ക്രൈം ഫിക്ഷൻ എഴുത്തിൽ മലയാളത്തിലെ വ്യത്യസ്തമായൊരു രചനയാണ് ശിവൻ എടമനയുടെ ‘ന്യൂറോ ഏരിയ’ എന്ന നോവൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിനൂതനമായ സാങ്കേതിക വിദ്യകൾ പ്രമേയമാക്കുന്ന നോവൽ മനുഷ്യരുടെ വ്യവഹാര മണ്ഡലങ്ങളിൽ നിർമിത ബുദ്ധി എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വിവരിക്കുന്നു. ലോക രാജ്യങ്ങൾക്കിടയിലെ യുദ്ധങ്ങളിൽ ജയ പരാജയങ്ങൾ തീരുമാനിക്കുന്നിടത്ത് പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇന്ന് ശക്തമായ സ്വാധീനം ചെലുത്താനാകുന്നുണ്ട്.
ലോക പ്രശസ്ത അപസർപ്പക നോവലിസ്റ്റ് അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഡി സി ബുക്സ് നടത്തിയ ക്രൈം ഫിക്്ഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൃതിയാണിത്.
ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഹോസ്പിറ്റലായ സതേൺ ഹെൽത്ത് കെയറിന്റെ ചെയർമാനാണ് ഡോക്ടർ രാഹുൽ ശിവശങ്കർ. പാരമ്പര്യമായി ലഭിച്ച സ്വത്തുവകകൾ വിറ്റാണ് വൻ തുക ചെലവഴിച്ച് അദ്ദേഹം റോബോട്ടുകളെ ഇറക്കുമതി ചെയ്തത്. രോഗിയെ പരിചരിക്കാനും മരുന്നുകളെത്തിക്കാനും റോബോട്ടുകൾ. ഹോസ്പിറ്റലിന്റെ പൂർണ നിയന്ത്രണവും ബേസ്മെന്റിലെ റോബോട്ടിക് കൺട്രോൾ റൂമിൽ നിന്ന്. മനുഷ്യന്റെ തലച്ചോറിലെ കോടിക്കണക്കിന് ന്യൂറോണുകളിലെ വൈദ്യുതിയെ തിരിച്ചറിഞ്ഞ് മൈൻഡ് അപ്ലോഡിംഗ് സാധ്യമാക്കാനായി അദ്ദേഹം രൂപപ്പെടുത്തിയ നിഗൂഢമായ ന്യൂറോ ഏരിയ. ചുറ്റും വളർന്നു പൊന്തുന്ന ശത്രുക്കൾ. ദുരൂഹമായ ഒരു വാഹനാപകടത്തിൽ ചെയർമാൻ രാഹുൽ ശിവശങ്കർ മരണത്തെ മുന്നിൽ കാണുന്നു. അദ്ദേഹത്തെ ചികിത്സിച്ച ന്യൂറോ സർജൻ ഡോക്ടർ ഡേവിഡ് ലൂക്കയും സിസ്റ്റർ താരയും ആകസ്മികമായി കൊല്ലപ്പെടുന്നു. ന്യൂറോ ഏരിയയിലേക്ക് ഓതറൈസേഷൻ ലഭിച്ച ഡോക്ടർ മീനാക്ഷി സംശയത്തിന്റെ നിഴലിലാകുന്നു, അവരെ അപായപ്പെടുത്താനുള്ള നിരന്തര നീക്കങ്ങളുണ്ടാകുന്നു. പ്രതികളെ പിടികൂടാനുള്ള ഓരോ കുരുക്കുകളും അതീവ ശ്രദ്ധയോടെ മുറുക്കുകയാണ് പോലീസ്. അടുത്ത് തന്നെ ആർക്കും പിടികൊടുക്കാതെ എല്ലാവർക്കും ഭീഷണിയായി മാറുന്ന കുറ്റവാളി.
