കെ എം ഷാജിയുടെ കേസ് പരിഗണിക്കുന്നത് 23ലേക്ക് മാറ്റി

കോഴിക്കോട് | കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റിവെച്ചു. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന കേസ് ഈ മാസം 23ലേക്കാണ് മാറ്റിയത്. ഷാജിയുടെ വീടുകളില്‍ ഇന്നലെ നടന്ന റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സ് അന്ന് കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ റെയ്ഡിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്നും 50 ലക്ഷം കണ്ടെടുത്തതിന് പുറമെ കോഴിക്കോട്ടെ വീട്ടില്‍ നടത്തിയ പരിശോധനിയില്‍ വിദേശ കറന്‍സികളും ഭൂമി ഇടപാടിന്റെ 72 രേഖയലും 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു. ഷാജിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും പരിശോധനയില്‍ കണ്ടെത്തി. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷാജിയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷാജിയുടെ രണ്ട് വീടുകളിലും വിജിലന്‍സ് പരിശോധന നടന്നത്. വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.



source http://www.sirajlive.com/2021/04/13/475227.html

Post a Comment

Previous Post Next Post