ആഴക്കടല്‍ മത്സ്യബന്ധനം; അമേരിക്കന്‍ കമ്പനിയുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല: മന്ത്രി ജയരാജന്‍

കണ്ണൂര്‍ | ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുമായി ഒരു കരാറും രൂപവത്കരിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്ന വാര്‍ത്ത തെറ്റാണ്. കമ്പനിയുമായി ബന്ധപ്പെട്ടവര്‍ തന്നെയും വന്നു കണ്ടിരുന്നുവെന്നും പ്രതിപക്ഷ നേതാവിനെ കണ്ടിട്ടാണ് വരുന്നത് എന്നാണ് അവര്‍ പറഞ്ഞതെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ ബ്ലാക്ക് മെയിലിംഗുണ്ടോയെന്നും പ്രതിപക്ഷ നേതാവിനെ ഇരയാക്കിയതാണോ എന്നും അന്വേഷിക്കേണ്ടതാണെന്ന് ജയരാജന്‍ പറഞ്ഞു. ക്ഷോഭത്തോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കമ്പനി നല്‍കിയ നിവേദനത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വ്യവസായത്തിനായി ആര്‍ക്കു വേണമെങ്കിലും പദ്ധതി സമര്‍പ്പിക്കാം. ഇ എം സി സി പദ്ധതിയില്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നിവേദനം സ്വീകരിച്ചുവെന്നതിന് റസീപ്റ്റ് തരാമോയെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവദിച്ചിട്ടില്ല. കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.
മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പലരും കൂടിക്കാഴ്ചക്കെത്തുമെന്നത് സ്വാഭാവികമാണ്. ഭീഷണിപ്പെടുത്താന്‍ മറ്റൊന്നും കൈയിലില്ലാത്തതിനാല്‍ തോന്നിയതൊക്കെ വിളിച്ചുപറയുകയാണ് പ്രതിപക്ഷ നേതാവ്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും ജയരാജന്‍ പറഞ്ഞു.



source http://www.sirajlive.com/2021/02/20/469473.html

Post a Comment

أحدث أقدم