തലശ്ശേരിയിൽ മനഃസാക്ഷി വോട്ടല്ല; സി ഒ ടി നസീറിന് തന്നെ ചെയ്യണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം | ബി ജെ പിക്ക് സ്ഥാനാർഥിയില്ലാത്ത തലശ്ശേരിയില്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാർഥി സി ഒ ടി നസീറിന് തന്നെ പ്രവർത്തകരും അനുഭാവികളും വോട്ട് ചെയ്യണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സി ഒ ടി നസീറിന് വോട്ട് ചെയ്യാനാണ് ബി ജെ പി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ മനഃസാക്ഷി വോട്ട് ചെയ്യാൻ ബി ജെ പി ജില്ലാ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.  ബി ജെ പിയില്‍ ജില്ലാ നേതൃത്വത്തേക്കാളും വലുതാണ് സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് സി ഒ ടി നസീറിന് വോട്ട് ചെയ്യാനാണ് അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സി ഒ ടി നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ടിന് ജില്ലാ നേതൃത്വം നിർദേശം നൽകിയത്. കഴിഞ്ഞ തവണ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് ലഭിച്ച മണ്ഡലമായ തലശ്ശേരിയിൽ ജില്ലാ പ്രസിഡന്റ് ആയിരുന്നു സ്ഥാനാർഥിയെങ്കിലും പത്രിക തള്ളിപ്പോകുകയായിരുന്നു. ഡമ്മി സ്ഥാനാർഥിയുമില്ല. ഫലത്തിൽ എൻ ഡി എക്ക് തലശ്ശേരിയിൽ സ്ഥാനാർഥിയില്ല.



source http://www.sirajlive.com/2021/04/05/474220.html

Post a Comment

Previous Post Next Post