തലശ്ശേരി | കണ്ണൂർ, കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പുതുച്ചേരി സംസ്ഥാനത്തെ മണ്ഡലമായ മാഹിയിലും പോരാട്ടം മുറുകി. കോൺഗ്രസിൽ നിന്ന് നേതാക്കളുടെ പട തന്നെ ബി ജെ പിയിലെത്തിയതോടെ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യ ശ്രദ്ധ ആകർഷിച്ചരിക്കുകയാണ്.
മാഹിയിൽ ആറ് പേർ മത്സരാർഥികളായി ഉണ്ടെങ്കിലും അങ്കത്തട്ടിൽ പ്രധാന പോരാളികൾ മൂന്ന് പേർ മാത്രമാണ്.
എൽ ഡി എഫ് പിന്തുണ നൽകുന്ന സ്വതന്ത്ര സ്ഥാനാർഥി എൻ ഹരിദാസൻ മാസ്റ്റർ, കോൺഗ്രസിലെ രമേശൻ പറമ്പത്ത്, എൻ ഡി എ മുന്നണി രംഗത്തിറക്കിയ അഡ്വ. പി വി അബ്ദുർ റഹ്‍മാൻ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. പന്തക്കൽ സ്വദേശിയായ ഹരിദാസൻ റിട്ട. ഇംഗ്ലീഷ് അധ്യാപകനാണ്. പുതുച്ചേരിയിലെ ഭരണസ്തംഭനത്തിനിടയിലും മാഹിക്കായി സിറ്റിംഗ് എം എൽ എ ഡോ. വി രാമചന്ദ്രൻ നടപ്പാക്കിയ വികസന പദ്ധതികൾ എൻ ഹരിദാസൻ മാസ്റ്റർക്കും തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈപാസിന് സ്ഥലം നൽകിയവർക്ക് ന്യായവില, മാലിന്യസംസ്‌കരണ പദ്ധതി, മുനിസിപ്പൽ ടൗൺഹാൾ പൂർത്തീകരണം, ബുലുവാർ റോഡ്, പിന്നാക്ക മുസ്‌ലിംകൾക്ക് രണ്ട് ശതമാനം സംവരണം, പട്ടയ വിതരണം തുടങ്ങി നേട്ടങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്.
കോൺഗ്രസ് സ്ഥാനാർഥിയായ രമേശൻ പറമ്പത്ത് പളൂർ സ്വദേശിയാണ്. നഗരസഭ മുൻ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാണ്.
സ്ഥാനാർഥി പ്രഖ്യാപനത്തോടെ കോൺഗ്രസിൽ ആരംഭിച്ച തമ്മിലടി ഇനിയും കെട്ടടങ്ങിയിട്ടില്ല. പേയ്‌മെന്റ് സീറ്റെന്നാണ് എൻ എസ് യു-യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആരോപണം. എൻ ഡി എ സ്ഥാനാർഥിയായി എൻ ആർ കോൺഗ്രസ് നേതാവ് അഡ്വ. വി പി അബ്ദുർ റഹ്മാൻ മത്സരിക്കുന്നുണ്ട്. വഖ്ഫ് ബോർഡ് മുൻ ചെയർമാനും കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമാണ്. മാഹിയിൽ ബി ജെ പി സ്ഥാനാർഥിയില്ലാത്തതിൽ അണികൾ നിരാശരാണ്. എസ് ഡി പി ഐയിലെ സി കെ ഉമ്മറടക്കമുള്ള സ്ഥാനാർഥികൾ വേറെയുമുണ്ട്.
30 വർഷത്തെ കോൺഗ്രസ് ആധിപത്യം തകർത്ത് 2016ൽ എൽ ഡി എഫ് വെന്നിക്കൊടി നാട്ടിയ മണ്ഡലമാണ് മാഹി. ആകെ 31,092 വോട്ടർമാരാണ് ഇത്തവണ മാഹിയിലുള്ളത്. ഇവരിൽ 16,1921 പേർ സ്ത്രീകളാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തത് 23,370 വോട്ടുകൾ.
എൽ ഡി എഫ് സ്വതന്ത്രനായ ഡോ. വി രാമചന്ദ്രൻ (10,797), കോൺഗ്രസിലെ ഇ വത്സരാജ് (8,658), ബി ജെ പിയിലെ പി ടി ദേവരാജൻ (1,653), വി പി അബ്ദുർ റഹ്്മാൻ എൻ ആർ കോൺഗ്രസ് (1,653), സി കെ ഉമ്മർ എസ് ഡി പി ഐ (206) വോട്ടുകൾ നേടി.
source http://www.sirajlive.com/2021/03/29/473529.html
إرسال تعليق