ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ മാസമാദ്യം തൃശൂര്‍ കൊടകരയില്‍ നടന്ന കുഴല്‍പ്പണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് ഏപ്രില്‍ മൂന്നിനാണ് പണവുമായി കൊച്ചി ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു വാഹനത്തെ വേറെ ചില വാഹനങ്ങളില്‍ വന്നവര്‍ തട്ടിയെടുത്തത്. തൃശൂര്‍ വരെ പിന്തുടര്‍ന്ന ഒരു കാര്‍ കൊടകരയില്‍ വെച്ച് കുഴല്‍പ്പണം കടത്തുകയായിരുന്ന വാഹനത്തില്‍ ഇടിക്കുകയും അതിനിടെ രണ്ട് വാഹനങ്ങള്‍ ഇടയില്‍ കയറിയെത്തി കുഴല്‍പ്പണ കടത്ത് വാഹനത്തിലെ ഡ്രൈവറെ തള്ളിമാറ്റി വാഹനവുമായി കടന്നുകളയുകയുമായിരുന്നു. കവര്‍ച്ചക്കു ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് കാര്‍ ഡ്രൈവര്‍ ഷംജീറും കോഴിക്കോട്ടെ അബ്കാരിയായ ധര്‍മരാജനും പണാപഹരണത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. ഭൂമി ഇടപാടിനു കൊണ്ടുപോകുകയായിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു അവര്‍ കൊടകര പോലീസില്‍ പരാതിപ്പെട്ടിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തില്‍ മൂന്നര കോടി രൂപയുണ്ടായിരുന്നെന്നും തെക്കന്‍ ജില്ലകളില്‍ തിരഞ്ഞെടുപ്പാവശ്യാര്‍ഥം ഒരു ദേശീയ പാര്‍ട്ടി നേതൃത്വം കൊടുത്തയച്ച പണമായിരുന്നു ഇതെന്നും വ്യക്തമായി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു വണ്ടിയിലുണ്ടായിരുന്ന നോട്ടുകെട്ടുകളെന്നാണ് വിവരം.
ഇത് നിയമവിധേയമായ തിരഞ്ഞെടുപ്പ് ഫണ്ടല്ല, കള്ളപ്പണമാണെന്നാണ് പോലീസ് നിഗമനം. തിരഞ്ഞെടുപ്പ് ഫണ്ട് പ്രത്യേക അക്കൗണ്ടിലൂടെ മാത്രമേ കൈമാറാവൂ എന്നാണ് ചട്ടം. കള്ളപ്പണമായതിനാലാണ് പാതിരാത്രി കൊണ്ടുപോയതും പരാതിക്കാരന്‍ കൃത്യമായ സംഖ്യ വെളിപ്പെടുത്താതിരുന്നതും. ഇതേപാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ഇതേ രീതിയില്‍ തട്ടിയെടുക്കാന്‍ പാലക്കാട് ജില്ലയിലും ശ്രമം നടന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അന്ന് വാഹനാപകടം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അബദ്ധത്തില്‍ പുറത്തായതോടെ പിടികൂടുമെന്ന് ഭയന്ന് കവര്‍ച്ചക്ക് ആസൂത്രണം ചെയ്തവര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ രണ്ട് വാഹനങ്ങളിലുമുണ്ടായിരുന്ന കള്ളപ്പണം ബി ജെ പിയുടേതാണെന്നാണ് ഇതിനകം പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സി പി എമ്മും കോണ്‍ഗ്രസും ഈ ആരോപണം ഉന്നയിച്ചിട്ടുമുണ്ട്. പണം കോഴിക്കോട്ട് നിന്ന് തെക്കന്‍ ജില്ലകളിലേക്കയച്ച അബ്കാരി ധര്‍മരാജന് ആര്‍ എസ് എസ് ബന്ധമുണ്ടെന്ന തൃശൂര്‍ എസ് പി. ജി പൂങ്കുഴലിയുടെ വെളിപ്പെടുത്തല്‍ ഈ ആരോപണത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. ബുധനാഴ്ച മാധ്യമ സമ്മേളനത്തിലാണ് എസ് പി ഇക്കാര്യമറിയിച്ചത്. തന്നെ പണമേല്‍പ്പിച്ചത് യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കാണെന്ന് ധര്‍മരാജന്‍ പോലീസിനു മൊഴി നല്‍കുകയും ചെയ്തു. യുവമോര്‍ച്ചാ ദേശീയസമിതി അംഗമായ സുനില്‍ നായിക് ദേശീയ നേതാക്കളുമായി അടുപ്പമുള്ള വ്യക്തിയാണ്. സംസ്ഥാന ബി ജെ പിയുടെ ഉന്നത നേതാക്കളുമായി ധര്‍മ രാജനുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന ഫോട്ടോകള്‍ പോലീസിനു ലഭിച്ചതായും അറിയുന്നു.
