ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളം; നേമത്തെ അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്യും

കണ്ണൂര്‍ | ബി ജെ പിക്ക് വളരാവുന്ന മണ്ണല്ല കേരളമെന്ന് അവരുടെ അഖിലേന്ത്യ നേതാക്കള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മതനിരപേക്ഷതയുടെ ശക്തിദുര്‍ഗമായാണ് കേരളം നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് തള്ളിവിടാനും ആര്‍ എസ് എസ് നടത്തിയ നീക്കം ഒരു ഘട്ടത്തിലും ഇവിടെ വിജയിപ്പിക്കാനായിട്ടില്ല. അതിനെതിരെ നിതാന്ത ജാഗ്രത കേരളത്തില്‍ പൊതുവില്‍ മതനിരപേക്ഷ ശക്തികള്‍ പാലിച്ചിട്ടുണ്ട്. അതിന്റെ മുന്‍പന്തിയില്‍ ഇടതുപക്ഷം നിന്നിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതാക്കള്‍ കേരളത്തെ കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാനാകുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസും യു ഡി എഫും സഹായിച്ചതു കൊണ്ടാണ് ബി ജെ പിക്ക് നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാനായതെന്നും പിണറായി വിമര്‍ശിച്ചു. നേമത്ത് കഴിഞ്ഞ തവണ ബി ജെ പി തുറന്ന അക്കൗണ്ട് ഇത്തവണ എല്‍ ഡി എഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസന കാര്യങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവര്‍ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാല്‍ ജനം അത് തിരിച്ചറിയും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. കേരളത്തെ എപ്പോഴും ഇകഴ്ത്തി കാട്ടാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. വര്‍ഗീയതക്ക് കീഴ്‌പ്പെടുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രത്യേകത. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം, ശിക്ഷിക്കാം എന്നാണ് അവരുടെ നിലപാട്. അതിനുള്ള ശ്രമമാണ് സംഘപരിവാര്‍ എല്ലാ കാലത്തും നടത്തിയത്.

അദാനിയുമായി പുതിയ കരാറുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ എസ് ഇ ബിക്ക് കരാര്‍. അദാനിയുമായി കരാറില്ലെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു



source http://www.sirajlive.com/2021/04/03/474009.html

Post a Comment

Previous Post Next Post