ജനകീയ സമരത്തെ ‘അക്രമാസക്ത’മാക്കിയതാര്?

കര്‍ഷക സമരം അക്രമാസക്തമായതിനെ കുറിച്ചുള്ള ആശങ്കകളാണ് നിറയെ. അക്രമാസക്തമായി എന്ന വിലാപം സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വലിയ കോളത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് മാസം ജനാധിപത്യപരമായി നടന്ന സമരം സര്‍ക്കാറും ഈ മാധ്യമങ്ങളും സൗകര്യപൂര്‍വം വിസ്മരിച്ചുവരികയായിരുന്നു എന്നതാണ് രസകരം. അക്രമാസക്തമാകുമ്പോള്‍ മാത്രം ചര്‍ച്ചക്കെടുക്കാനുള്ളതാണ് മോദി ഭാരതത്തിലെ ജനകീയ സമരങ്ങള്‍ എന്ന മാധ്യമ നിലപാടാണ് ജനാധിപത്യ സമൂഹത്തിന് നിരക്കാത്തത് എന്ന് പറയാതെ വയ്യ. എങ്ങനെ അക്രമങ്ങള്‍ ഉണ്ടായി? ആരാണ് അക്രമം തുടങ്ങുന്നത് എന്നൊക്കെയുള്ള ചര്‍ച്ചകള്‍ക്ക് മേല്‍പറഞ്ഞ അടിമ മാധ്യമങ്ങളില്‍ ഇടം കാണില്ല എന്ന യാഥാര്‍ഥ്യ ബോധത്തോടെ മാത്രമേ കര്‍ഷക സമരത്തെ കുറിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെ സമീപിക്കേണ്ടതുള്ളൂ. അതേസമയം ജനങ്ങളുടെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് സംഘ്പരിവാരത്തിന്റെ ധാര്‍ഷ്ട്യവും കുബുദ്ധിയും വേണ്ടുവോളമുള്ള ഒരു ഏകാധിപത്യ സര്‍ക്കാറായതിനാല്‍ തന്നെ സമരത്തെ അവമതിക്കാന്‍ ഗൂഢാലോചനകളെമ്പാടും നടന്നിട്ടുണ്ടാകുമെന്ന കാര്യവും മറക്കരുത്.

