പണം വാങ്ങി വഞ്ചിച്ചു; സണ്ണി ലിയോണിനെതിരെ കേസെടുത്തു

കൊച്ചി | ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. വിശ്വാസവഞ്ചന, ചതി, പണാപഹാരം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ രണ്ടാം പ്രതിയും മാനേജര്‍ സുനില്‍ രജനി മൂന്നാം പ്രതിയുമാണ്.

കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കേസ്. ബഹ്റൈനിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരന്‍ പിന്നീട് ഉന്നയിച്ചു. ഇതിന് പിന്നാലെ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നായിരുന്നു സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കിയെന്നും എന്നാല്‍ ചടങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു.



source http://www.sirajlive.com/2021/02/11/468355.html

Post a Comment

أحدث أقدم