മ്യാന്‍മറിലെ പട്ടാള അട്ടിമറി പരാജയപ്പെടുത്താന്‍ അന്താരാഷ്ട്രാ സമൂഹത്തെ അണിനിരത്തുമെന്ന് യു എന്‍

ന്യൂയോര്‍ക്ക് | മ്യാന്‍മറിലെ പട്ടാള അട്ടിമറി പരാജയപ്പെടുത്താന്‍ അന്താരാഷ്ട്രാ സമൂഹത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. രാജ്യം ഭരിക്കാനുള്ള വഴി അട്ടിമറിയല്ലെന്ന് മ്യാന്‍മറിലെ പട്ടാള നേതാക്കള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ അട്ടിമറി പരാജയപ്പെട്ടെന്ന് ഉറപ്പാക്കാന്‍ മ്യാന്‍മറിനുമേല്‍ മതിയായ സമ്മര്‍ദ്ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്താന്‍ തങ്ങള്‍ ആവുന്നതെല്ലാം ചെയ്യും. ഇക്കാര്യത്തില്‍ സുരക്ഷാ സമിതിയില്‍ ഐക്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പട്ടാള അട്ടിമറിക്കെതിരേ സംയുക്ത പ്രതികരണം ഇറക്കാന്‍ യുഎന്‍ രക്ഷാസമിതിയില്‍ നടന്ന നീക്കം വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ ചൈന തടഞ്ഞിരുന്നു.
ഇതിനിടെ തടവിലാക്കപ്പെട്ട മ്യാന്‍മര്‍ ജനകീയ നേതാവ് ഓംഗ് സാന്‍ സൂചിക്കെതിരേ പോലീസ് കേസെടുത്തു. നിരോധിക്കപ്പെട്ട ആശയവിനിമയ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അവരെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്.

പട്ടാളം പ്രസിഡന്റുസ്ഥാനത്തുനിന്നു നീക്കംചെയ്ത വിന്‍ മിന്റിനെതിരേയും കേസെടുത്ത് രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടംകൂടി എന്ന കേസാണു വിന്‍ മിന്റിനെതിരേ ചുമത്തിയിരിക്കുന്നത്.



source http://www.sirajlive.com/2021/02/04/467355.html

Post a Comment

أحدث أقدم