സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് ഉദ്യോഗാര്‍ഥികളുടെ സമരം

തിരുവനന്തപുരം | ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ പുതിയ സമര രീതി. മുട്ടിലിഴഞ്ഞു യാചാനാ സമരം നടത്തിയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും ഇവര്‍ പറഞ്ഞു. മുട്ടിലിഴഞ്ഞുള്ള സമരത്തിനിടെ ഏതാനും ഉദ്യോഗാര്‍ഥികള്‍ കുഴഞ്ഞുവീണു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

എല്‍ ജി എസ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ ഉദ്ദേശമില്ലെന്ന മന്ത്രിസഭാ തീരുമാനം വന്ന ശേഷമാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിന്റെ രീതി മാറ്റിയത്. തസ്തിക നീട്ടുന്നതോ ലിസ്റ്റിലുള്ളവരുടെ നിയമനം വേഗത്തിലാക്കുന്നതോ ആയി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും മന്ത്രിസഭാ യോഗം എടുത്തില്ല.
വിവിധ വകുപ്പുകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ യോഗം അനുമതി നല്‍കി. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍, ആ തസ്തിക പിഎസ്സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അതിനിടെ ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി തിരുവനന്തപുരത്തും കോഴിക്കോടും പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തിരുവന്തപുരത്ത്് സെക്രട്ടേറിയറ്റിലേക്ക് എം എസ് എഫും കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 

 



source http://www.sirajlive.com/2021/02/15/468791.html

Post a Comment

أحدث أقدم