
യുദ്ധകലുഷിതമായ യമന്‍ കടുത്ത മാനുഷിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലും സംയുക്ത സൈന്യത്തിന്റെ ആക്രമണത്തിലും വന്‍ ശക്തികളുടെ അധികാര വടംവലിയിലും തകര്‍ന്നടിഞ്ഞ യമനില്‍ മരിച്ചു വീണത് ആയിരങ്ങളാണ്. കടുത്ത ഭക്ഷ്യ പ്രതിസന്ധി രാജ്യത്ത് നിലനില്‍ക്കുന്നു. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് മൂലം മരിക്കുന്നുവെന്ന് യൂനിസെഫ്, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മിസൈല്‍ പതിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. ആശുപത്രികളും സ്‌കൂളുകളും തകര്‍ന്നടിഞ്ഞതിന് ഒരു കണക്കുമില്ല. രാജ്യത്തെ 80 ശതമാനം പേരും മാനുഷിക സഹായത്തിനായി കേഴുന്നവരാണെന്ന് യു എന്‍ വ്യക്തമാക്കുന്നു.
നിയമവാഴ്ച ഉറപ്പാക്കാന്‍ സര്‍ക്കാറില്ല. യു എന്നും സഊദി സഖ്യവും ചേര്‍ന്ന് നിയോഗിച്ച പ്രസിഡന്റ് മന്‍സൂര്‍ ഹാദി നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ അധികാരത്തില്‍ നിന്ന് പുറത്താണ് രാജ്യത്തിന്റെ സിംഹഭാഗവും. സന്‍ആ കേന്ദ്രീകരിച്ച് വടക്കന്‍ യമനില്‍ ഭരണം കൈയാളുന്നത് ഹൂതി തീവ്രവാദികളാണ്. യമനിലെ ദുരവസ്ഥക്ക് എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ പിന്‍വാങ്ങല്‍ നയം ഉപകാരപ്പെടുമെങ്കില്‍ തീര്‍ച്ചയായും അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അതേസമയം, സഊദിയുടെ സുരക്ഷിതത്വം പ്രധാനമാണ്. ഹൂതികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സഊദിക്കെതിരായ പരോക്ഷ യുദ്ധത്തിന് ഹൂതികളെ ആ രാജ്യം ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹൂതി വിമതരോട് യു എസ് അടക്കമുള്ള അന്താരാഷ്ട്ര ശക്തികള്‍ പുലര്‍ത്തുന്ന മൃദു സമീപനം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമായേക്കാം. ബൈഡന്‍ ഇപ്പോള്‍ എടുക്കുന്ന സമീപനം ഇറാനെ പരിഗണിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണെന്ന സംശയം ഉയരുന്നത് ഇവിടെയാണ്. ഈ സംശയം ഉന്നയിക്കപ്പെടുമെന്ന് മുന്‍കൂട്ടി കണ്ടാണ്, സഊദിയുടെ പരമാധികാരം കാത്തുസൂക്ഷിക്കാനുള്ള ദൗത്യത്തില്‍ യു എസ് അതിന്റെ പങ്ക് നിര്‍വഹിക്കുമെന്ന് വിദേശകാര്യ വകുപ്പിലെ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞത്.
ആസിഫത്തുല്‍ അഅ്‌സം എന്ന് പേരിട്ട, 2015 മാര്‍ച്ചില്‍ തുടങ്ങിയ ഹൂതിവിരുദ്ധ സൈനിക നീക്കം കാര്യമായൊന്നും നേടിയിട്ടില്ലെന്ന് തന്നെ പറയേണ്ടി വരും. ഒമാനും ഖത്വറും ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളും ഈജിപ്ത്, സുഡാന്‍, മൊറോക്കോ, ജോര്‍ദാന്‍, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളും അടങ്ങിയ സഖ്യമാണ് ആക്രമണത്തില്‍ നേരിട്ട് പങ്കാളികളാകുന്നത്. അമേരിക്കയെ കൂടാതെ ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ നല്‍കുന്ന ആയുധങ്ങള്‍ സഖ്യം പ്രയോഗിക്കുന്നുവെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നത്.
യമനില്‍ തദ്ദേശീയമായ പരിഹാരം വളര്‍ന്നു വരാത്തിടത്തോളം “ഒറ്റക്ക് വിടല്‍ നയം’ പരസ്പരം പോരടിക്കുന്ന സംഘങ്ങളെ കൂടുതല്‍ ശക്തരാക്കുകയേ ഉള്ളൂ. ലിബിയയില്‍ അതാണ് കണ്ടത്. അതുകൊണ്ട് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യശക്തികളും യമനിലെ വിവിധ സംഘങ്ങളും യു എസും ചേര്‍ന്നുള്ള ചര്‍ച്ചകളിലൂടെ വളര്‍ന്നു വരുന്ന ദേശീയ ഭരണ സംവിധാനത്തിന് മാത്രമേ യമനിനെ രക്ഷിക്കാനാകുകയുള്ളൂ. ക്രൂരമായ ഇടപെടലുകള്‍ നടത്തി ഒരു രാജ്യത്തെ കുട്ടിച്ചോറാക്കിയ ശേഷം മെല്ലെ പിന്‍വാങ്ങുകയെന്ന നയമാണ് പലപ്പോഴും പാശ്ചാത്യ, വന്‍ ശക്തികള്‍ കൈക്കൊള്ളാറുള്ളത്. യമനിലും അത് തന്നെയാണ് സംഭവിക്കുന്നത്. തികഞ്ഞ അരാജകത്വം. അലി അബ്ദുല്ല സ്വലാഹിന്റെ സംഘം ഒരു ഭാഗത്ത്. മറു ഭാഗത്ത് ഹൂതികള്‍, ഹാദിയുടെ സംഘം, അറബ് ദേശീയവാദികള്‍, ഗോത്രവര്‍ഗ വിഭാഗങ്ങള്‍, സലഫികള്‍, അല്‍ഖാഇദയോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ഗ്രൂപ്പുകള്‍. ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് യമന്‍. അതുകൊണ്ട് യമനിന് വേണ്ടത് യഥാര്‍ഥ രാഷ്ട്രീയ പരിഹാരമാണ്. രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയര്‍ന്നുവരുന്ന സുശക്തമായ രാഷ്ട്രീയ സംവിധാനം വേണം. ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി അനുഭവിക്കുന്ന യമന്‍ ജനതയുടെ വിശ്വാസമാര്‍ജിക്കാതെയുള്ള ഒരു നീക്കവും വിജയിക്കുകയില്ല. യമനിന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് ഇപ്പോള്‍ ജി സി സി ചെയ്യേണ്ടത്. യമന്‍ ദേശീയ സേനയെ കൂടുതല്‍ സജ്ജമാക്കുകയും വേണം. ഈ ദിശയിലുള്ള അവസരമായി ബൈഡന്റെ പുതിയ നയം മാറുമോയെന്നതാണ് ചോദ്യം. യമന്‍ ജനതയെ പ്രവാചകന്‍ വിശേഷിപ്പിച്ചത് വിവേകശാലികളെന്നാണ്. മതപരമായും സാംസ്‌കാരികമായും മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രം. ആ രാജ്യം സമാധാനം അര്‍ഹിക്കുന്നു.
source http://www.sirajlive.com/2021/02/08/467926.html
إرسال تعليق