ഈ മാസം 18ന് രാജ്യവ്യാപകമായി കര്‍ഷകര്‍ ട്രയിന്‍ തടയും

ന്യൂഡല്‍ഹി |  കേന്ദ്രത്തിന്റെ ജനദ്രോഹ കര്‍ഷക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന ഐതിഹാസിക സമരം പുതിയ തലത്തിലേക്ക്. ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന വഴിതടയല്‍ സമരങ്ങള്‍ക്ക് പുറമെ ട്രെയിന്‍ തടയാനുമാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഈ മാസം 18നാണ് കര്‍ഷകര്‍ ‘റെയില്‍ റോക്കോ’ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നാല് മണിക്കൂര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്നേ ദിവസം ട്രെയിനുകള്‍ തടയും.

കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കില്ലെന്ന് സൂചിപ്പിച്ചതോടെ പ്രക്ഷോഭം ശക്തമാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കര്‍ഷക മോര്‍ച്ച പ്രതികരിച്ചു. രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളില്‍ ടോള്‍ പിരിവ് തടയാനും കര്‍ഷക മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 12 മുതല്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

സമരകേന്ദ്രങ്ങളില്‍ വൈദ്യുതി, വെള്ളം തൂടങ്ങിയവ പുനസ്ഥാപിക്കണം എന്ന കര്‍ഷക സംഘടനകളുടെ അഭ്യര്‍ത്ഥന റവന്യൂ അധികാരികള്‍ വീണ്ടും തള്ളി. പോലീസ് എതിര്‍പ്പില്ല എന്ന് അറിയിക്കും വരെ തീരുമാനം പുനഃപരിശോധിക്കാനാവില്ല എന്നാണ് മറുപടി. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയതിന് തുടര്‍ച്ചയായി ഈ മാസമാദ്യം കര്‍ഷകര്‍ മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധിച്ചിരുന്നു. ട്രയിന്‍ തടയല്‍ സമരങ്ങള്‍ക്ക് ശേഷം മറ്റ് വിത്യസ്ത സമരമുറകളും കര്‍ഷകര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യവ്യാപക ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു.

 

 



source http://www.sirajlive.com/2021/02/11/468334.html

Post a Comment

Previous Post Next Post