കൊച്ചി | വൈഗയെന്ന പതിമൂന്നുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ പിതാവ് സനുമോഹനെ കേരളത്തിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ്സനുമോഹനെ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്. മകള്‍ വൈഗയെ മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിറകെ കാണാതായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സനു മോഹനെ ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് കര്‍ണാടക പോലീസ് പിടികൂടിയത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സാമ്പത്തിക ബാധ്യതയാല്‍ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായാണ് അറിയുന്നത്. മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെങ്കിലും ഭയം കാരണം ആത്മഹത്യ ചെയ്യാനായില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
കൂടുതല്‍ വിവരങ്ങള്‍ രാവിലെ പതിനൊന്നരക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.
കര്‍ണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതിനിടെയാണ് കൊല്ലൂരില്‍വെച്ച് പിടിയിലായത്. കര്‍ണാടക പോലീസ് സനുവിനെ കൊച്ചി സിറ്റി പോലീസിന് കൈമാറി. ഞായറാഴ്ച രാത്രിതന്നെ സനുവിനെകൂട്ടി പോലീസ് കൊച്ചിയിലേക്ക് തിരിച്ചിരുന്നു.കൊല്ലൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന സനു ഹോട്ടലില്‍ പണം നല്‍കാതെ മുങ്ങിയതിനെത്തുടര്‍ന്ന് കൊല്ലൂര്‍ ബീന റെസിഡന്‍സി ജീവനക്കാര്‍ പോലീസിനെ അറിയിച്ചു.സനുവിനെ പിന്തുടര്‍ന്ന് കാര്‍വാറില്‍വെച്ച് പിടികൂടുകയായിരുന്നു.
മാര്‍ച്ച് 21ന് രാത്രിയാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതായത്. വൈഗയെ പിറ്റേന്ന് ഇടപ്പള്ളി മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ സനുമോഹനെ കണ്ടെത്താനായിരുന്നില്ല.
source
http://www.sirajlive.com/2021/04/19/475925.html
Post a Comment