അഞ്ചാം ദിനം രാജ്യത്ത് ഒന്നര ലക്ഷത്തോളം കൊവിഡ് കേസുകള്‍; 794 പേര്‍ക്ക് ജീവഹാനി

ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആശങ്കജനകമാനം വിധം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.24 മണിക്കൂറിനിടെ 794 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം 77,567 പേരാണ് രോഗമുക്തി നേടിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി. മരണസംഖ്യ 1,68,436 ആയി ഉയര്‍ന്നു. 1,19,90,859 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,46,631 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 9.8 കോടി പേര്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പെടുത്തു.

കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ പരിശോധന വര്‍ധിപ്പിക്കാനും കോവിഡ് വാക്സിന്‍ വിതരണം ശക്തിപ്പെടുത്താനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മുംബൈയിലടക്കം പലയിടത്തും ആവശ്യത്തിന് വാക്സിന്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈയില്‍ ആകെ 120 കുത്തിവെപ്പു കേന്ദ്രങ്ങളാണുണ്ടായിരുന്നത്. വാക്‌സിന്‍ ക്ഷാമം വന്നതോടെ ഇതില്‍ 71 എണ്ണമാണ് താത്കാലികമായി അടച്ചത്.

ഗുജറാത്തില്‍ കൊവിഡ് രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞതോടെ രോഗികള്‍ നിലത്ത് കിടക്കേണ്ടി വരുന്നു. അടിയന്തര മരുന്നുകള്‍ക്കും ഇവിടെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.



source http://www.sirajlive.com/2021/04/10/474765.html

Post a Comment

Previous Post Next Post