കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം പിന്നിടവെ രോഗ വ്യാപനം രണ്ടാമതും കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പ്രതിദിന കേസുകളില്‍ പകുതിയും ഇപ്പോള്‍ കേരളത്തിലാണ്. മരണ നിരക്ക് 3,700 ആയി ഉയര്‍ന്നു. നിലവില്‍ മൊത്തം കേസുകളില്‍ മൂന്നാമതും ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതും കേരളമാണെന്നത് ആശങ്കാജനകമാണ്. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 72,392 പേര്‍ വരും സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവയാണ് കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനങ്ങള്‍. എന്നാല്‍ ഈ നാല് സംസ്ഥാനങ്ങളിലെയും മൊത്തം രോഗബാധിതരുടെ എണ്ണം (61,489) കേരളത്തിലേതിനേക്കാള്‍ താഴെയാണ്. രോഗമുക്തരേക്കാള്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജനുവരി നാല് മുതല്‍ പത്ത് വരെയുള്ള ഒരാഴ്ചക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 35,296 ആയിരുന്നെങ്കില്‍ ജനുവരി 11 തൊട്ടുള്ള ആഴ്ചയില്‍ അത് 36,700 ആയും ജനുവരി 18 തൊട്ടുള്ള ആഴ്ചയില്‍ 42,430 ആയും ഉയര്‍ന്നു. അടുത്ത രണ്ടാഴ്ചക്കകം സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
രോഗബാധയുടെ ആദ്യ ഘട്ടത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത്. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീടുകളിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം മികച്ച നിലവാരം പുലര്‍ത്തി. ബ്രേക്ക് ദ ചെയിന്‍ പദ്ധതിയിലൂടെ വ്യക്തി ശുചിത്വം ഉറപ്പ് വരുത്തി. ഇവ്വിഷയകമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും (ഐ സി എം ആര്‍) സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിദേശ രാഷ്ട്രങ്ങളുടെയും ബി ബി സി പോലുള്ള ലോകമാധ്യമങ്ങളുടെയും പ്രശംസയും കേരളം പിടിച്ചു പറ്റി. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ചറിയാന്‍ തെലങ്കാന, ഒഡീഷ, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്ഥാനത്തെത്തി. കേരളം രാജ്യത്തിനു തന്നെ മാതൃകയാണെന്നാണ് അന്ന് തെലങ്കാന സര്‍ക്കാറിന്റെ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടത്.
കൊവിഡ് നിയന്ത്രണത്തില്‍ കേരളം കൈവരിച്ച ഈ നേട്ടങ്ങള്‍ നിലനിര്‍ത്തി ഈ വര്‍ഷമാദ്യത്തോടെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനും ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാനുമുള്ള ഒരുക്കത്തിലായിരുന്നു സര്‍ക്കാര്‍. അതിനിടെ കടന്നുവന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പാണ് എല്ലാം താളം തെറ്റിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ രോഗവ്യാപനം പൂര്‍വോപരി ശക്തി പ്രാപിക്കുമെന്നും ആരോഗ്യ വകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ജ്വരത്തിനിടയില്‍ അതെല്ലാം വിസ്മരിച്ചു രാഷ്ട്രീയ പ്രവര്‍ത്തകര്‍. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് പലരും പ്രചാരണത്തിനിറങ്ങിയത്. തിരഞ്ഞെടുപ്പായതിനാല്‍ പോലീസും അധികൃതരും അതിനു നേരേ കണ്ണുചിമ്മുകയും ചെയ്തു. ഇന്നലെ തിരുവനന്തപുരത്ത് ഭരണസിരാ കേന്ദ്രത്തിനു തൊട്ടുമുമ്പില്‍ നടന്ന സെക്രട്ടേറിയറ്റ് കാന്റീന്‍ ഭരണ സമിതി തിരഞ്ഞെടുപ്പിലും കൊവിഡ് പ്രോട്ടോകോളുകളെല്ലാം കാറ്റില്‍ പറത്തി. നൂറുകണക്കിനു ജീവനക്കാരുടെ തള്ളിക്കയറ്റമായിരുന്നു വോട്ടെടുപ്പ് നടന്ന ദര്‍ബാര്‍ ഹാളിലും സൗത്ത് കോണ്‍ഫറന്‍സ് ഹാളിലും ദൃശ്യമായത്. നിയന്ത്രണം കര്‍ശനമാക്കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനത്തിന് ജീവനക്കാര്‍ പുല്ല് വില പോലും കല്‍പ്പിച്ചില്ല.
