കഴിഞ്ഞ ദിവസം ഓഫീസിലേക്ക് വന്ന പ്രധാനപ്പെട്ട ഒരന്വേഷണം കേരളത്തിലെ ഒരു പ്രമുഖ സ്ഥാനാർഥിയുടെ സോഷ്യൽ മീഡിയ ക്യാന്പയിൻ ചെയ്യാൻ എന്താണ് വഴി എന്നതായിരുന്നു. സാധാരണ എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി സ്ഥാനാർഥിയുടെ വ്യക്തി പ്രഭാവം നിയോജക മണ്ഡലത്തിലെ എല്ലാ വോട്ടർമാരിലേക്കും എത്തിക്കണം എന്നതാണ് പ്രധാന ആവശ്യം. ഡിജിറ്റൽ മാർക്കറ്റിംഗ് വഴി ധാരാളം കാര്യങ്ങൾ ചെയ്യാം. മണ്ഡലത്തിലെ ഓരോ വോട്ടറുടെയും ഫോണിലേക്ക് കാര്യങ്ങളെത്തിക്കാൻ സംവിധാനമുണ്ട്. ഓഫ്‌ലൈനായി ചെയ്യുന്ന പ്രചാരണങ്ങളെക്കാൾ ഫലപ്രദമായി സോഷ്യൽ മീഡിയയിൽ ക്യാന്പയിനും ചെയ്യാം. പ്രമോഷനൽ വീഡിയോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നിരന്തരം വോട്ടർമാരിലേക്ക് നിമിഷങ്ങൾ കൊണ്ടെത്തിക്കാം. ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന തീരുമാനമെടുക്കുമ്പോൾ മണ്ഡലത്തിലെ വോട്ടർമാരെ കൃത്യമായി സ്വാധീനിക്കുകയും ചെയ്യാം. യുവാക്കൾക്കിടയിൽ ട്രൻഡ് സെറ്റ് ചെയ്യാം. 24 മണിക്കൂറും ലൈവായി നിൽക്കാം. ദൃശ്യത പതിന്മടങ്ങായി വർധിപ്പിക്കാം. അങ്ങനെ നിരവധി സൗകര്യങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ളത്.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇത്തവണ ഓൺലൈനായാണ് സജീവമായി നടക്കുന്നത്. ഒരുപക്ഷേ, മുമ്പെങ്ങുമില്ലാത്ത വിധത്തിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഓരോ രാഷ്ട്രീയ പാർട്ടിയും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. ഗൂഗിൾ ആഡും ഡാറ്റാ അനാലറ്റിക്സും അൽഗോരിതവും വെച്ച് ഇലക്്ഷൻ വിജയിക്കുന്ന രീതി നമ്മുടെ നാട്ടിലും ജനകീയമായിക്കഴിഞ്ഞു.
പരമ്പരാഗത രീതികൾക്കൊപ്പം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്ഥാനാർഥികൾക്ക് വിജയ സാധ്യത കൂടുതലാണ്. വോട്ടർമാരെ നേരിൽ കാണുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനം തന്നെ. വ്യക്തിപരമായി സ്ഥാനാർഥികൾ മണ്ഡലത്തിലെ വോട്ടർമാരോട് പുലർത്തുന്ന ഊഷ്മളമായ ബന്ധമാണ് വോട്ട് പെട്ടിയിൽ വീഴ്ത്തുന്ന പ്രധാന ഘടകം. പാർട്ടിയും മുന്നണിയും അതിന് ശേഷമാണ് കടന്നുവരുന്നത്. ഇതോടൊപ്പം ശക്തമായ സോഷ്യൽ മീഡിയ ക്യാന്പയിൻ കൂടി ആയാൽ വിജയത്തിലേക്കുള്ള വഴി എളുപ്പമായി.
ഈ യാഥാർഥ്യം മനസ്സിലാക്കിയാണ് മിക്ക രാഷ്ട്രീയ കക്ഷികളും തങ്ങളുടെ ഓൺലൈൻ – ഡിജിറ്റൽ പ്രചാരണം വിവിധ പരസ്യ ഏജൻസികളെയും ബ്രാൻഡിംഗ് കമ്പനികളെയും ഏൽപ്പിച്ചത്. വലിയ തുക തന്നെ ഇത്തരം പ്രചാരണങ്ങൾക്ക് വേണ്ടി ഓരോ പാർട്ടിയും ചെലവാക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ എല്ലാം എളുപ്പമായി. പാർട്ടിയും സ്ഥാനാർഥിയും പ്രവർത്തകരും ഒന്നും അറിയേണ്ട. എല്ലാ പ്രചാരണവും കൃത്യ സമയത്ത് ഏറ്റവും ഫലപ്രദമായി നടക്കും. തങ്ങൾ ഏൽപ്പിച്ച പരസ്യക്കമ്പനികളിലാണ് ഒരു കൂട്ടം പ്രൊഫഷണലുകൾ പ്രചാരണം കൊഴുപ്പിക്കുക. നേരത്തെ പടിഞ്ഞാറൻ രാജ്യങ്ങളിലും അടുത്തിടെ ദേശീയ രാഷ്ട്രീയത്തിലും പരീക്ഷിച്ചു വിജയിച്ച രീതിയാണ് ഇപ്പോൾ നമ്മുടെ നാട്ടിലും സജീവമായി വന്നിരിക്കുന്നത്.
ഏതായാലും എല്ലാ മണ്ഡലങ്ങളിലും ഓരോ സ്ഥാനാർഥിയും സോഷ്യൽ മീഡിയ പ്രചാരണങ്ങൾ പൊടി പൊടിക്കുന്നുണ്ട്. കൊറോണ നൽകിയ നല്ല പാഠങ്ങളിൽ ഒന്ന് കൂടിയാണ് ഓൺലൈൻ പ്രചാരണം. സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത മുതിർന്ന പൗരന്മാർ പക്ഷേ, ഈ പ്രചാരണത്തിൽ വീഴില്ല എന്ന പരിമിതി യുണ്ട്. എന്നാലും ഒരു മണ്ഡലത്തിൽ വിജയിക്കാൻ ആവശ്യമായ വോട്ട് ഡിജിറ്റൽ മാർക്കറ്റിംഗ് വഴി ലഭിക്കും എന്ന കണക്ക് കൂട്ടലിലാണ് മുന്നണികൾ.
source http://www.sirajlive.com/2021/03/28/473426.html
Post a Comment