ആധുനിക ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഒരു സമരമാണ് കഴിഞ്ഞ രണ്ട് മാസമായി തലസ്ഥാന നഗരിയുടെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തിപ്പോന്നത്. മണ്ണിന്റെ മക്കള്‍ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം എന്ന നിലക്ക് കര്‍ഷക സമരം നേടിയ ജനശ്രദ്ധ കേന്ദ്ര സര്‍ക്കാറിനെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ സമരം തകര്‍ക്കാനുള്ള ശ്രമങ്ങളും കുറേയുണ്ടായി. അതിര്‍ത്തികളിലേക്കെത്തിയ കര്‍ഷകരെ ഡല്‍ഹി പോലീസിന് പുറമെ ഹരിയാന, യു പി പോലീസും അതത് അതിര്‍ത്തിക്കുള്ളില്‍ ക്രൂരമായി നേരിട്ടു. കണക്കില്ലാത്തത്ര കണ്ണീര്‍ വാതക പ്രയോഗങ്ങള്‍, കൊടും തണുപ്പിലും ജലപീരങ്കി, വൃദ്ധരായ സമരക്കാരെ പോലും ഉന്നം വെച്ചുകൊണ്ടുള്ള മൃഗീയമായ ലാത്തിവീശലുകള്‍, കോണ്‍ക്രീറ്റിന്റെയും ഉരുക്കിന്റെയും തടയണകള്‍, നീളത്തിലും ആഴത്തിലും വീതിയിലും കുത്തിക്കിളച്ച് കിടങ്ങുകള്‍… എന്നിട്ടും കര്‍ഷകര്‍ പിന്മാറിയില്ല. അവര്‍ ഇരിപ്പു സമരം തുടര്‍ന്നു. പത്തിലധികം ചര്‍ച്ചകള്‍ അവര്‍ കേന്ദ്ര സര്‍ക്കാറുമായി നടത്തി. എല്ലാം പരാജയം. അപ്പോഴും അച്ചടക്കമുള്ള സമരത്തിന്റെ പക്വത പ്രകടമായി. പോലീസിന്റെ ബലപ്രയോഗങ്ങളും സര്‍ക്കാറിന്റെ അവഗണനകളും മെല്ലെപ്പോക്കും ചര്‍ച്ചാ പ്രഹസനങ്ങളുമൊക്കെ വിലപ്പോകാതെയായപ്പോള്‍ എന്‍ ഐ എയും ഐ ബിയും സമരക്കാര്‍ക്കിടയില്‍ കയറി നിരങ്ങി. സാമൂഹിക മാധ്യമങ്ങളിലും മറ്റും തീവ്രവാദ ചാപ്പകള്‍ പെരുകി. ബി ജെ പി നേതാക്കള്‍ തന്നെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ കര്‍ഷകര്‍ക്കെതിരെ ഉയര്‍ത്തി. എന്നിട്ടും സമരത്തിന്റെ വീര്യം തണുത്തില്ല. ദിനേന സമരക്കാര്‍ക്ക് പിന്തുണയേറി. ട്രാക്ടറുകളിലും ലോറികളിലും കാല്‍നടയായും രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ വന്നുകൊണ്ടേയിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ നിഷേധാത്മക സമീപനങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഉയര്‍ത്തിയ ഏറ്റവും തീക്ഷ്ണമായ സമര നടപടിയായിരുന്നു റിപ്പബ്ലിക് ദിനത്തില്‍ നടക്കേണ്ടിയിരുന്ന ട്രാക്ടര്‍ പരേഡ്. കര്‍ഷകര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെയുള്ള ഒരു ട്രാക്ടര്‍ പരേഡ് കഴിഞ്ഞ ദിവസം ഉണ്ടായില്ല എന്നതാണ് നേര്. രണ്ട് ലക്ഷം ട്രാക്ടറുകള്‍ നിരനിരയായി തലസ്ഥാന നഗരി കീഴടക്കുന്ന ഒരു കാഴ്ച നമ്മള്‍ കണ്ടില്ല. ട്രാക്ടര്‍ റാലിയുടെ സമയവും റൂട്ടും ഒന്നും നേരത്തേ കേട്ടിരുന്നത് പോലെയായില്ല. എന്നിരുന്നാലും റിപ്പബ്ലിക് ദിനത്തിന്റെ അന്ന് ഒരു ട്രാക്ടര്‍ റാലി എന്നത് ഏറെ ശ്രദ്ധേയമായ ഒരു നീക്കമായി കണക്കാക്കപ്പെട്ടിരുന്നു. മുന്‍കാല റിപ്പബ്ലിക് പരേഡുകളില്‍ ട്രാക്ടറുകള്‍ പരേഡിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ കാര്‍ഷിക രംഗം എത്രമേല്‍ അഭിവാജ്യമായ ഘടകമാണെന്ന തിരിച്ചറിവായിരുന്നു റിപ്പബ്ലിക് ദിന പരേഡുകളിലെ ഇത്തരം സാന്നിധ്യങ്ങള്‍. നെഹ്‌റുവിയന്‍ സോഷ്യലിസത്തിനും ഇന്ദിരയുടെ ഹരിത വിപ്ലവത്തിനും ശേഷം കാര്‍ഷിക രംഗം പതുക്കെ അവഗണിക്കപ്പെട്ടു തുടങ്ങി. കാര്‍ഷിക രംഗം കൂടാതെ വ്യവസായ- സേവന മേഖലകളിലേക്ക് കൂടി രാജ്യത്തിന്റെ സാമ്പത്തിക രംഗം വിപുലപ്പെടുകയായിരുന്നു എന്ന് കൂടി ഇതിനെ വ്യാഖ്യാനിക്കാം. തൊണ്ണൂറുകളില്‍ കാര്‍ഷിക രംഗം അവഗണിക്കപ്പെടുകയായിരുന്നു എന്ന തെറ്റ് തിരുത്താന്‍ 2004 മുതലുള്ള യു പി എ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ കര്‍ഷകരുടെ ഉപജീവനം കൂടി ലക്ഷ്യമിട്ടാണ് തൊഴിലുറപ്പ് പദ്ധതി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ കാര്‍ഷിക രംഗത്തെ മോദി സര്‍ക്കാര്‍ പാടെ അവഗണിച്ചു.

