ഉത്തരാഖണ്ഡ് ദുരന്തം: കണ്ടെത്താനുള്ളത് നിരവധി ജീവനുകള്‍

ഡെറാഡൂണ്‍ |ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പാച്ചിലില്‍ ഇതുവരെ കണ്ടെത്തിയത് പത്ത് മൃതദേഹങ്ങള്‍ മാത്രം. ടണലില്‍ കുടുങ്ങിയവരുമായി ഇനിയും ബന്ധപ്പെടാന്‍ പോലും കഴിഞ്ഞിട്ടില്ല. 170 ഓളം പേര്‍ കാണാതായ അപകടം സംസ്ഥാനത്തുണ്ടായ വലിയ ദുരന്തങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് പറഞ്ഞു. 13.2 മെഗാവാട്ട് വൈദ്യുതി ദിവസേന ഉത്പ്പാദിപ്പിച്ചിരുന്ന ഋഷിംഗഗ വൈദ്യുത പദ്ധതി പൂര്‍ണമായും നശിച്ചു. മുപ്പത്തിയഞ്ചോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ അഞ്ച് പേര്‍ സുരക്ഷിതരാണ്. തപോവനില്‍ എന്‍ ടി പി സിയുടെ നിര്‍മാണം നടന്നുവരുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് നിരവധി തൊഴിലാളികളുണ്ട്. രണ്ട് ടണലുകളാണ് തപോവന്‍ പദ്ധതിക്കുള്ളത്. ഇതില്‍ ചെറിയ ടണലിലെ ആളുകളെ മുഴുവന്‍ രക്ഷിക്കാന്‍ സാധിച്ചു.

ഏകദേശം 2.5 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ തുരങ്കത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ടണലില്‍ ഏകദേശം 35-40 അടി ഉയരത്തില്‍ അവശിഷ്ടങ്ങള്‍ അടഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ ടി ബി പി ജവാന്‍മാര്‍ പ്രളയാവശിഷ്ടങ്ങള്‍ നീക്കി 150-200 മീറ്റര്‍ വരെ എത്തിയെങ്കിലും ചെളി നിറഞ്ഞ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

2013-ല്‍ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടന പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും ആറായിരത്തോളം പേര്‍ മരണമടഞ്ഞിരുന്നു. ചമോലി ജില്ലയില്‍ തപോവന്‍ പ്രദേശത്തെ റെയ്നി ഗ്രാമത്തില്‍ ഇന്നലെ രാവിലെ 10.45- നായിരുന്നു ദുരന്തം.



source http://www.sirajlive.com/2021/02/08/467931.html

Post a Comment

أحدث أقدم