ശരത് പവാര്‍- അമിത് ഷാ ‘കൂടിക്കാഴ്ച’: മഹാരാഷ്ട്ര സഖ്യത്തില്‍ വീണ്ടും ഉരസല്‍

മുംബൈ | എന്‍ സി പി മേധാവി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ആഭ്യന്തര മന്ത്രി അമിത് ഷാ നിഷേധിക്കാത്ത പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ സഖ്യത്തില്‍ വീണ്ടും ഉരസല്‍. അഹമ്മദാബാദില്‍ വെച്ച് ഷായെ പവാര്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് സഖ്യത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.

എന്‍ സി പി നേതാവ് കൂടിയായ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ ശിവസേനാ മുഖപത്രം സാമ്‌ന ആഞ്ഞടിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് പവാര്‍- ഷാ കൂടിക്കാഴ്ച. അംബാനി കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുമായി ദേശ്മുഖിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

അഹമ്മദാബാദില്‍ വെച്ച് കഴിഞ്ഞ ദിവസം ഷായെ കാണുമ്പോള്‍ പവാറിനൊപ്പം മറ്റൊരു നേതാവ് പ്രഫുല്‍ പട്ടേലുമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍, എല്ലാം പരസ്യമാക്കേണ്ടതില്ല എന്നായിരുന്നു ഷായുടെ മറുപടി. എന്‍ സി പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് ശിവസേന മഹാരാഷ്ട്ര ഭരിക്കുന്നത്.



source http://www.sirajlive.com/2021/03/28/473451.html

Post a Comment

Previous Post Next Post