എന്‍ ഡി എ സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങള്‍ ബാലിശമായിരുന്നു. അധികാരത്തില്‍ വന്ന് പിറ്റേ വര്‍ഷം തന്നെ താങ്ങുവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് താത്പര്യമില്ലെന്ന് സുപ്രീം കോടതിയില്‍ മോദി സര്‍ക്കാര്‍ വ്യക്തമാക്കി. താങ്ങുവിലയുടെ കാര്യത്തില്‍ സ്വാമിനാഥന്‍ കമ്മിറ്റി നിര്‍ദേശിച്ച സിടു+ 50 വൈ എന്ന സമവാക്യവും ഈ സര്‍ക്കാര്‍ അവഗണിച്ചു. മോദിയുടെ സ്വപ്‌ന പദ്ധതിയായി കണക്കാക്കുന്ന പി എം കിസാന്‍ പോലും പൂര്‍ണമായി നടപ്പാക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇതുപോലെ കാര്‍ഷിക രംഗത്തോട് മോദി സര്‍ക്കാര്‍ തുടരുന്ന അവഗണനയുടെ ഏറ്റവും അപകടകരമായ നയമാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍. താങ്ങുവിലയുടെ ഉറപ്പ് അട്ടിമറിക്കുന്നതിലൂടെ സ്വന്തം ഉത്പന്നങ്ങളുടെ മേല്‍ കര്‍ഷകന് യാതൊരു അധികാരവുമില്ലാതാകുകയാണ്. എ പി എം സി ചന്തകള്‍/ മണ്ഡികള്‍ ഒഴിവാക്കി സ്വതന്ത്ര വ്യാപാരം എന്ന കെണിയൊരുക്കി കര്‍ഷകനെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. സ്വതന്ത്ര വിപണിയെന്നത് തന്നെ കര്‍ഷകര്‍ക്ക് നഷ്ടമാണ് ആത്യന്തികമായി ഉണ്ടാക്കുക എന്ന സാമ്പത്തിക ശാസ്ത്രത്തിലെ ഒരു സാര്‍വത്രിക നിയമം പോലും ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല. കരാര്‍ കൃഷിയാകട്ടെ കുത്തക കമ്പനികള്‍ക്ക് കാര്‍ഷിക മേഖല അധീനപ്പെടുത്താനുള്ള നിയമാനുസൃത വഴി കാണിക്കുന്നു. കരാര്‍ കൃഷിയില്‍ തര്‍ക്കമുടലെടുത്താല്‍ അതിന് പരിഹാരം കാണുന്നതെങ്ങനെയെന്നതില്‍ നിയമം മൗനം പാലിക്കുകയാണ്. തര്‍ക്കപരിഹാരം ദുര്‍ബലമായ ഒരു നിയമം ഇവിടെ കുത്തകകളെയല്ലാതെ ആരെ സഹായിക്കാനാണ്. അവശ്യ സാധന നിയമമാകട്ടെ പൂഴ്ത്തിവെപ്പിനും കുത്തക കമ്പനികളുടെ ഭീമന്‍ സ്റ്റോറേജുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ കുന്നുകൂട്ടി സംഭരിക്കാനും വഴിവെക്കുകയും ചെയ്യുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മനുഷ്യ നിര്‍മിത ഭക്ഷ്യക്ഷാമം ഉണ്ടാക്കുന്ന നിയമങ്ങളാണ് ഇവ. അക്കണക്കിന് ഇത് കേവലം കര്‍ഷകരുടെ മാത്രം പ്രശ്‌നമായി ഒതുക്കാവുന്നതല്ല. എന്നിട്ടും ഈ വിഷയം കര്‍ഷകര്‍ തന്നെയാണ് തെരുവിലേക്കെത്തിച്ചത്.

