കര്‍ഷകരുടെ രാജ്യവ്യാപക റോഡ് ഉപരോധം ഇന്ന്

ന്യൂഡല്‍ഹി  | കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകസംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കും. ഉപരോധം മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കും.

വഴിതടയലിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ചനടത്തി. റിപ്പബ്ലിക്ദിനത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിസുരക്ഷ ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസ് വക്താവ് ചിന്മയ് ബിസ്വാള്‍ അറിയിച്ചു. കര്‍ഷകര്‍ ഡല്‍ഹിക്കുകടക്കാതിരിക്കാന്‍ അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ സിംഘു ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങളില്‍ സജ്ജമാക്കി.
റോഡുപരോധത്തിനുള്ള മാര്‍ഗരേഖ സംയുക്ത കിസാന്‍ മോര്‍ച്ചയും പുറത്തിറക്കി. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ ദേശീയ-സംസ്ഥാന പാതകള്‍മാത്രം ഉപരോധിക്കുക, സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

കരിമ്പുകര്‍ഷകര്‍ വിളവെടുപ്പുതിരക്കിലായതിനാല്‍ ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.



source http://www.sirajlive.com/2021/02/06/467639.html

Post a Comment

Previous Post Next Post