ന്യൂഡല്‍ഹി | ആരോഗ്യ മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വന്‍ പ്രധാന്യം നല്‍കി കേന്ദ്രബജറ്റ്. ഒപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കായി വലിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വാഗ്ദാനം ചെയ്യുന്നു. കൊവിഡ് കാലത്ത് വലിയ ഒരു ആരോഗ്യ പരിരക്ഷ ബജറ്റാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇതിന് വേണ്ട പണം കണ്ടെത്തുന്നതിന് കേന്ദ്രം പ്രധാനമായും ആശ്രയിക്കുക കടമെടുപ്പും പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കലുമാണെന്ന് ബജറ്റ് വ്യക്തമാക്കുന്നു.
രണ്ട് പൊതുമേഖല ബേങ്കുകള്‍ അടക്കം സ്വകാര്യ വത്ക്കരിക്കാനാണ് ഈ സാമ്പത്തിക വര്‍ഷം കേന്ദ്രത്തിന്റെ തീരുമാനം. എല്‍ ഐ സി അടക്കം നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ബജറ്റ് പറയുന്നു. വരുന്ന രണ്ട് മാസത്തിനുള്ളില്‍ 80000 കോടിയും ഈ വര്‍ഷം 12 ലക്ഷം കോടിയും കടമെടുക്കുമെന്ന് ബജറ്റ് പറയുന്നു. ഇന്‍ഷ്വറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപം കുത്തനെ കൂട്ടുമെന്നും ബജറ്റ് പറയുന്നു. പെട്രോളിന് രണ്ടര രൂപയും ഡീസലിന് നാല് രൂപയും അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്തുമെന്നും ബജറ്റ് പറയുന്നു. കര്‍ഷക ക്ഷേമത്തിന് എന്ന് പറഞ്ഞാണ് സെസ് ഏര്‍പ്പെടുത്തുന്നത്. കൂടാതെ വെള്ളിക്കും സ്വര്‍ണത്തിനും രണ്ടര ശതമാനവും മദ്യത്തിന് നൂറ് ശതമാനവും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ സെസ് നീക്കമെന്നാണ് പൊതുവെ വിലയിരുത്തല്‍.
കര്‍ഷകര്‍ക്ക് 75060 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. പരുത്തി കര്‍ഷകര്‍ക്കായി 25,974 കോടിയുടെ പ്രത്യേക പദ്ധതി നടപ്പാക്കും. കര്‍ഷക സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്ന് മന്ത്രി ഉറപ്പ് നല്‍കുന്നു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടി തുടരുമെന്നും യു പി എ സര്‍ക്കാറിനേക്കാള്‍ ഇരട്ടി തുക കര്‍ഷകര്‍ക്കായി നീക്കിവെക്കുമെന്നും മന്ത്രി പറയുന്നു.
തിരഞ്ഞെടുപ്പ് അടുത്ത കേരളത്തിനും ബംഗാളിനും തമിഴ്നാടിനും അസമിനുമായി ചില ശ്രദ്ധേയ പ്രഖ്യാപനങ്ങളും ബജറ്റില്‍ കേന്ദ്രം നടത്തുന്നു. കേരളത്തില്‍ 65,000 കോടിയുടെ റോഡ് നവീകരണം നടക്കും. ഈ തുക ഉപയോഗിച്ച് 1100 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കും. മധുര- കൊല്ലം ഉള്‍പ്പെടെ തമിഴ്നാട്ടിലെ ദേശീയ പാതക്ക് 1.03 ലക്ഷം കോടിയാണ് ബജറ്റ് നീക്കിവെച്ചത്. 600 കിലോമീറ്ററില്‍ മുംബൈ- കന്യാകുമാരി ഹൈവേ നടപ്പാക്കുമെന്ന് മന്ത്രി പറയുന്നു. 11.5 കിലോമീറ്റര്‍ കൊച്ചി മെട്രോ നീട്ടുമെന്നും ഇതിനായി 1957 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ബംഗാളില്‍ ദേശീയ പാതക്കായി 25000 കോടിയുടെ പ്രത്യേക പദ്ധതിയും അസമിലേയും ബംഗാളിലേയും തേയില കര്‍ഷകര്‍ക്കായി കോടികളുടെ പ്രത്യേക പാക്കേജും ബജറ്റിലുണ്ട്.
source http://www.sirajlive.com/2021/02/01/466953.html
إرسال تعليق