ഇപ്പോള്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ടിടപെടാതെ നിന്നത് ഒരു പരിധിവരെ കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായി എന്ന് കണക്കാക്കാം. രാഷ്ട്രീയ പ്രശ്‌നമായി ഈ സമരത്തെ എളുപ്പത്തില്‍ പ്രതിരോധത്തിലാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല. സി എ എ വിരുദ്ധ സമരങ്ങളിലും സ്ഥിതി സമാനമായിരുന്നല്ലോ. അപ്പോഴും തീവ്രവാദം ആരോപിച്ചുകൊണ്ട് സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ തുനിഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ നടന്ന കര്‍ഷക പ്രക്ഷോഭം അക്രമാസക്തമായത് ചൂണ്ടിക്കാണിച്ച് സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. പൊതുമുതല്‍ നശിപ്പിച്ചതിന് കര്‍ഷകര്‍ക്കെതിരെ കേസും ഫയല്‍ ചെയ്തു. പോലീസ് വെടിവെച്ചു കൊന്നു എന്ന് കര്‍ഷകര്‍ ആരോപിക്കുന്ന കര്‍ഷകനെതിരെയും പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ട്രാക്ടര്‍ റാലിക്ക് അനുമതിയുണ്ടായിട്ട് പോലും കര്‍ഷകര്‍ വാക്ക് പാലിച്ചില്ലെന്നാണ് പോലീസും സര്‍ക്കാറും ആരോപിക്കുന്നത്. എന്നാല്‍ വാക്ക് ലംഘിച്ചതും കബളിപ്പിച്ചതുമെല്ലാം സര്‍ക്കാര്‍ തന്നെയല്ലേ. സര്‍ക്കാര്‍ നടത്തിയെന്ന് പറയുന്ന ചര്‍ച്ചകളെല്ലാം പ്രഹസനമായിരുന്നില്ലേ. ഒടുവില്‍ നിയമങ്ങള്‍ മരവിപ്പിച്ച സുപ്രീം കോടതി നടപടി പോലും സര്‍ക്കാറിന്റെ നാടകമാണെന്ന് ആരോപണം ഉയര്‍ന്നില്ലേ. പ്രസ്തുത വിഷയത്തില്‍ സുപ്രീം കോടതി നിശ്ചയിച്ച ഉന്നത സമിതിയിലെ മുഴുവന്‍ അംഗങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമാണെന്ന വസ്തുത ചേര്‍ത്തുവായിക്കുമ്പോള്‍ പരമോന്നത നീതിപീഠം ആര്‍ക്കൊപ്പം നിന്നുവെന്നത് ആശങ്കയുയര്‍ത്തുന്ന കാര്യമല്ലേ. ഇതിനെല്ലാം മുമ്പ് ഈ നിയമങ്ങള്‍ പാര്‍ലിമെന്റിലെത്തിയപ്പോള്‍ സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് നോക്കൂ. രാജ്യസഭയില്‍ പാര്‍ലിമെന്ററി ചട്ടങ്ങള്‍ തന്നെ അട്ടിമറിച്ചാണ് ബില്‍ പാസ്സാക്കിയെടുത്തത്. പ്രതിഷേധിച്ച എട്ട് എം പിമാരെ സസ്‌പെന്‍ഡും ചെയ്തു. ഈ സമരം തുടങ്ങിയതിന് ശേഷം നൂറിലധികം കര്‍ഷകര്‍ മരണപ്പെട്ടു. കൊടും തണുപ്പിലും കര്‍ഷകര്‍ കേന്ദ്രത്തോട് ചര്‍ച്ചകള്‍ക്ക് തയ്യാറായി ക്ഷമിച്ചിരുന്നു. സ്വന്തം നിലനില്‍പ്പ് ഭീഷണിയിലായ ഒരു ജനത നയിക്കുന്ന സമരത്തിന് ഇതിലധികം അച്ചടക്കം ആവശ്യപ്പെടുന്നത് തന്നെ ഒരു വൃത്തികെട്ട നടപടിയാണ്, പ്രത്യേകിച്ചും ഡല്‍ഹി പോലീസ് നിയമപാലനം നടത്തുന്നൊരിടത്ത്.