എങ്കിലും എന്തുകൊണ്ടോ പണം ഏത് പാര്‍ട്ടിയുടേതാണെന്ന് അറിയാത്ത മട്ടിലാണ് പോലീസ് മേധാവികളുടെ പ്രതികരണം. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ തിരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്; പണം കൊണ്ടുവന്നത് ഒരു ദേശീയപാര്‍ട്ടിക്കു വേണ്ടിയാണെന്നല്ലാതെ ആ പാര്‍ട്ടി ഏതെന്നു വ്യക്തമായിട്ടില്ലെന്നാണ്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒമ്പത് പേര്‍ ഇതിനകം പോലീസ് പിടിയിലായിട്ടുണ്ട്. ഇവരെയൊക്കെ പോലീസ് ചോദ്യം ചെയ്തു വരികയും ചെയ്യുന്നു. പണം കൊണ്ടുവന്നത് ഏത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നു കൃത്യമായ വിവരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതുമാണ്. എന്നിട്ടും പണത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ലെന്ന പോലീസ് ഭാഷ്യത്തില്‍ ദുരൂഹതയുണ്ട്. വാഹനത്തില്‍ കടത്തിക്കൊണ്ടു വന്ന ഹവാല പണം ബി ജെ പിയുടേതാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍ അത് പാര്‍ട്ടി സംസ്ഥാന ഘടകത്തിനും ദേശീയ നേതൃത്വത്തിനും കനത്ത തിരിച്ചടിയാകുമെന്നതിനാല്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പോലീസ് മേധാവികളുടെ ഒഴിഞ്ഞു മാറ്റം കേസ് അട്ടിമറി ശ്രമവുമായി കൂട്ടിവായിക്കാമോ?
ഹവാല പണക്കവര്‍ച്ചയില്‍ തൃശൂര്‍ ജില്ലയിലെ ചില നേതാക്കള്‍ക്ക് പങ്കുള്ളതായും ആരോപിക്കപ്പെടുന്നു. മത്സരരംഗത്തില്ലാത്ത രണ്ട് ജില്ലാ നേതാക്കള്‍ക്കും ബി ജെ പിയുടെ ഉത്തരമേഖലാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആര്‍ എസ് എസ് നിയോഗിച്ച നേതാവിനും നേരേയാണ് സംശയത്തിന്റെ മുന നീളുന്നത്. അറസ്റ്റിലായ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത് ഒരു പ്രമുഖ ജില്ലാ നേതാവിന്റെ ജൂനിയര്‍ വക്കീലാണെന്നതും സംഭവത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കുള്ള പങ്കിലേക്കു സൂചന നല്‍കുന്നു. സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ മാത്രമേ അടിമുടി ദൂരുഹതകള്‍ നിറഞ്ഞ ഈ സംഭവത്തിന്റെ യാഥാര്‍ഥ്യം പുറത്തു വരികയുള്ളൂ.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണമൊഴുക്കുന്നത് തിരഞ്ഞെടുപ്പുകളില്‍ പതിവു സംഭവമാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറ് കോടി രൂപ ഹവാല വഴികളിലൂടെ നീങ്ങിയതായി ഇക്കണോമിക് ഇന്റലിജന്‍സ് ഡിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ വിവിധ പാര്‍ട്ടിക്കാരുടെ പണമുണ്ടെങ്കിലും ബി ജെ പിയുടേതാണ് കൂടുതലെന്നും രാജ്യത്തെ പ്രമുഖ കുത്തകകളാണ് പ്രചാരണ രംഗത്തേക്ക് പണം ഒഴുക്കുന്നതെന്നും ചില വാര്‍ത്താ സ്രോതസ്സുകള്‍ വെളിപ്പെടുത്തി. 2014ല്‍ ബി ജെ പി ഏകദേശം 20,000 കോടി രൂപ വാരിവിതറിയെന്നാണ് ഒരു ബിസിനസ് പത്രം റിപ്പോര്‍ട്ട്‌ചെയ്തത്. ആശയാദര്‍ശങ്ങള്‍ക്കും പ്രകടന പത്രികകള്‍ക്കുമൊന്നും തിരഞ്ഞെടുപ്പുകളില്‍ യാതൊരു പ്രസക്തിയുമില്ലാതായി. പണമാണ് നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതും അതിന്റെ ഭാവി നിര്‍ണയിക്കുന്നതും. ഭരണകൂടങ്ങള്‍ സാധാരണക്കാരെ മറന്ന് കുത്തകകളെ സേവിക്കുന്നതിനു പിന്നിലെ പ്രചോദനവും മറ്റൊന്നല്ല.
source http://www.sirajlive.com/2021/05/01/477547.html
Post a Comment