ഇരിക്കൂറിലെ തര്‍ക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്

കണ്ണൂര്‍ | ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ഉടലെടുത്ത കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം കൂടുതല്‍ ശക്തമാകുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ സ്ഥാനാര്‍ഥിത്വം ലഭിച്ച സജീവ് ജോസഫിനെ മാറ്റണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് നടത്തുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതായാണ് റിപ്പോര്‍ട്ട്. സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ വിമതനെ ഇറക്കാനാണ് എ ഗ്രൂപ്പ് നീക്കം. ഹൈക്കമാന്‍ഡ് തീരുമാനിച്ച സ്ഥാനാര്‍ഥിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ദേശീയ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ഇരിക്കൂറില്‍ ഒരു സമ്മര്‍ദത്തിനും വഴങ്ങേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. വിമത പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. അതനിടെ കണ്ണൂരില്‍ നിന്ന് മടങ്ങിയ എം എം ഹസനും കെ സി ജോസഫും ഇന്ന് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിക്കും.

കണ്ണൂര്‍ ഡി സി സി അധ്യക്ഷ പദവി എ വിഭാഗത്തിന് നല്‍കി സുധാകരന് താത്പര്യമുള്ളയാളെ മറ്റൊരു ജില്ലയില്‍ അധ്യക്ഷനാക്കാം എന്ന ഫോര്‍മുലയും ചര്‍ച്ചയിലുണ്ട്. എന്നാല്‍ പ്രതിഷധങ്ങള്‍ക്ക് ചെവി കൊടുക്കാതെ നാളെ നാമനിര്‍ദേശ പത്രിസമര്‍പ്പിച്ച് പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സജീവ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ആകുമെന്നായിരുന്നു സ്ഥാനാര്‍ഥി സജീവ് ജോസഫ് ഇന്നലെ പ്രതികരിച്ചത്.

കെ സുധാകരന് തന്നോട് ഒരു എതിര്‍പ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. എന്നാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സോണി സെബാസ്റ്റ്യന്‍. ഡി സി സി അധ്യക്ഷ പദവി എന്ന ഫോര്‍മുല അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 



source http://www.sirajlive.com/2021/03/17/472302.html

Post a Comment

Previous Post Next Post