കര്‍ഷകര്‍ അതിര്‍ത്തി കടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചത് മുതല്‍ പോലീസ് അവരെ പ്രതിരോധിക്കുന്നുണ്ടായിരുന്നു. പ്രതിരോധമെന്ന വാക്ക് സത്യവിരുദ്ധമായേക്കും. പ്രകോപനമാണ് ചേരുക. വഴി തടഞ്ഞും കണ്ണീര്‍ വാതകങ്ങള്‍ തൊടുത്തും ലാത്തി വീശിയും വര്‍ഗീയപരമായ തെറിയഭിഷേകം നടത്തിയും സ്വതസിദ്ധമായ ശൈലിയില്‍ അമിത് ഷായുടെ പോലീസ് കര്‍ഷകരെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ കര്‍ഷകര്‍ പോലീസിനെ തിരിച്ചാക്രമിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി. രണ്ട് മാസമായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യം കേന്ദ്ര സര്‍ക്കാര്‍ സാധിച്ചെടുക്കുന്നത് ഈ സന്ധിയില്‍ വെച്ചാണ്. ബി ജെ പിക്ക് വിടുവേല ചെയ്യുന്ന മാധ്യമങ്ങള്‍ ആദ്യവും പിന്നീട് ഒരു വിധം എല്ലാ മാധ്യമങ്ങളും കര്‍ഷകര്‍ക്ക് നേരേ തിരിഞ്ഞു. ഇന്ത്യാ ടുഡേ, “ഫാര്‍മേഴ്‌സ് പ്രൊട്ടസ്റ്റ് ടേണ്‍സ് അഗ്ലി’ എന്ന് ബ്രേക്കിംഗ് സ്‌ക്രോള്‍ കൊടുത്തു. മാധ്യമങ്ങളില്‍ തത്സമയം വന്ന ദൃശ്യങ്ങളും അവതരണങ്ങളും ആരോപണങ്ങളും കൃത്യമായി കര്‍ഷകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി.

മോദിയുടേയും അമിത് ഷായുടേയും പോലീസ് നടത്തുന്ന നരനായാട്ടൊന്നും ഇവിടെ വാര്‍ത്തയാകാതെ പോകുന്ന നടപ്പുരീതി ആവര്‍ത്തിക്കപ്പെടുകയായിരുന്നു. അതിനിടെ സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുകയായിരുന്ന സര്‍ക്കാര്‍ ഐഡികളുള്ള പതിനഞ്ചോളം ജീവനക്കാരെ കര്‍ഷകര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു എന്ന വാര്‍ത്തയും കേള്‍ക്കുന്നുണ്ടായിരുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെ ഹൃദയ ഭാഗങ്ങളില്‍ കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ആയിരക്കണക്കിന് വരുന്ന സമരക്കാര്‍ക്കിടയില്‍ സംഘ്പരിവാര്‍ നുഴഞ്ഞുകയറി അച്ചടക്കരാഹിത്യം കാണിക്കുകയായിരുന്നുവെന്നും ആരോപണം ശക്തമാണ്. ചെങ്കോട്ടയിലേക്ക് ഇരച്ചുകയറിയ കര്‍ഷകരെ നയിച്ചിരുന്നത് ബി ജെ പിയോട് അടുത്ത ബന്ധമുള്ള ദീപ് സിദ്ദുവെന്ന പഞ്ചാബി നടനാണെന്ന് വ്യക്തമായി കഴിഞ്ഞു. മാത്രമല്ല ചെങ്കോട്ടയില്‍ നിന്നും തലസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമെല്ലാം കര്‍ഷക സമരക്കാരെ യൂനിയന്‍ നേതാക്കള്‍ തിരികെ വിളിക്കുകയും ചെയ്തു. പോലീസും സുരക്ഷാ സേനയും പരാജയപ്പെട്ടിടത്ത് സമരക്കാരെ നിയന്ത്രിക്കാന്‍ കര്‍ഷക നേതാക്കള്‍ക്ക് തന്നെയാണ് കഴിഞ്ഞത്.

ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയെന്നത് ഒരു ക്ലീഷേ ആണെങ്കിലും സംഘ്പരിവാര്‍ ഭരിക്കുന്നിടത്ത് അത് അനിവാര്യമാണെന്ന് വരും. എന്നാല്‍ പോലീസിനെ തിരിച്ചു തല്ലുമ്പോഴേക്കും, കണ്ണീര്‍വാതകത്തിന് പകരം കല്ലേറുണ്ടാകുമ്പോഴേക്കും സമരം കലാപമായി മാറുന്ന യുക്തി അല്‍പ്പം പിശകാണ്. അവരോട് ചോദിക്കാനുള്ളത് കടക്കെണിമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലെ ഭരണകൂട ഹിംസയെ പറ്റിയാണ്. 2019ല്‍ ശരാശരി ഓരോ ദിവസവും 28 കര്‍ഷകരും 89 നിത്യവേതനക്കാരും ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിലും വലിയ എന്ത് ഹിംസയാണ് ഇവിടെ നടന്നത്.

