പ്രധാനമന്ത്രി കൊച്ചിയിൽ; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

കൊച്ചി | പ്രധാനമന്ത്രി നരേന്ദ്ര മോദി  കേരളത്തിൽ. ബി പി സി എല്ലിന്റേത് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ സമർപ്പിക്കുന്നതിനായി കൊച്ചി ഐ എൻ എസ് ഗരുഡ വിമാനത്താവളത്തിൽ മൂന്നരയോടെയായിരുന്നു പ്രധാന മന്ത്രിയെത്തിയത്. ഹെലികോപ്ടറിൽ രാജഗിരി സ്കൂൾ ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം റോഡ് മാർഗം കൊച്ചി റിഫൈനറി പരിസരത്തേക്ക് തിരിക്കും.

പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ, ഹൈബി ഈഡൻ എം പി, കെ ജെ മാക്‌സി എം എൽ എ, കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽ കുമാർ, അഡീഷനൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വൈസ് അഡ്മിറൽ എ കെ ചൗള, ജില്ലാ കലക്ടർ എസ് സുഹാസ്, ജില്ലാ പോലീസ് മേധാവി നാഗരാജു ചക്കിലം തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കും. തുടർന്ന് ഹെലികോപ്ടറിൽ രാജഗിരി ഹെലിപ്പാഡിൽ എത്തുന്ന പ്രധാനമന്ത്രിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, പി ടി തോമസ് എം എൽ എ, തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.

ഹെലിപ്പാഡിൽ നിന്ന് റോഡ് മാർഗം പ്രധാനമന്ത്രി അമ്പലമേട് വി എച്ച് എസ് ഇ സ്‌കൂൾ ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തും. നാലിന് നടക്കുന്ന ചടങ്ങിൽ പങ്കെടുത്തശേഷം ആറരയോടെ ന് കൊച്ചി ഐ എൻ എസ് ഗരുഡ വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് തിരിക്കും. ബി പി സി എല്ലിന്റെ പ്രൊപിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രൊജക്ട് (പി ഡി പി പി), കൊച്ചിയിലെ വില്ലിംഗ്ടൺ ദ്വീപുകളിലെ റോറോ വെസ്സലുകൾ എന്നിവ രാജ്യത്തിനായി സമർപ്പിക്കുന്ന പ്രധാനമന്ത്രി, കൊച്ചി തുറമുഖത്ത് അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ ‘സാഗരിക’, കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ നോളഡ്ജ് ആൻഡ് സ്‌കിൽ ഡെവലപ്മെന്റ്സെന്റർ എന്നിവ ഉദ്ഘാടനം ചെയ്യും. കൊച്ചി തുറമുഖത്ത് ദക്ഷിണ കൽക്കരി ബെർത്തിന്റെ പുനർനിർമാണത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ചടങ്ങിൽ നടത്തും.



source http://www.sirajlive.com/2021/02/14/468683.html

Post a Comment

Previous Post Next Post