ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘത്തലവന്‍ അറസ്റ്റില്‍

ആംസ്റ്റര്‍ഡാം | ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘത്തിലൊന്നിന്റെ തലവനെ നെതര്‍ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ദി കമ്പനി എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവന്‍ സെ ചി ലോപ് ആണ് അറസ്റ്റിലായത്. ചൈനീസ് വംശജനായ കനേഡിയന്‍ പൗരനാണ് ഇയാള്‍.

ഏഷ്യയിലുടനീളം 70 ബില്യന്‍ ഡോളറിന്റെ മയക്കുമരുന്ന് വ്യാപാരമാണ് ഇയാളുടെ കമ്പനിക്കുള്ളത്. ലോകത്തെ പ്രധാന പിടികിട്ടാപ്പുള്ളിയായ ലോപിനെ ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ആസ്‌ത്രേലിയ പുറപ്പെടുവിച്ച വാറണ്ടിനെ തുടര്‍ന്നാണ് അറസ്റ്റ്.

വിചാരണ ചെയ്യുന്നതിന് വേണ്ടി ഇയാളെ വിട്ടുകിട്ടുന്നതിന് ആസ്‌ത്രേലിയ ആംസ്റ്റര്‍ഡാം കോടതിയെ സമീപിക്കും. ആസ്‌ത്രേലിയയിലെ 70 ശതമാനം അനധികൃത മയക്കുമരുന്ന് വില്‍പ്പനയും സാം ഗോര്‍ സിന്‍ഡിക്കേറ്റ് എന്ന പേരിലും അറിയപ്പെടുന്ന ദി കമ്പനിയാണ് നടത്തുന്നതെന്ന് ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലീസ് പറയുന്നു. മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ജോക്വിന്‍ എല്‍ ചാപോ ഗുസ്മാനോടാണ് 56കാരനായ സെ ചി ലോപിനെ സാമ്യപ്പെടുത്താറുള്ളത്.



source http://www.sirajlive.com/2021/01/24/466050.html

Post a Comment

Previous Post Next Post