ഖലിസ്ഥാന്‍ പതാക ഉയര്‍ത്തി എന്ന സംഘ്പരിവാര്‍ നുണയെ പ്രതിരോധിക്കുമ്പോള്‍ തന്നെ ത്രിവര്‍ണ പതാകയല്ലാത്ത ഒരു പതാക ചെങ്കോട്ടക്ക് മുകളില്‍ ഉയര്‍ത്തുന്നത് ആഘോഷിക്കാന്‍ തരമില്ല. കാരണം, ഇത്തരം വിഷയങ്ങള്‍ ഒരു കീഴ് വഴക്കമായി കിട്ടാന്‍ താത്പര്യപ്പെടുന്നവരാണ് യഥാര്‍ഥത്തില്‍ സംഘ്പരിവാറുകാര്‍. ഇപ്പറയുന്ന ചെങ്കോട്ടയില്‍ തന്നെ 1980ല്‍ ആര്‍ എസ് എസ് അവരുടെ പതാക ഉയര്‍ത്തിയിട്ടുണ്ട്. രാജസ്ഥാന്‍ കോടതിക്ക് മുകളിലും പാലക്കാട് നഗരസഭക്ക് മുകളിലും വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പള്ളി മിനാരങ്ങളിലും അവരുയര്‍ത്തിയ സംഘ്പരിവാര്‍ അടയാളങ്ങള്‍ നാളെ മറ്റേതെങ്കിലും സമരത്തിന്റെ വേളയിലോ ആഘോഷ സന്ദര്‍ഭങ്ങളിലോ ഇഷ്ടമുള്ളിടത്തൊക്കെ ഉയര്‍ത്താന്‍ അവര്‍ക്ക് ഇതൊക്കെ ഒരു ന്യായമാകും. അല്ലെങ്കിലേ മുഗള്‍ സാമ്രാജ്യം ഉണ്ടാക്കിയ ചരിത്ര നിര്‍മിതികളോടൊക്കെ എന്തെന്നില്ലാത്ത അറപ്പും അമര്‍ഷവും അവര്‍ക്കുണ്ട്. കഴിഞ്ഞ ആഴ്ചയും താജ്മഹലില്‍ കാവിക്കൊടിക്കാരുടെ അഭ്യാസങ്ങളുണ്ടായിരുന്നു. അതിനാല്‍ ഇത്തരം വിഷയങ്ങളില്‍ പക്ഷം ചേരുന്നത് ഇന്നത്തെ ഇന്ത്യയുടെ ആരോഗ്യത്തിന് ഹാനികരമാകും.

എന്തൊക്കെയായാലും കര്‍ഷകര്‍ക്കിടയില്‍ നേരിയതെങ്കിലും ഭിന്നിപ്പുണ്ടാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞുവെന്നാണ് മനസ്സിലാകുന്നത്. നാളെ പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടാകുന്നത് സമരത്തെ പ്രതികൂലമായി ബാധിക്കും.

വര്‍ഗീയത പറഞ്ഞാല്‍ തിരഞ്ഞെടുപ്പുകള്‍ ജയിക്കാമെന്നും കാശിറക്കിയാല്‍ ഏത് സര്‍ക്കാറുകളേയും അട്ടിമറിക്കാമെന്നും ബി ജെ പിക്ക് ആത്മവിശ്വാസമുള്ളിടത്തോളം കാലം ജനദ്രോഹ നിയമങ്ങള്‍ ഇനിയും വരും. വിഭാഗീയ നിയമങ്ങള്‍ ഇനിയും നടപ്പാക്കപ്പെടും. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സുഗമമായി നിയമനിര്‍മാണങ്ങള്‍ തുടരും. ഇന്ത്യയിലെ ജനങ്ങള്‍ തോറ്റുകൊണ്ടേയിരിക്കും.



source http://www.sirajlive.com/2021/01/28/466530.html

Post a Comment

أحدث أقدم