ഡോക്ടറാകാൻ മോഹിച്ച ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയാണ് മീനാക്ഷി. സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം പഠനത്തിനിടയിലും ചെറിയ ജോലികളിലേർപ്പെട്ടാണ് റഷ്യയിലെ നബക്കോവ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ നിന്ന് മെഡിസിൻ പൂർത്തിയാക്കിയത്. സതേൺ കെയറിൽ ജൂനിയർ ഡോക്ടറായെത്തുന്നതോടെ ഭീഷണമായ സാഹചര്യങ്ങളിലൂടെയാണ് അവൾ കടന്നുപോകുന്നത്. പിതാവ് ദിനകരനാണ് എല്ലാ പ്രതിസന്ധിയിലും അവൾക്ക് ധൈര്യം പകരുന്നത്. കൂത്ത് പറമ്പ് പോലീസ് വെടിവെപ്പിൽ നട്ടെല്ല് പൊട്ടി കിടപ്പിലായിരുന്നു അദ്ദേഹം.
ലളിതമായ ഭാഷയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതി സങ്കീർണമായ പ്രവർത്തനങ്ങളെ അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെ ഇതിവൃത്തമാക്കുന്ന രചന കൊച്ചിയിലെ സതേൺ ഹെൽത്ത് കെയർ ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിലാണ് പുരോഗമിക്കുന്നത്. വായനക്കാരനെ താളുകളിൽ നിന്ന് താളുകളിലേക്ക് മുന്നോട്ട് നയിക്കുന്ന നോവൽ അവസാനം വരെ സസ്പെൻസ് നിലനിർത്തുന്നു. ഡയറി കുറിപ്പുകളിലൂടെ ക്ലൈമാക്സിലെത്തുന്ന ശൈലി നോവലിനെ മനോഹരമാക്കുന്നു. വിരസമായി കാര്യങ്ങളവതരിപ്പിക്കുന്നതിൽ നിന്ന് മാറി ഓരോ സംഭവങ്ങളും കൺമുന്നിൽ കാഴ്ചകളായി മാറുന്നു. കഥകൾക്കിടയിലും കാര്യം പറഞ്ഞു കൊണ്ടാണ് എഴുത്തുകാരൻ മുന്നോട്ടു പോകുന്നത്. ആതുര സേവന കേന്ദ്രങ്ങളാകേണ്ട ആശുപത്രികൾ നോട്ട് കെട്ടുകൾക്ക് വേണ്ടി മാനുഷിക പരിഗണനകൾ പോലും മറക്കുന്ന നിറം കെട്ട കാഴ്ചകൾ. അവയവങ്ങൾ അറുത്തു മാറ്റി പണച്ചാക്കു നിറക്കുന്ന ആശുപത്രി വ്യവസായങ്ങൾ. ലോകം പുതിയ മാറ്റങ്ങളിലേക്ക് കുതിച്ചെങ്കിലും ട്രാൻസ് ജെൻഡറിനോടുള്ള പുഛ മനോഭാവം പേറുന്ന കഠിന ഹൃദയങ്ങൾ. യന്ത്രങ്ങൾ ചുറ്റിലും പിടിമുറുക്കുമ്പോഴും മനുഷ്യന് മാത്രം പകർന്നു നൽകാനാകുന്ന സ്നേഹവും വാത്സല്യവും നമുക്ക് കാണാം.
എഴുത്തുകാരന്റെ ജീവിത പരിസരങ്ങളും അനുഭവങ്ങളും ഇഴുകിച്ചേരുന്നതോടൊപ്പം സമകാലിക ലോകത്ത് സാങ്കേതിക വിദ്യകളുടെ വളർച്ചയും വികാസവും നോവൽ അടയാളപ്പെടുത്തുന്നു. മനുഷ്യ മനസ്സ് പൂർണമായും കന്പ്യൂട്ടറിലേക്ക് അപ്്ലോഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെ റഷ്യയിലെ ശതകോടീശ്വരൻ ദിമിത്രി ഇറ്റ്സ്കോവ് 2011 ൽ ആരംഭിച്ച 2045 Initiative എന്ന നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ ഈ നോവലിന്റെ ഭാഗമാകുന്നുണ്ട്. പുതിയ ചിന്തകൾക്ക് ചിറക് മുളപ്പിക്കുന്ന ഈ ക്രൈം ത്രില്ലർ കൃതി സയൻസ് ഫിക്്ഷനായും എണ്ണപ്പെടുന്നുണ്ട്. പ്രമേയത്തിലെ പുതുമയും ലളിതമായ അവതരണവും വായനയെ എളുപ്പമുള്ളതാക്കുന്നു. പ്രസാധകർ ഡി സി ബുക്സ് , വില 299 രൂപ.
source http://www.sirajlive.com/2021/03/28/473422.html
Post a Comment