ഗാന്ധിയെന്ന രാഷ്ട്രീയ പ്രതിരോധം

ഓരോ ജനുവരി മുപ്പതും ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ധീരമായ ഓര്‍മയുടെ ദിനം കൂടിയാണ്. മഹത്തായ വെളിച്ചത്തെ ഊതിക്കെടുത്തിയ കറുത്ത ദിനം. അതിന്റെ പ്രാധാന്യം എക്കാലത്തും പ്രസക്തമാകുന്നത് ഗാന്ധിജിയെ വെടിവെച്ച് കൊന്നത് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമായിട്ടാണ് എന്ന തുടക്കം മുതലുള്ള തിരിച്ചറിവാണ്. ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഗാന്ധിജിയുടെ നിരീക്ഷണങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ഗ്രാമ സ്വരാജുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളെ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യേണ്ട കാലമാണിത്. അത് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ കൂടി ഭാഗമാണ്. എന്തിനു വേണ്ടിയാണോ ഗാന്ധിജിക്ക് രക്തസാക്ഷി ആകേണ്ടി വന്നത് ആ ഉദ്ദേശ്യ ലക്ഷ്യത്തിലേക്ക് ഇന്ത്യയിലെ ഫാസിസ്റ്റ് രാഷ്ട്രീയ സംവിധാനം വളര്‍ന്നുകഴിഞ്ഞു. അതിനെ പ്രതിരോധിക്കാന്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ രാഷ്ട്രീയമായി വികസിപ്പിക്കണം. അത് കേവലം ഭരണകൂടത്തിന്റെ അധികാര മാറ്റത്തിനു വേണ്ടി മാത്രമല്ല. മറിച്ച് രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതി ഉണ്ടാക്കിയ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ക്ക് എതിരായ പ്രതിരോധമായി കൂടി മാറേണ്ടതുണ്ട്.

നിലവിലെ ഇന്ത്യന്‍ ഭരണകൂടം രാജ്യത്തിന്റെ ബഹുസ്വരതയെയും നാനാത്വങ്ങളെയും പൂര്‍ണമായി നിരാകരിച്ചത് ജനാധിപത്യപരമായി നേടിയ അധികാരത്തില്‍ നിന്നുകൊണ്ടാണ്. അതു വഴി ഏകാധിപത്യത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമം വലിയ രീതിയില്‍ വിജയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് അവര്‍ ഉപയോഗിക്കുന്നത് ഭൂരിപക്ഷ മതത്തെ തീവ്ര മത ബോധത്തിലേക്ക് വളര്‍ത്തുക എന്ന തന്ത്രമാണ്. ഇന്ത്യ എന്ന ദേശ രാഷ്ട്രത്തിലെ നാനാജാതി മതപരമായ വൈജാത്യങ്ങളെയും നിരാകരിച്ചു കൊണ്ട് ദേശീയമായും വംശീയമായും ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തെ അവര്‍ മനു രാഷ്ട്രമാക്കി മാറ്റി വരക്കുകയാണ്.

അതിന്റെ പ്രത്യയശാസ്ത്ര പരിസരം തീവ്ര ഹിന്ദുത്വത്തിന്റെ ജൈവഘടനയില്‍ നിന്നാണ് ഉയിര്‍ക്കൊള്ളുന്നത്. ചരിത്രത്തെ വസ്തുതാവിരുദ്ധമായി മാറ്റി എഴുതിക്കൊണ്ടാണ് അത് സാധ്യമാകുന്നത്. ഇത്തരം മാറ്റിപ്പണിയലുകള്‍ക്ക് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഹിന്ദു മഹാസഭ തുടക്കം കുറിച്ചതാണ്. അപ്പോഴൊക്കെ ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ അകം ബലത്തിലാണ് അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ തീവ്ര ഹിന്ദുത്വ വാദികള്‍ അതിന് എതിരായിരുന്നു. അവര്‍ക്ക് അന്നും ഇന്നും ബഹുസ്വരതയെ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഗോള്‍വാള്‍ക്കര്‍ എന്താണ് ഹിന്ദുസ്ഥാന്‍ എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ‘ഹിന്ദുസ്ഥാന്‍ എന്ന രാജ്യത്ത് രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ വരുന്നത് ഹിന്ദു വംശവും അതിന്റെ മതവും ഹിന്ദു സംസ്‌കാരവും മാത്രമാണ്.’ ഈ നിലപാട് തെറ്റാണെന്ന് ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിനു മുമ്പ് പഠിപ്പിച്ചത് മഹാത്മാ ഗാന്ധിയാണ്. ഹിന്ദുമതത്തില്‍ നില്‍ക്കുമ്പോഴും മറ്റു മതങ്ങളെ അംഗീകരിക്കാനും അതിന്റെ ആത്മീയ പരിസരങ്ങളെ ഉള്‍ക്കൊള്ളാനും ഗാന്ധിജി തന്റെ അനുയായികളെ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരുന്നു. ഇത് മനു സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ഹിന്ദുത്വ വര്‍ണ ജാതി ഘടനക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഗാന്ധിജിയെ വെടിവെച്ചു കൊല്ലേണ്ടി വന്നത്. ഹിന്ദുമതത്തെ രാഷ്ട്ര അധികാരഘടനയായി വളര്‍ത്തിയെടുക്കാന്‍ തുടക്കം മുതലേ ഹിന്ദു മഹാസഭക്ക് തടസ്സമായി നിന്നത് ഗാന്ധിജിയുടെ മതപരമായ കാഴ്ചപ്പാടായിരുന്നു. ആ തടസ്സത്തെ അവര്‍ നീക്കിയത് പച്ചയില്‍ ഗാന്ധിജിയെ കൊന്നുതള്ളിയാണ്. അതിനുശേഷം അവര്‍ പടിപടിയായി ഹിന്ദുത്വത്തെ രാഷ്ട്രീയമായി വികസിപ്പിച്ചു. ഇന്നത് ഇന്ത്യയിലെ അധികാര രാഷ്ട്രീയത്തിലൂടെ ഭരണകൂടമായി വികസിച്ചിരിക്കുന്നു. അതുണ്ടാക്കുന്ന എല്ലാതരം മനുഷ്യത്വ വിരുദ്ധതക്കും എതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഗാന്ധിജി വെളിച്ചമായിത്തീരുകയാണ്.

