുക്കുകയാണവര്‍. യാത്രക്കാരുടെ മാത്രമല്ല, ജീവനക്കാരുടെ കൂടി ആവശ്യമാണ് സ്ഥാപനത്തിന്റെ നിലനില്‍പ്പ്. അത് തങ്ങളുടെ ജീവിത മാര്‍ഗമാണെന്ന ബോധം ജീവനക്കാര്‍ക്കും യൂനിയന്‍ നേതൃത്വത്തിനും ഉണ്ടാകണം. പണിയെടുക്കാതെ ശമ്പളം പറ്റുന്നവരെയും രജിസ്റ്ററില്‍ ഒപ്പിട്ട് കൃഷിക്ക് പോകുന്നവരെയും സംരക്ഷിക്കാനുള്ളതാകരുത് യൂനിയനുകള്‍. സത്യസന്ധമായും ആത്മാര്‍ഥതയോടെയും ജോലി ചെയ്യുന്ന ജീവനക്കാരുടെ താത്പര്യ സംരക്ഷണവും ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടവുമായിരിക്കണം യൂനിയനുകളുടെ അജന്‍ഡ. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ നല്‍കിവരുന്ന ചെറിയ സഹായം കൊണ്ട് പിടിച്ചു നില്‍ക്കുന്ന നിലവിലെ അവസ്ഥയില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളെ പോലെ സ്വയംപര്യാപ്തത കൈവരിച്ച ഒരു സ്ഥാപനമായി കെ എസ് ആര്‍ ടി സി മാറണം. ഇതിന് യൂനിയന്‍ നേതൃത്വത്തിന്റെ മനോഭാവത്തില്‍ കാതലായ മാറ്റം ഉണ്ടാകേണ്ടതുണ്ട്.
source http://www.sirajlive.com/2021/01/18/465142.html
Post a Comment