കാടിനെ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുത്ത് ഈ സന്തുഷ്ട കുടുംബം

കോഴിക്കോട്| കാടിന്റെ മിടിപ്പും കാട്ടാറുകളുടെ ഒഴുക്കും കേട്ടിട്ടുണ്ടോ? പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിച്ചു നില്‍ക്കുന്ന പക്ഷികളെയും ശരവേഗത്തില്‍ ഓടിമറയുന്ന മൃഗങ്ങളെയും കണ്ടിട്ടുണ്ടോ? കാനന ഭംഗി ആസ്വദിച്ച് പ്രകൃതിയെ ഇഴകീറി സസൂക്ഷ്മം പരിശോധിച്ച് നടക്കുന്ന, അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു ഡോക്ടര്‍ കുടുംബമുണ്ട് ഇവിടെ കോഴിക്കോട്ട്. അച്ഛനും അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന ഒരു സന്തുഷ്ട ക്യാമറാ കുടുംബം.

കാട് പകര്‍ന്ന അറിവും അനുഭവങ്ങളും ഇവര്‍ നാല് പേരും മത്സരിച്ച് ക്യാമറയില്‍ പകര്‍ത്തുകയാണ്. കാടിനെ അറിയാത്തര്‍ക്ക് വേണ്ടി. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിനിയും ബീച്ചാശുപത്രിയിലെ സര്‍ജനുമായ വിനോദ് ജോലിത്തിരക്കിനിടയിലും സമയം കിട്ടുമ്പോഴെല്ലാം ഭാര്യ ജീജുവിനെയും മക്കളെയും കൂട്ടി യാത്ര പോകുന്നത് പതിവാണ്.

2013ലാണ് കാട്ടിലേക്കുള്ള ആദ്യ യാത്ര തുടങ്ങുന്നത്. കാടിനെ അടുത്തറിയാന്‍ തുടങ്ങിയതോടെ ഡോക്ടറുടെയും കുടുംബത്തിന്റെയും പിന്നീടുള്ള യാത്രകളെല്ലാം കാടിനുള്ളിലേക്ക് മാത്രമായി. കേരളത്തിനകത്തും പുറത്തും നടത്തിയ യാത്രകളില്‍ നിരവധി അപൂര്‍വ ദൃശ്യങ്ങളാണ് ഈ കുടുംബത്തിന്റെ ക്യാമറകളില്‍ പതിഞ്ഞത്.

ആദ്യമെല്ലാം ക്യാമറ പരസ്പരം കൈമാറിയായിരുന്നു പടങ്ങള്‍ എടുത്തത്. പിന്നീട് താത്പര്യം കൂടിയപ്പോള്‍ എല്ലാവരും ക്യാമറ വാങ്ങി ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് ഈ കുടുംബം ധാരാളം പക്ഷികളുടെ ചിത്രങ്ങള്‍ പകര്‍ത്തിക്കഴിഞ്ഞിരുന്നു. മക്കള്‍ പകര്‍ത്തിയ പുള്ളിപ്പുലിയുടെയും മലബാര്‍ ട്രാഗന്റെയും പടമെല്ലാം മികച്ച പ്രതികരണമാണ് നേടിയത്.

കടുവയും പുളളിപ്പുലിയും കാട്ടുപോത്തും ആനക്കൂട്ടവും വേഴാമ്പലും തുടങ്ങി പകര്‍ത്തുന്ന ഓരോ ചിത്രങ്ങളും ഓരോ അനുഭവങ്ങളാണ്. പുലികള്‍ മനുഷ്യര്‍ക്ക് മുമ്പില്‍ വരുന്നത് അപൂര്‍വമാണ്. അതുകൊണ്ട് തന്നെ ഓരോ ചിത്രങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടെന്നും വിനോദ് പറയുന്നു.

വാല്‍പ്പാറയില്‍ കാട്ടുപോത്തിനു മുമ്പില്‍ അകപ്പെട്ടതും തട്ടേക്കാട് പാമ്പിനു മുന്നില്‍പ്പെട്ടതുമെല്ലാം മറക്കാന്‍ പറ്റാത്ത ഓര്‍മകള്‍. പ്രകൃതിയെ പഠിച്ചു തുടങ്ങുന്നത് ചിത്രരചനയിലൂടെയാണ്. ചെറുപ്പത്തില്‍ ചിത്രങ്ങള്‍ വരക്കുന്നതിനോടായിരുന്നു വലിയ താത്പര്യം. അതായിരിക്കാം ഫോട്ടോഗ്രഫിയിലേക്ക് എത്തിച്ചതെന്ന് വിനോദ് പറയുന്നു. പരസ്പര സ്‌നേഹവും സഹകരണവും ഇരതേടലും തുടങ്ങി പ്രകൃതി പകര്‍ന്നു നല്‍കാത്ത പാഠങ്ങളില്ല.
കാടിനെയും ജീവികളെയും കുട്ടികള്‍ക്ക് അടുത്തറിയാന്‍ പ്രകൃതിയിലേക്ക് നടത്തുന്ന യാത്രകള്‍ ഏറെ സഹായകരമാണെന്ന് അദ്ദേഹം പറയുന്നു.

ഓരോ ചിത്രവും അതിന്റെ ചുറ്റുപാടുകളില്‍ നിന്നാണ് എടുക്കുന്നത്. അതിനാല്‍ തന്നെ ആ ജീവി പ്രകൃതിയുമായി എത്രത്തോളം ഇഴകി ചേര്‍ന്നിരിക്കുന്നു എന്ന് ചിത്രങ്ങളിലൂടെ മനസ്സിലാക്കാം. ചില ചിത്രങ്ങള്‍ക്കായി മണിക്കൂറുകളും ദിവസങ്ങളും വേണ്ടിവരാറുണ്ട്.
ചിലപ്പോള്‍ ഒന്നുമില്ലാതെ തിരിച്ചുപോരേണ്ടി വരാറുമുണ്ട്. അങ്ങനെയുള്ളപ്പോള്‍ അവര്‍ ഒരുമിച്ച് കാടിന്റെ മനോഹാരിത ആസ്വദിക്കും. കരിഞ്ചെമ്പന്‍ പാറ്റപ്പിടിയനാണ് പക്ഷികളുടെ ലോകത്തേക്ക് വിനോദിനെ കൊണ്ടെത്തിക്കുന്നത്. ഊട്ടി യാത്രയില്‍ അപ്രതീക്ഷിതമായി പകര്‍ത്തിയ ഓറഞ്ചും കറുപ്പം നിറം കലര്‍ന്ന കുഞ്ഞിക്കിളിയുടെ ചിത്രം പക്ഷി നിരീക്ഷകനായ ബന്ധുവിന് കാണിച്ചപ്പോള്‍ ഇതിനെ പകര്‍ത്താന്‍ വേണ്ടി മാത്രം പലരും ഊട്ടിയിലേക്ക് യാത്രതിരിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണ് പക്ഷികളുമായി ഏറെ അടുക്കുന്നത്.

നെല്ലിയാമ്പതി, കുമരകം, തട്ടേക്കാട്, തോല്‍പ്പെട്ടി, മുതുമല, മസനഗുഡി, പറമ്പികുളം, കബനി, രംഗന തിട്ടു, ഭരത്പൂര്‍, ജയ്പൂര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലായി നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് കൂടുതലും ഉള്ളത്. കാടിനകത്ത് നിന്ന് പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.



source http://www.sirajlive.com/2021/03/03/470826.html

Post a Comment

أحدث أقدم