കോവിഡ് തടയൽ: സ‌ംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി; പൊതുസ്ഥലങ്ങളിൽ പോലീസ് പരിശോധന

തിരുവനന്തപുരം | കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം സംസ്ഥാനത്ത് കൂടുതൽ ശക്തമാക്കി. ബസ് സ്റ്റാന്റ്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌ക് ധരിക്കുന്നുവെന്നും ഉറപ്പാക്കുന്നതിന് പൊലീസ് പരിശോധന തുടങ്ങി. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. രാത്രി പത്തിനുശേഷം അവശ്യയാത്രകൾ മാത്രമേ അനുവദിക്കൂ.

ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാക്കറെയ്ക്കാണ് നിയന്ത്രണങ്ങളുടെ ചുമതല. ആവശ്യമുള്ള സ്ഥലങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാനും അനുമതി നൽകി. സെക്ടറൽ മജിസ്‌ട്രേറ്റുമാരുള്ള സ്ഥലങ്ങളിൽ പോലീസ് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും.ഹൈവേ പട്രോൾ, കൺട്രോൾറൂം വാഹനങ്ങൾ, മറ്റ് പോലീസ് വാഹനങ്ങൾ എന്നിവയും രംഗത്തുണ്ടാവും.

സംസ്ഥാന പോലീസ് മേധാവിയുടെയും വിവിധ ജില്ലകളിലെ പോലീസ് കൺട്രോൾ റൂമുകൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഒഴിവാക്കാനാവാത്ത കാരണങ്ങൾക്ക് മാത്രമേ ഇക്കാലയളവിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കൂ. പോലീസ് ഉദ്യോഗസ്ഥർ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പൊതുസമ്മേളനങ്ങൾ, വിവാഹം, അതുപോലുളള മറ്റ് ചടങ്ങുകൾ എന്നിവ നടത്തുന്നതിന് അടഞ്ഞ ഹാളുകൾ കഴിയുന്നതും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. രാത്രിയിൽ അത്യാവശ്യ യാത്രകൾ മാത്രമേ നടത്താവൂ. രാത്രി പത്ത് മണിക്കുശേഷം യാത്രകൾ ഒഴിവാക്കണം.

സംസ്ഥാനത്ത് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ‘അടിസ്ഥാനങ്ങളിലേയ്ക്ക് തിരികെ പോവുക’ എന്ന മുദ്രാവാക്യമുയർത്തി പ്രതിരോധപ്രവർത്തനങ്ങളെ കൂടുതൽ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശ്രമിച്ചുവരുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങൾ ഉപയോഗിച്ചും ഫീൽഡ് പ്രവർത്തനങ്ങളിലൂടെയും ജനങ്ങളെ കൂടുതൽ ബോധവൽക്കരിക്കാനും പ്രവർത്തന സജ്ജരാക്കാനുമുള്ള കാര്യങ്ങൾ നടന്നു വരുന്നുണ്ട്.



source http://www.sirajlive.com/2021/01/30/466699.html

Post a Comment

Previous Post Next Post