കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരം; വെല്ലുവിളികളെ അതിജീവിച്ച് രാജ്യം പുരോഗതിയിലേക്ക്: രാഷ്ട്രപതി

ന്യൂഡല്‍ഹി | കൊവിഡ് പ്രതിസന്ധിക്കിടയിലും വെല്ലുവിളികളെ അതിജീവിച്ച് രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലിമെന്റില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്തെ ബജറ്റ് സമ്മേളനം സുപ്രധാനമാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. ലോകത്തെ തന്നെ വലിയ വാക്‌സിനേഷന്‍ ദൗത്യം രാജ്യത്ത് നടന്നുവരികയാണ്. കൊവിഡ് മുക്തരുടെ എണ്ണത്തില്‍ രാജ്യം മുന്നിലാണെന്നും രാഷ്ട്രപതി പറഞ്ഞു.

ഐക്യമാണ് രാജ്യത്തിന്റെ കരുത്ത്. സ്വയംപര്യാപ്ത ഇന്ത്യക്കായാണ് പോരാട്ടം. ആരോഗ്യ മേഖലയിലെ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് സഹായകമായി. സര്‍ക്കാര്‍ പദ്ധതികള്‍ ദരിദ്രരെ സഹായിച്ചു. ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ദുരിത കാലത്ത് ഒരാള്‍ പോലും രാജ്യത്ത് പട്ടിണി കിടന്നില്ല. കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ചെറുകിട കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാനും സര്‍ക്കാരിന് കഴിഞ്ഞു.രാജ്യത്തെ കാര്‍ഷികോത്പാദനം റെക്കോഡ് നേട്ടം കൈവരിച്ചു. കാര്‍ഷിക നിയമങ്ങള്‍ പുതിയ വിപണികള്‍ തുറന്നു നല്‍കും. കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

റിപബ്ലിക് ദിനത്തില്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളെ രാഷ്ട്രപതി അപലപിച്ചു. ത്രിവര്‍ണ പതാകയെ അപമാനിച്ചത് നിര്‍ഭാഗ്യകരമാണ്. ക്രമസമാധാനം നിലനിര്‍ത്തേണ്ടത് ജനാധിപത്യത്തില്‍ സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിലുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലിമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.



source http://www.sirajlive.com/2021/01/29/466671.html

Post a Comment

Previous Post Next Post