2014ന് ശേഷം ശക്തിപ്രാപിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന് വ്യക്തമായ അജന്‍ഡകള്‍ രൂപപ്പെടുന്നത് സ്വാതന്ത്ര്യത്തിനു മുമ്പാണ്. ആ അജന്‍ഡയില്‍ എത്താനുള്ള വഴിയിലെ പ്രഥമ തടസ്സം നീക്കിയത് ഗാന്ധിജിയെ കൊന്നു കൊണ്ടാണ്. അതിനു ശേഷം രാജ്യത്ത് നടന്ന നിരവധി വര്‍ഗീയ ലഹളകളിലൂടെ ഹിന്ദുത്വം അതിന്റെ തനിനിറം തുറന്നു കാട്ടി. സവര്‍ണ ഹിന്ദുത്വത്തെ പിന്തുണക്കാത്ത സ്വന്തം മതത്തിലെയും അന്യ മതത്തിലെയും മനുഷ്യരെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടാണ് ഗാന്ധിജിയുടെ ബഹുസ്വര ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള പണിയിപ്പോഴും തുടരുന്നത്. അതിനായി ഇന്നവര്‍ ഗാന്ധിജിയെയും കൂട്ടുപിടിക്കുന്നു. ഗാന്ധിജിയുടെ രാമരാജ്യ സങ്കല്‍പ്പത്തെ അവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഗാന്ധിജി തീവ്ര ഹിന്ദുത്വയുടെ ഭാഗമാണെന്ന് സ്ഥാപിച്ചെടുക്കാനാണ്.
തന്റെ ദൈവ വിശ്വാസ വ്യാഖ്യാനങ്ങളില്‍ പലയിടത്തും ഈശ്വരന്‍ എന്നത് സത്യത്തിന്റെ മൂര്‍ത്തീരൂപമാണെന്ന് ഗാന്ധിജി നിരീക്ഷിച്ചിട്ടുണ്ട്. ഭൂമിയിലെ ദൈവരാജ്യം എന്നതിനെ അനുഭവ ജ്ഞാനത്തിലൂടെയാണ് ഗാന്ധിജി അവതരിപ്പിച്ചത്. ഗാന്ധിജി അത് തുറന്നു പറഞ്ഞിട്ടുണ്ട്- “എന്റെ സ്വപ്‌നത്തിലുള്ള സ്വാതന്ത്ര്യത്തിന് അര്‍ഥം രാമരാജ്യം അഥവാ ഭൂമിയിലെ ദൈവ രാജ്യം എന്നാണ്’.

ഇങ്ങനെ ഭൂമിയില്‍ ഒരു രാജ്യം ഉണ്ടാകുമ്പോള്‍ മനുഷ്യന് അത് ആനന്ദത്തിന്റെ അപാരമായ അനുഭവമായി മാറുന്നു എന്ന് ഗാന്ധിജി കണ്ടെത്തുന്നു. ഇവിടെ സത്യം എന്നുള്ളത് ദൈവത്തിന്റെ മറ്റൊരു അര്‍ഥമായി ഗാന്ധിജി നിരീക്ഷിക്കുന്നു. അങ്ങനെയുള്ള രാമരാജ്യ സങ്കല്‍പ്പത്തെയാണ് ഹിന്ദുത്വ ഭരണകൂടം ഹിന്ദുത്വ ദേശീയത എന്ന ഫാസിസ്റ്റ് ക്രമത്തിലേക്ക് പുതുക്കിപ്പണിയുന്നത്. അതിന്റെ ലക്ഷ്യമാകട്ടെ ബഹുസ്വരത പൂത്തുനില്‍ക്കുന്ന ഇന്ത്യന്‍ മണ്ണിന്റെ ജൈവ ഘടനയെ വിഭാഗീയമായും വര്‍ഗീയമായും വിഘടിപ്പിച്ച് നിര്‍ത്തുക എന്നതാണ്. ഈ അവസരത്തിലാണ് ഗാന്ധിജിയെ വീണ്ടെടുക്കപ്പെടേണ്ടത് സമകാലീന ഇന്ത്യയുടെ അനിവാര്യതയായി മാറുന്നത്.

ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തുകയും അതിനു ശേഷം കോര്‍പറേറ്റ്‌വത്കരണത്തിലൂടെ സാധാരണ മനുഷ്യരുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിത്തീര്‍ക്കുകയും ചെയ്തു രാജ്യത്തെ ഭരണകൂടം. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുമ്പോള്‍ ഗാന്ധിജി വലിയൊരു വഴികാട്ടിയായി മാറുന്നുണ്ട്. ഗാന്ധിജി മുന്നോട്ടുവെച്ച രാമരാജ്യത്തിലെ രാഷ്ട്ര സംവിധാനമാണ് ഗ്രാമസ്വരാജ്. അവിടെ വ്യക്തികളുടെയും ഭരണകൂടങ്ങളുടെയും താത്പര്യത്തിന് അപ്പുറമാണ് ജനങ്ങള്‍ക്കുള്ള സ്ഥാനം. മനുഷ്യന്റെ ഭൗതിക വികാസത്തിന് ആവശ്യമായ സാഹചര്യം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ മതം നോക്കി, ദേശം നോക്കി, ചരിത്രം നോക്കി മനുഷ്യന്റെ സ്ഥായിയായ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന രീതിയെ അത് അംഗീകരിക്കുന്നില്ല. ഇന്ത്യയിലെ ഭരണകൂടം ചെയ്യുന്നത് അതാണ്.
രാജ്യത്തെ ജനങ്ങളുടെ ജിവിതാവസ്ഥകളെ പരിഗണിച്ച് നയങ്ങള്‍ സ്വീകരിക്കുന്നതിനു പകരം കോര്‍പറേറ്റുകളെയും നവ ലിബറല്‍ സാമ്പത്തിക നയങ്ങളെയുമാണ് ഹിന്ദുത്വ രാഷ്ട്രവാദികള്‍ സംരക്ഷിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ അരികുവത്കരിച്ചു കൊണ്ടും ഉന്‍മൂലനം ചെയ്ത് കൊണ്ടുമാണ് ഇത് സാധ്യമാക്കുന്നത്.

ഈയൊരു സാഹചര്യത്തിലാണ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം രാഷ്ട്രീയ പ്രതിരോധമായി മാറുന്നത്. ഇന്ത്യയിലെ നാനാത്വങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് മാത്രമേ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന് മുന്നോട്ട് പോകാന്‍ കഴിയൂ. അതിന് തയ്യാറാകാതെ ഹിന്ദുത്വ ഭരണകൂടം രാജ്യത്തെ എല്ലാ തരത്തിലുള്ള വൈവിധ്യങ്ങളെയും ഹൈന്ദവ സാംസ്‌കാരികതയുടെ ഭാഗമായി മാറ്റാനുള്ള ശ്രമത്തിലാണ്. ഇതിനെ പരാജയപ്പെടുത്താന്‍ ഗാന്ധിജി മുന്നോട്ടുവെച്ച ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഗ്രാമസ്വരാജ് തന്നെയാണ് പരിഹാരം. നിലവിലെ ഇന്ത്യക്ക് പ്രതിരോധ വഴിയായി സ്വീകരിക്കാനുള്ളതും അതു തന്നെ. പൗരത്വ വിഷയത്തിലും കാര്‍ഷിക സമരത്തിലും ഏറ്റവും അടിത്തട്ടിലെ മനുഷ്യര്‍ തീര്‍ത്ത പ്രതിരോധം അക്രമരഹിതമായ സമരമാര്‍ഗങ്ങളാണ്. ലോകം അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ സത്യഗ്രഹവും അഹിംസയും വഴി ഉണ്ടായ ജനങ്ങളുടെ സമാനതകളില്ലാത്ത ഒന്നിപ്പുകള്‍ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ തങ്ങളുടെ താത്പര്യങ്ങള്‍ക്കും ദേശരാഷ്ട്ര സങ്കല്‍പ്പത്തിനും അനുസരിച്ച് മാറ്റിത്തീര്‍ക്കാനുള്ള ഭരണകൂട തീരുമാനങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്ന വഴിയിലാണ് ഗാന്ധിജിയുടെ സമര മാര്‍ഗങ്ങള്‍ ഇന്ത്യക്ക് ആശ്വാസവും പ്രത്യാശയും നല്‍കുന്നത്.



source http://www.sirajlive.com/2021/01/30/466712.html

Post a Comment

أحدث أقدم