ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് തൃശൂര്‍ പൂരം നടത്താന്‍ നടപടിയുണ്ടാകും: മന്ത്രി സുനില്‍ കുമാര്‍

തൃശൂര്‍ | തൃശൂര്‍ പൂരം നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു വരുന്നതായി മന്ത്രി വി എസ് സുനില്‍ കുമാര്‍. ജനങ്ങളെ നിയന്ത്രിച്ച് പൂരം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്കായി വിഷുവിന് ശേഷം യോഗം ചേരും. വിഷയത്തില്‍ ദേവസ്വങ്ങളും സര്‍ക്കാരും യോജിച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടര്‍നടപടികളുണ്ടാകും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കുന്ന രീതിയില്‍ തൃശൂര്‍ പൂരം സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. നിയന്ത്രണാതീതമായി ആളുകള്‍ പങ്കെടുത്താന്‍ അത് വലിയ ദുരന്തത്തിനിടയാക്കുമെന്ന് തൃശൂര്‍ ഡി എം ഒ പറഞ്ഞു. ആയിരക്കണക്കിന് പേര്‍ രോഗബാധിതരാകാനും മരണ സംഖ്യ വലിയ തോതില്‍ ഉയരാനും സാധ്യതയുണ്ട്. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും വൃഥാവിലായി പോകുമെന്നും ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡി എം ഒ പ്രതികരിച്ചു. പൂരം നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഇനി ആരോഗ്യ വകുപ്പ് ഉത്തരവാദിയായിരിക്കില്ലെന്നും ഡി എം ഒ പറഞ്ഞു.

അതിനിടെ, ഡി എം ഒയുടെ നിഗമനങ്ങള്‍ തെറ്റാണെന്നും ജനങ്ങളെ നിയന്ത്രിച്ച് പൂരം നടത്താന്‍ തയാറാണെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. പൂരം പകിട്ടോടെ തന്നെ നടത്താന്‍ നടപടിയുണ്ടാകണമെന്ന് ടി എന്‍ പ്രതാപന്‍ എം പിയും ആവശ്യപ്പെട്ടു.



source http://www.sirajlive.com/2021/04/11/474891.html

Post a Comment

Previous Post Next Post