നിയന്ത്രണങ്ങളില്‍ വരുത്തിയ അയവ്, കൊവിഡിനെ ഇനി അത്രമാത്രം ഭയപ്പെടേണ്ടതില്ലെന്ന ധാരണ സമൂഹത്തെ ബാധിക്കാനും ഇടയാക്കി. ആരാധനാലയങ്ങളില്‍ മാത്രമാണ് നിലവില്‍ അല്‍പ്പമെങ്കിലും നിയന്ത്രണങ്ങളും കരുതല്‍ നടപടികളുമുള്ളത്. കൊവിഡ് പ്രതിരോധത്തില്‍ സമൂഹത്തിന് മാതൃകയും വഴികാട്ടികളുമാകേണ്ട ജനപ്രതിനിധികള്‍ പോലും കടുത്ത അലംഭാവവും അശ്രദ്ധയും ജാഗ്രതക്കുറവുമാണ് കാണിക്കുന്നത്. ബജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ മാസ്‌ക് താഴ്ത്തിയിടുകയും സംസാരിക്കുമ്പോള്‍ മാസ്‌ക് മാറ്റുകയും ചെയ്തതിന് ചില എം എല്‍ എമാര്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചരുടെ ശാസനക്കു വിധേയരായി. അശ്രദ്ധയുടെയും ജാഗ്രതക്കുറവിന്റെയും അനന്തര ഫലമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വോട്ടെടുപ്പ് മൂന്ന് ഘട്ടമാക്കിയതുള്‍പ്പെടെ രോഗപ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളെല്ലാം ഇതോടെ വ്യര്‍ഥമാകുകയായിരുന്നു.
രോഗത്തിന്റെ രണ്ടാം വരവ് ശക്തിപ്പെട്ടതോടെ കര്‍ശന ജാഗ്രതാ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കുന്നതുള്‍പ്പെടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും ബസ് സ്റ്റാന്‍ഡ്, ഷോപ്പിംഗ് മാള്‍, സമ്മേളന വേദികള്‍, വിവാഹ ചടങ്ങുകള്‍ അടക്കം ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിദിന പി സി ആര്‍ പരിശോധനകളുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്തുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ ജാഗ്രതാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. പൊതുഗതാഗതത്തിലും തിയ്യേറ്റര്‍, ഷോപ്പിംഗ് മാള്‍ എന്നിവിടങ്ങളിലും പകുതി ശതമാനം ആളുകള്‍ക്ക് മാത്രമാകും പ്രവേശനാനുമതി. വിവാഹ ചടങ്ങുകള്‍ അടച്ചിട്ട ഹാളുകളില്‍ ഒഴിവാക്കാനും പരമാവധി തുറസ്സായ സ്ഥലങ്ങളില്‍ നടത്താനും നിര്‍ദേശമുണ്ട്.
അധികൃതരുടെ ഇടപെടല്‍ കൊണ്ട് മാത്രം നിയന്ത്രിക്കാനാകില്ല ഈ മാരക രോഗം. രോഗ ചികിത്സയല്ല, രോഗം വരാതെ സൂക്ഷിക്കുകയാണ് കൊവിഡിന്റെ കാര്യത്തില്‍ ഏറ്റം ഫലപ്രദം. ജനങ്ങള്‍ കൂടി സഹകരിച്ചെങ്കിലേ ഇത് സാധ്യമാകൂ. വിശിഷ്യാ രോഗബാധിതരുള്ള വീടുകളില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ആവശ്യമാണ്. 56 ശതമാനം പേര്‍ക്കും രോഗം പടരുന്നത് വീടിനുള്ളില്‍ നിന്നാണെന്നാണ് തിരുവനന്തപുരം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം കാണിക്കുന്നത്.
source http://www.sirajlive.com/2021/01/30/466709.html
Post a Comment